കെട്ടിടനികുതി ഭേദഗതി നിയമം ; നികുതി നിർണയിക്കാൻ റവന്യുവകുപ്പ് അളവെടുപ്പ് പുനരാരംഭിക്കും

തിരുവനന്തപുരം
നികുതി നിർണയത്തിന് കെട്ടിടങ്ങളുടെ അളവെടുപ്പ് പുനരാരംഭിക്കാൻ റവന്യു വകുപ്പ് വില്ലേജ് ഓഫീസർമാർക്ക് നിർദേശം നൽകി. കേരള കെട്ടിട നികുതി നിയമത്തിൽ 2023ൽ വരുത്തിയ ഭേദഗതിപ്രകാരമുള്ള നികുതി നിർണയിക്കാനാണിത്. തദ്ദേശസ്ഥാപനങ്ങൾ വസ്‌തു നികുതി നിർണയത്തിന് ശേഖരിക്കുന്ന അളവുകളാണ് റവന്യു വകുപ്പ് അടിസ്ഥാനമാക്കിയിരുന്നത്.
ഭേദഗതി നിയമം പ്രാബല്യത്തിൽവന്ന 2024 ജൂൺ ഏഴിനോ ശേഷമോ നിർമാണം പൂർത്തിയാക്കിയതോ ഒക്യുപൻസി സർട്ടിഫിക്കറ്റ് ലഭിച്ചതോ ആയ കെട്ടിടങ്ങൾക്ക് ദേഭഗതി നിയമപ്രകാരം കെട്ടിട നികുതി, അധിക നികുതി, കെട്ടിടനികുതി സെസ് ചുമത്തും.1992നു ശേഷം നിർമാണം പൂർത്തിയാക്കിയ കെട്ടിടത്തിൽ, ഭേദഗതി നിയമത്തിനുശേഷം കൂട്ടിച്ചേർക്കൽ നടത്തിയിട്ടുണ്ടെങ്കിൽ തദ്ദേശസ്ഥാപനങ്ങളുടെ സൊഫ്‌റ്റ്‌വെയർ പരിശോധിച്ച് കെട്ടിടനികുതി കണക്കാക്കാം. ആദ്യം കെട്ടിടത്തിന് നിർണയിച്ച നികുതി കുറവുചെയ്യണം. നോട്ടീസുകളിലും നികുതി നിർണയ ഉത്തരവുകളിലും ആഡംബര നികുതി എന്ന വാക്കിനു പകരം അധികനികുതി എന്ന് ഉപയോഗിക്കണം.
കെട്ടിടം ആൾത്താമസമുള്ളതാണോ എന്ന് വില്ലേജ് ഓഫീസർ പരിശോധിച്ച് സ്‌കെച്ച് തയ്യാറാക്കണം. ഫ്ലാറ്റുകളിലെ പൊതു ഉപയോഗ കെട്ടിട ഭാഗങ്ങളുടെ നികുതി, ഉടമകൾ നൽകണം. ആകെ തറവിസ്‌തീർണം കണക്കാക്കി, ഓരോ ഫ്ലാറ്റിന്റെയും വിസ്‌തീർണത്തിന് ആനുപാതികമായി നികുതി നിർണയിക്കും.
കെട്ടിടത്തിന് തദ്ദേശസ്ഥാപനം പെർമിറ്റോ ഒക്യുപെൻസി സർട്ടിഫിക്കറ്റോ നൽകിയിട്ടില്ലെങ്കിൽ വില്ലേജ് ഓഫീസർ അളന്ന് നികുതി നിർണയിക്കണം. താമസിക്കാനല്ലാത്ത കെട്ടിടങ്ങളിലെ ഷീറ്റ് പാകിയ മേൽക്കൂര, കൂട്ടിച്ചേർക്കൽ എന്നിവയുടെ നികുതി നിർണയിക്കാനും വില്ലേജ് ഓഫീസർ കെട്ടിടം അളന്ന് സ്കെച്ച് തയ്യാറാക്കണമെന്നും മാർഗനിർദേശത്തിൽ പറയുന്നു.









0 comments