ആർഎസ്‌എസ്‌ നേതാവ് ‘വിശിഷ്‌ടവ്യക്തി’യായി രാജ്യസഭയിലേക്ക്‌

സി സദാനന്ദന്റെ നാമനിർദേശം ഭരണഘടനയ്‌ക്ക്‌ വിരുദ്ധം

c sadanandan
വെബ് ഡെസ്ക്

Published on Jul 14, 2025, 01:06 AM | 1 min read


ന്യൂഡൽഹി

കണ്ണൂരിലെ ആർഎസ്‌എസ്‌ നേതാവ് സി സദാനന്ദനെ ‘വിശിഷ്‌ട വ്യക്തിത്വ’മാക്കി രാജ്യസഭയിലേക്ക്‌ നാമനിർദേശം ചെയ്‌തു. ‘സാമൂഹ്യപ്രവർത്തകൻ’ എന്ന വിശേഷണത്തോടെ സദാനന്ദനെ നാമനിർദേശംചെയ്‌ത നടപടി ഭരണഘടനാ സങ്കൽപ്പങ്ങൾക്ക്‌ വിരുദ്ധം. കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന വൈസ്‌ പ്രസിഡന്റായി നിയമിക്കപ്പെട്ട സി സദാനന്ദൻ 31 വർഷം മുമ്പ്‌ ബന്ധുവായ സിപിഐ എം ബ്രാഞ്ച്‌ സെക്രട്ടറി പി എം ജനാർദനനെ രണ്ടു കാലും വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയായിരുന്നു.


കല, ശാസ്‌ത്രം, സാഹിത്യം, കായികം തുടങ്ങി വിവിധ മേഖലകളിൽ പ്രാഗല്ഭ്യം തെളിയിച്ച്‌ രാജ്യത്തിന്റെ അഭിമാനമായവരെ രാജ്യസഭയിലേക്ക്‌ നേരിട്ട്‌ നാമനിർദേശം ചെയ്യുന്നതാണ്‌ കീഴ്‌വഴക്കം.


ഭരണഘടനയുടെ നാലാം ഷെഡ്യൂളിലെ അനുഛേദം 80 പ്രകാരം രാജ്യസഭയിലേക്ക്‌ 12 വിശിഷ്‌ട വ്യക്തികളെ നാമനിർദേശം ചെയ്യാൻ രാഷ്‌ട്രപതിക്ക്‌ അധികാരമുണ്ട്‌. രാജ്യസഭയുടെ ബൗദ്ധിക നിലവാരവും ഗരിമയും വർധിപ്പിക്കുകയാണ്‌ ലക്ഷ്യം.

സച്ചിൻ ടെൻഡുൽക്കർ, ലതാ മങ്കേഷ്‌കർ, എം എസ്‌ സ്വാമിനാഥൻ, ഫാലി എസ്‌ നരിമാൻ, അമൃതാ പ്രീതം, എം എഫ്‌ ഹുസൈൻ, ശ്യാം ബെനഗൽ, മൃണാൾ സെൻ, ശിവാജി ഗണേശൻ, ജി ശങ്കരക്കുറുപ്പ്‌, കുൽദീപ്‌ നയ്യാർ, വൈജയന്തിമാല, കെ കസ്‌തൂരിരംഗൻ തുടങ്ങിയവരാണ്‌ മുമ്പ്‌ നാമനിർദേശം ചെയ്യപ്പെട്ടവരിൽ ചിലർ. ഈ ഗണത്തിലേക്ക്‌ രാഷ്‌ട്രപതി നാമനിർദേശംചെയ്‌ത സദാനന്ദൻ ബിജെപി, ആർഎസ്‌എസ്‌ സംഘടനാപ്രവർത്തനങ്ങൾക്കപ്പുറം എന്ത്‌ സംഭാവനയാണ്‌ രാജ്യത്തിന്‌ നൽകിയതെന്ന ചോദ്യമാണുയരുന്നത്‌. സ്‌കൂൾ അധ്യാപകൻ, ദേശീയ അധ്യാപക പരിഷത്ത്‌ മുൻ നേതാവ്‌, ജന്മഭൂമി സബ്‌ എഡിറ്റർ, ആകാശവാണി കാഷ്വൽ അനൗൺസർ, ബിജെപിയുടെ സംഘടനാവിഷയങ്ങളെക്കുറിച്ച്‌ കോളം എഴുതുന്നയാൾ എന്നിങ്ങനെയാണ്‌ സദാനന്ദന്റെ വിശേഷണങ്ങൾ.


ബിജെപി അധികാരത്തിലേറിയശേഷം രാജ്യസഭാ നാമനിർദേശങ്ങളിൽ രാഷ്‌ട്രീയലക്ഷ്യങ്ങൾക്കാണ്‌ മുൻതൂക്കം. മോദിയെയും ബിജെപിയെയും പുകഴ്‌ത്തുന്നവർക്കാണ്‌ പ്രഥമപരിഗണന. സദാനന്ദന്‌ പുറമെ മുൻ നയതന്ത്രജ്ഞൻ ഹർഷ്‌ വർധൻ ശൃംഗ്ല, മുംബൈ ഭീകരാക്രമണ കേസിലെ സ്‌പെഷ്യൽ പബ്ലിക്‌ പ്രോസിക്യൂട്ടറായിരുന്ന ഉജ്ജ്വൽ നികം, ചരിത്രകാരി ഡോ. മീനാക്ഷി ജയിൻ എന്നിവരുൾപ്പെടെ നാലുപേരെയാണ്‌ രാജ്യസഭയിലേക്ക്‌ നാമനിർദേശം ചെയ്‌തത്‌.



deshabhimani section

Related News

View More
0 comments
Sort by

Home