കോഴിക്കോട് അതിരൂപത: ആർച്ച് ബിഷപ്പ് സ്ഥാനാരോഹണം മെയ് 25ന്

Calicut Archdiocese.jpg
വെബ് ഡെസ്ക്

Published on Apr 17, 2025, 06:19 PM | 1 min read

കോഴിക്കോട്: കോഴിക്കോട് അതിരൂപതയുടെ പ്രഥമ ആർച്ച് ബിഷപ്പായി ഡോ. വർഗീസ് ചക്കാലക്കൽ മെയ് 25ന് സ്ഥാനമേറ്റെടുക്കും. കോഴിക്കോട്ടെ സിറ്റി സെന്റ് ജോസഫ്സ് ചർച്ച് ഗ്രൗണ്ടിൽ പ്രത്യേകം തയാറാക്കിയ പന്തലിൽ വൈകിട്ട് മൂന്നിനാണ് ചടങ്ങ്. മെത്രാൻമാരും വിശിഷ്ട വ്യക്തികളും സംബന്ധിക്കും.


ഏപ്രിൽ 12ന് വൈകുന്നേരമാണ് ലത്തീൻ കത്തോലിക്കാ സഭയുടെ കോഴിക്കോട് രൂപതയെ അതിരൂപതയായി ഉയർത്തിയത്. ഇതോടെ മലബാർ മേഖലയിലെ ആദ്യ ലത്തീൻ അതിരൂപതയായി കോഴിക്കോട്‌ രൂപത മാറി. 1923 ജൂൺ 12നാണ് കോഴിക്കോട്‌ രൂപത നിലവിൽ വന്നത്. രൂപീകരണത്തിന്റെ 102 വർഷം പിന്നിടുമ്പോഴാണ് അതിരൂപതയായി മാറുന്നത്‌. ഇതോടെ ലത്തീൻ സഭക്ക് മൂന്ന് അതിരൂപതകളായി. വരാപ്പുഴ, തിരുവനന്തപുരം എന്നിവയായിരുന്നു നേരത്തെയുണ്ടായിരുന്നവ.


കോഴിക്കോട്‌ രൂപതയ്‌ക്ക്‌ കീഴിൽ വിവിധ പള്ളികളിൽ സേവനമനുഷ്ഠിച്ച്‌ വിശ്വാസികളും സമൂഹത്തിലെ വിവിധ വിഭാഗം ജനങ്ങളുമായി ഉണ്ടാക്കിയെടുത്ത ഊഷ്‌മള ബന്ധത്തിന്റെ കരുത്തിലാണ്‌ ഡോ. വർഗീസ്‌ ചക്കാലയ്‌ക്കൽ ഉന്നതമായ പൗരോഹിത്യ പദവിയിലേക്കെത്തുന്നത്‌.


തൃശൂർ മാള സ്വദേശിയായ അദ്ദേഹം 1981 ഏപ്രിൽ രണ്ടിനാണ്‌ പൗരോഹിത്യ പട്ടം സ്വീകരിച്ചത്‌. 1986ൽ ദൈവശാസ്‌ത്രത്തിൽ ഉന്നത ബിരുദവും മൈസൂർ സർവകലാശാലയിൽനിന്ന്‌ സാമ്പത്തിക ശാസ്‌ത്രത്തിൽ എംഎയും സ്വന്തമാക്കി. 1987 മുതൽ 91 വരെ മംഗളൂരു സെന്റ്‌ ജോസഫ്‌ മേജർ സെമിനാരിയിൽ പ്രൊഫസറായും ഡീൻ ഓഫ്‌ സ്റ്റഡീസായും പ്രവർത്തിക്കപ്പെട്ടു.


കണ്ണൂർ രൂപതയുടെ പ്രഥമ മെത്രാനായി. കണ്ണൂർ രൂപതയുടെ വികസനത്തിനായി നിരവധി പ്രവർത്തനങ്ങളാണ്‌ ഏറ്റെടുത്ത്‌ നടപ്പാക്കിയത്‌. 2012ലാണ്‌ കോഴിക്കോട്‌ രൂപതാ ബിഷപ്പായി നിയമിതനായത്‌. കെആർഎൽസിസി ആൻഡ്‌ കെആർഎൽസിബിസി പ്രസിഡന്റ്‌, സിസിബിഐ ജനറൽ സെക്രട്ടറി, കെസിബിസി വൈസ്‌ പ്രസിഡന്റ്‌, സിസിബിഐ കമീഷൻ അധ്യക്ഷൻ, ആലുവ കർമലഗിരി സെമിനാരി കമീഷൻ അധ്യക്ഷൻ, മംഗളൂരു മേജർ സെമിനാരി ബോർഡംഗം, കെസിബിസി കരിസ്‌മാറ്റിക്‌ കമീഷൻ ചെയർമാൻ, തിയോളജി കമീഷൻ ചെയർമാൻ തുടങ്ങിയ പദവികളും വഹിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home