print edition കോർപറേഷനിലെ സ്ഥാനാർഥി നിർണയം, കോഴിക്കോട് ഡിസിസിയിൽ തമ്മിൽത്തല്ല്

കോഴിക്കോട് : കോർപറേഷനിലെ സ്ഥാനാർഥി നിർണയത്തെച്ചൊല്ലി കോഴിക്കോട് ഡിസിസി ഓഫീസിൽ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ കൈയാങ്കളി. വെള്ളിയാഴ്‌ച രാത്രിയാണ് സംഭവം. മുസ്ലിംലീഗ് നേതാവ് എം കെ മുനീറിന്റെ വീട്ടിൽ പ്രാഥമിക ചർച്ച നടത്തിയശേഷം ഡിസിസിയിൽ എത്തിയപ്പോഴായിരുന്നു തമ്മിൽതല്ല്. മണ്ഡലം പ്രസിഡന്റുമാരായിരുന്ന വിൽഫ്രഡ്, സുകുമാരൻ, ധനേഷ്, റഫീഖ് എന്നിവർക്ക് വേണ്ടിയായിരുന്നു തല്ല്.
സ്വയം സ്ഥാനാർഥിത്വം പ്രഖ്യാപിച്ചു രംഗത്തെത്തിയ മണ്ഡലം പ്രസിഡന്റുമാരും ഇവരെ പിന്തുണച്ചെത്തിയ പ്രവർത്തകരുമായാണ് മറ്റ് പ്രവർത്തകർ ഇടഞ്ഞത്. വയനാട് റോഡിലെ പുതിയ ഡിസിസി ഓഫീസിലെ ഉമ്മൻചാണ്ടി ഹാളിൽ നടന്ന സ്ഥാനാർഥി നിർണയ ചർച്ചയിൽ തർക്കം രൂക്ഷമാകുകയും പരസ്‌പരം കൈയാങ്കളിയിലെത്തുകയുമായിരുന്നു. കസേരകൾ ഉൾപ്പെടെ ഫർണിച്ചറുകൾ തകർത്തു. ജീവനക്കാർ ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാറിനെ വിവരമറിയിച്ചതിനെ തുടർന്ന് ഓഫീസിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു.
ഓഫീസിൽവന്ന് പ്രശ്നമുണ്ടാക്കിയവർക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് നേതൃത്വം പറയുന്നത്. സ്ഥാനാർഥിമോഹികളായ നാല് പേരെയും മാറ്റി നടക്കാവ് വാർഡിൽ പുതിയൊരാളെ മത്സരിപ്പിക്കാനാണ് ഡിസിസിയുടെ നീക്കം. എന്നാൽ സംഭവം അന്വേഷിക്കാൻ നിർദേശിച്ച ഡിസിസി പ്രസിഡന്റ് വാർത്താസമ്മേളനത്തിൽ ഓഫീസിൽ തല്ലേയുണ്ടായില്ലെന്ന് അവകാശപ്പെട്ട് മാധ്യമങ്ങളെ കുറ്റപ്പെടുത്തി.
ജില്ലാ പഞ്ചായത്തിൽ പെയ്‌ഡ് സീറ്റെന്ന്
അതേസമയം ജില്ലാ പഞ്ചായത്തിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ പേമെന്റ് സീറ്റ് ആരോപണവും ഉയർന്നു. പാർടിയിൽ സജീവമല്ലാത്ത പ്രവാസി വ്യവസായിക്ക് പണം വാങ്ങി സീറ്റ് വിൽക്കാൻ ധാരണയായെന്ന് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നു. പുതുപ്പാടിയിലെ സ്ഥാനാർഥിത്വം സംബന്ധിച്ചാണ് പ്രധാന നേതാക്കളടക്കം പരാതി ഉയർത്തിയിട്ടുള്ളത്. കഴിഞ്ഞ ദിവസം നടന്ന ജില്ലാ നേതൃയോഗത്തിൽ ഇതേപ്പറ്റി രൂക്ഷമായ തർക്കമുണ്ടായി. അതിനാൽ പുതുപ്പാടി സീറ്റ് സംബന്ധിച്ച അന്തിമ തീരുമാനമെടുക്കാൻ സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടതായാണ് വിവരം. ആരോപണത്തെ തുടർന്ന് ഏഴ് സ്ഥാനാർഥികളെ മാത്രമേ കോൺഗ്രസ് പ്രഖ്യാപിച്ചിട്ടുള്ളൂ.









0 comments