രുചി വിളമ്പി ഹിറ്റായി കുടുംബശ്രീ പ്രീമിയം കഫെ

തിരുവനന്തപുരം : പ്രീമിയം രുചി വിളമ്പി ഒരു വർഷത്തിൽ കുടുംബശ്രീ നേടിയത് അഞ്ചുകോടിയുടെ വിറ്റുവരവ്. പ്രവർത്തനം ആരംഭിച്ച് ഒരു വർഷത്തിനുള്ളിലാണ് സംസ്ഥാനത്തെ അഞ്ച് പ്രീമിയം കഫേ റെസ്‌റ്റോറന്റുകൾ വഴി വനിതാ സംരംഭകർ കൈനിറയെ നേട്ടം സ്വന്തമാക്കിയത്. എറണാകുളം (അങ്കമാലി), തൃശൂർ (ഗുരുവായൂർ), വയനാട് (മേപ്പാടി), പത്തനംതിട്ട (പന്തളം), കണ്ണൂർ ജില്ലകളിലെ കഫേ റസ്‌റ്റോറന്റുകളുടേതാണ് ഈ വിജയം. ഗുരുവായൂരിൽ 1,74,93,028 രൂപയും അങ്കമാലിയിൽ 1,49,39,825 രൂപയും മേപ്പാടിയിൽ 82,03,485 രൂപയും വിറ്റുവരവ് ലഭിച്ചു. പത്തനംതിട്ടയിൽ 59,63,620 രൂപയും കണ്ണൂരിൽ 61,60,979 രൂപയുമാണ് വിറ്റുവരവ്.
കഴിഞ്ഞ വർഷം ആദ്യം അങ്കമാലിയിലാണ് പ്രീമിയം കഫേ റെസ്റ്റോറന്റ് ശൃംഖലയ്ക്ക് തുടക്കമിട്ടത്. രണ്ടാംഘട്ടം ഈമാസം കോട്ടയം (കുറവിലങ്ങാട്), കോഴിക്കോട് (കൊയിലാണ്ടി), കാസർകോട്, മലപ്പുറം, തിരുവനന്തപുരം ജില്ലകളിലും തുടങ്ങി. മികച്ച അടിസ്ഥാന സൗകര്യങ്ങളും ഗുണനിലവാരവും വൈവിധ്യവുമുള്ള ഭക്ഷ്യവിഭവങ്ങളും സേവനങ്ങളുമാണ് പ്രീമിയം കഫേയ്ക്ക് മികച്ച സ്വീകാര്യത നേടിക്കൊടുത്തത്. ഇതോടെ മറ്റു ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിച്ചു. ക്യാന്റീൻ കാറ്ററിങ് മേഖലയിൽ പ്രവർത്തിക്കുന്ന മികച്ച വനിതാ സംരംഭകരുടെ നേതൃത്വത്തിലാണ് റസ്‌റ്റോറന്റുകളുടെ പ്രവർത്തനം. പാചകം, ഭക്ഷണ വിതരണം, ബില്ലിങ്, ക്ലീനിങ്, പാഴ്സൽ സർവീസ് തുടങ്ങിയവയെല്ലാം വനിതകൾ തന്നെയാണ് നിർവഹിക്കുന്നത്. നിലവിൽ ഇരുനൂറിലേറെ വനിതകൾക്ക് മികച്ച തൊഴിലും വരുമാനവും ഉറപ്പു വരുത്താൻ പദ്ധതി സഹായകമാകുന്നുണ്ട്.









0 comments