തകരാർ പരിഹരിക്കാനായില്ലെങ്കിൽ യുദ്ധവിമാനം എയർലിഫ്‌റ്റ് ചെയ്യും


സ്വന്തം ലേഖകൻ
Published on Jul 05, 2025, 09:43 AM | 1 min read
തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തിയ അമേരിക്കൻ നിർമിത എഫ്-35ബി ബ്രിട്ടീഷ് യുദ്ധവിമാനത്തിന്റെ സാങ്കേതിക തകരാർ പരിഹരിക്കാൻ നാൽപ്പതംഗ സംഘം ശനിയാഴ്ച എത്തും. ഗുരുതരമായ തകരാറായതിനാൽ യുദ്ധവിമാനം എയർലിഫ്റ്റ് ചെയ്യാനാണ് ആലോചന. ഇതിനുള്ള മുന്നൊരുക്കങ്ങളും ആരംഭിച്ചു. സൈനികർ ഉൾപ്പെടെയുള്ള സംഘം വിമാനം വലിച്ചു മാറ്റാനുള്ള ഉപകരണങ്ങളുമായാണ് എത്തുന്നത്. നിർത്തിയിട്ട ഭാഗത്തുവച്ചു തന്നെ തകരാർ പരിഹരിക്കാനുള്ള ശ്രമം നടത്തും. കഴിഞ്ഞില്ലെങ്കിൽ എയർ ഇന്ത്യ ഹാങ്ങറിലേക്ക് വിമാനം വലിച്ചുനീക്കിക്കൊണ്ടുപോകും. അതിനുശേഷം എയർലിഫ്റ്റ് ചെയ്യുന്നത് സംബന്ധിച്ച് അന്തിമതീരുമാനമെടുക്കും. തകരാർ പരിഹരിക്കാൻ കഴിയില്ലെന്ന് ഉറപ്പായാൽ ചരക്കുവിമാനമായ സി-17 ഗ്ലോബ്മാസ്റ്റർ വിമാനമെത്തിച്ച് എയർലിഫ്റ്റ് ചെയ്യും.
യുദ്ധവിമാനത്തെ ഗ്ലോബ്മാസ്റ്ററിൽ കയറ്റണമെങ്കിൽ ചിറകുകൾ അഴിച്ചുമാറ്റേണ്ടി വരും. 14 മീറ്റർ നീളവും 11 മീറ്റർ ചിറകുവിസ്താരവുമാണ് എഫ്-35 ബി വിമാനത്തിന്. ഈ പ്രക്രിയ ചെയ്യാൻ വിമാന നിർമാണ കമ്പനിയായ ലോക്ക്ഹീഡ് മാർട്ടിൻ പരിശീലിപ്പിച്ച എൻജിനീയർമാർക്ക് മാത്രമേ കഴിയൂ. വിമാന ഭാഗങ്ങൾ അഴിച്ചുമാറ്റുമ്പോൾ ബ്രിട്ടീഷ് സൈന്യം സൂക്ഷ്മമായി നിരീക്ഷിക്കും. റെക്കോഡും ചെയ്യും.
2019ൽ അമേരിക്കയിലെ എഫ്-35 വിമാനത്തിന്റെ ചിറക് അഴിച്ചുമാറ്റി വ്യോമമാർഗം കൊണ്ടുപോയിട്ടുണ്ട്. ഫ്ലോറിഡയിലെ എഗ്ലിൻ എയർഫോഴ്‌സ് ബേസിൽനിന്ന് ഒരു എഫ്-35 ലൈറ്റ്നിങ് 2 വിമാനം സി-17 ഗ്ലോബ്മാസ്റ്റർ ഉപയോഗിച്ച് യൂട്ടായിലെ ഹിൽ എയർഫോഴ്‌സ് ബേസിലേക്കാണ് അന്ന് മാറ്റിയത്. 2025-ൽ ദക്ഷിണ കൊറിയയിൽ ഒരു എഫ്-35എ വിമാനം റോഡ് മാർഗം മാറ്റാനും ചിറകുകൾ നീക്കിയിരുന്നു.
ബ്രിട്ടീഷ് നാവികസേന ഉപയോഗിക്കുന്ന, അമേരിക്കൻ നിർമിത എഫ്-35ബി സ്റ്റെൽത്ത് ഫൈറ്റർ വിമാനമാണ് അടിയന്തരമായി നിലത്തിറക്കിയത്. ഇത്രയും ദിവസം സൂക്ഷിച്ചതിനും സംരക്ഷിച്ചതിനുമുള്ള ഫീസ് പൂർണമായും നൽകിയാകും വിമാനം കൊണ്ടുപോകുക. വിമാനത്തിന്റെ സാങ്കേതികവിദ്യ അമേരിക്ക മറ്റു രാജ്യങ്ങൾക്ക് കൈമാറാത്തതാണ് അറ്റകുറ്റപ്പണിക്ക് കാലതാമസമുണ്ടാക്കിയത്. 50,000 അടിവരെ ഉയരത്തിൽ 8100 കിലോ ആയുധങ്ങളുമായി മണിക്കൂറിൽ 1200 മൈൽ വേഗത്തിൽ റഡാറുകളുടെ കണ്ണിൽപ്പെടാതെ പറക്കുമെന്നാണ് അമേരിക്കയുടെ അവകാശവാദം. എന്നാൽ, തിരുവനന്തപുരത്തെ ഇന്റഗ്രേറ്റഡ് എയർകമാൻഡ് ആൻഡ് കൺട്രോൾസിസ്റ്റം ഇന്ത്യൻ വ്യോമാതിർത്തിയിൽ എത്തിയ ഉടൻ എഫ്-35 വിമാനത്തെ കണ്ടെത്തിയിരുന്നു.








0 comments