കേരളം കടക്കെണിയിലല്ല ; രാജ്യത്ത് 15-–ാംസ്ഥാനത്ത് , സിഎജിയുടെ റിപ്പോർട്ട്

തിരുവനന്തപുരം
രാജ്യത്തെ 28 സംസ്ഥാനങ്ങളുടെ ധനസ്ഥിതി അവലോകനംചെയ്‌ത് കംപട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ തയ്യാറാക്കിയ റിപ്പോർട്ടുപ്രകാരം മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെയും കടത്തിന്റെയും അനുപാതത്തിൽ കേരളം പതിനഞ്ചാമത്. 2022–23വരെയുള്ള പത്തു വർഷത്തെ സംസ്ഥാനങ്ങളുടെ കണക്ക് പരിശോധിച്ച് തയ്യാറാക്കിയ റിപ്പോർട്ടിലാണിത്. കേരളം കടക്കെണിയിലെന്ന് വാർത്ത എഴുതിയവർക്കും അതേറ്റുപിടിച്ച പ്രതിപക്ഷത്തിനുമുള്ള ശക്തമായ മറുപടിയാണ് സിഎജിയുടെ റിപ്പോർട്ട്.
സംസ്ഥാനങ്ങളിൽ എട്ടെണ്ണത്തിനു മുപ്പതു ശതമാനത്തിൽ അധികം പൊതുകടമുണ്ട്. 14 സംസ്ഥാനങ്ങളുടെ പൊതുകടം 20 ശതമാനത്തിനും 30നും ഇടയിലാണ്. ഇതിലാണ് കേരളത്തിന്റെ സ്ഥാനം. കേരളത്തിന്റെ പൊതുകടം 24.71 ശതമാനമാണ്. ഇത് 2023വരെയുള്ള റിപ്പോർട്ടാണെങ്കിലും അതിനുശേഷവും കേരളത്തിന്റെ പൊതുകടം കുറഞ്ഞതായാണ് ബജറ്റ് രേഖകൾ വ്യക്തമാക്കുന്നത്. 2023–24 ൽ 23.38 ശതമാനമായും 24-–25 ൽ 23.33 ശതമാനമായും പൊതുകടം കുറഞ്ഞു. അപകടകരമായ സ്ഥിതിയിലല്ല കേരളം എന്ന് സിഎജി റിപ്പോർട്ടിലും ആവർത്തിക്കുന്നു.
കേരളം നികുതിപിരിവിൽ പിന്നിലാണെന്ന് രേഖകളുടെ അടിസ്ഥാനമില്ലാതെ വിമർശിക്കുന്ന പ്രതിപക്ഷ നേതാവുൾപെടെയുള്ള കോൺഗ്രസ് നേതാക്കൾക്കും യുഡിഎഫ് അനുകൂല മാധ്യമങ്ങൾക്കുള്ള മറുപടിയും സിഎജി റിപ്പോർട്ടിലുണ്ട്. രാജ്യത്ത് ആകെ റവന്യൂ വരുമാനത്തിന്റെ 60 ശതമാനത്തിനുമുകളിൽ തനതു വരുമാനമുള്ള എട്ട് സംസ്ഥാനങ്ങളിലൊന്നാണ് കേരളം. 65.61 ശതമാനമാണ് സംസ്ഥാനത്തിന്റെ തനത് വരുമാനം. മാത്രമല്ല, ഇത് ഇരട്ടിയിലേറെയായി വളർന്നു.









0 comments