ജനാർദനനോട് സി സദാനന്ദനും കൂട്ടർക്കും പകയുണ്ടായിരുന്നുവെന്ന വെളിപ്പെടുത്തൽ മുമ്പേയുള്ളത്
‘ജനാർദനനുമായി ചൂടേറിയ വാക്കുതർക്കമുണ്ടായി’

കണ്ണൂർ
ആർഎസ്‌എസ്സുകാർ മർദിച്ച് ജീവച്ഛവമാക്കിയ പെരിഞ്ചേരിയിലെ പി എം ജനാർദനനോട് സി സദാനന്ദനും കൂട്ടർക്കും പകയുണ്ടായിരുന്നുവെന്ന വെളിപ്പെടുത്തൽ മുമ്പേയുള്ളത്. പ്രശസ്‌ത പത്രപ്രവർത്തകൻ എൻ പി ഉല്ലേഖ് ഇംഗ്ലീഷിൽ എഴുതിയ ‘കണ്ണൂർ’ ഗവേഷണ ഗ്രന്ഥത്തിലാണ് ജനാർദനന് ആർഎസ്‌എസ് മർദനമേറ്റ സംഭവം വിവരിക്കുന്നത്.
‘സ്ഥലത്തെ സിപിഐ എം വീടുകളിലെ കുട്ടികളെ സി സദാനന്ദൻ നിർബന്ധിച്ച് ആർഎസ്‌എസ് ശാഖയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചിരുന്നു. ഇതിനെതിരെ ബന്ധുകൂടിയായ ജനാർദനൻ, സദാനന്ദനെ ചോദ്യംചെയ്‌തു. ഇവർ തമ്മിൽ ചൂടേറിയ വാക്കുതർക്കവുമുണ്ടായി. ഇതേത്തുടർന്നാണ് പി എം ജനാർദനന് ആർഎസ്‌എസ്സുകാരുടെ മർദനമേൽക്കുന്നത്’- എന്ന് പുസ്‌തകത്തിൽ പറയുന്നു.
‘‘സദാനന്ദന്റെ പിതാവ് പരേതനായ കുഞ്ഞിരാമൻനമ്പ്യാരും ചില അമ്മാവന്മാരും സിപിഐ എം പ്രവർത്തകരായിരുന്നു. കുടുംബത്തിൽനിന്ന് മറ്റു കുട്ടികളെക്കൂടി ആർഎസ്‌എസ് ശാഖയിലേക്ക് കൊണ്ടുപോകുന്നതിനെ ജനാർദനനും മറ്റും തടഞ്ഞത്, ആർഎസ്‌എസുകാരിൽ ദേഷ്യമുണ്ടാക്കി. ഇതാണ് മട്ടന്നൂർ ബസ്‌സ്‌റ്റാൻഡിന് സമീപംവച്ച് ജനാർദനനെ ആക്രമിക്കാൻ കാരണം. അദ്ദേഹം ഇപ്പോഴും മുടന്തിയാണ് ജീവിക്കുന്നത്’’ എന്നും പുസ്‌തകത്തിലുണ്ട്.
‘‘ഈ സംഭവത്തിന്റെ തുടർച്ചയായി സദാനന്ദനെ ആക്രമിക്കുന്നു. മണിക്കൂറുകൾക്കകം എസ്‌എഫ്‌ഐ നേതാവ് കെ വി സുധീഷിനെ പരിചയക്കാരായ ആർഎസ്‌എസുകാർതന്നെ വെട്ടിക്കൊല്ലുന്നു. പ്രദേശത്ത് എന്ത് പ്രശ്‌നമുണ്ടായാലും, പരിചയമുള്ളതിനാൽ തനിക്ക് കുഴപ്പമുണ്ടാകില്ല എന്നു വിചാരിച്ചാണ് സുധീഷ് അന്ന് വീട്ടിൽ കഴിഞ്ഞത്. പ്രായമായ മാതാപിതാക്കളുടെ മുന്നിലിട്ട്, അടുത്ത പരിചയമുള്ള ആർഎസ്‌എസുകാർതന്നെയാണ് വെട്ടിയരിഞ്ഞത്’’–- പുസ്‌തകത്തിൽ വിവരിക്കുന്നു.









0 comments