ഛത്തീസ്‌ഗഡിൽ അറസ്റ്റിലായ സിസ്റ്റർ പ്രീതി മേരിയുടെ വീട് സന്ദർശിച്ച് ബൃന്ദ കാരാട്ട്

അങ്കമാലി: ഛത്തീസ്‌ഗഡിൽ അറസ്റ്റിലായ കന്യാസ്‌ത്രീകളിൽ ഒരാളായ പ്രീതി മേരിയുടെ അങ്കമാലിയിലെ വീട്ടിലെത്തി മുതിർന്ന സിപിഐ എം നേതാവ് ബൃന്ദ കാരാട്ട്. നേരത്തെ കന്യാസ്‌ത്രീകളെ ജയിലിലെത്തി ബൃന്ദ സന്ദർശിച്ചിരുന്നു.
പ്രീതി മേരിയുടെ വീട്ടിലെത്തിയ ബൃന്ദ കാരാട്ട് നിയമപോരാട്ടത്തിൽ കുടുംബത്തിന് എല്ലാവിധ പിന്തുണയും അറിയിച്ചു. പ്രീതി മേരിയുടെ മാതാവ് ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളോട് ബൃന്ദ സംസാരിച്ചു. എറണാകുളത്തെ സിപിഐ എം നേതാക്കളും ബൃന്ദക്കൊപ്പമുണ്ടായിരുന്നു.
നിർബന്ധിത മതപരിവർത്തനം ആരോപിച്ചാണ് ഛത്തീസ്‌ഗഡിലെ ബിജെപി സർക്കാർ മലയാളി കന്യാസ്‌ത്രീകളായ പ്രീതി മേരി, വന്ദന ഫ്രാൻസിസ് തുടങ്ങിയവരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. തുടർന്ന് ദിവസങ്ങൾക്ക് ശേഷം ജാമ്യം ലഭിച്ചതിന് ശേഷമാണ് ഇരുവരും പുറത്തിറങ്ങിയത്.
ഛത്തീസ്‌ഗഡിൽ ക്രൈസ്തവവേട്ട തുടരുന്നു
ഛത്തീസ്‌ഗഡിൽ ക്രൈസ്തവ സമൂഹത്തിനെതിരെ വീണ്ടും ഹിന്ദുത്വ തീവ്രവാദികളുടെ അതിക്രമം. ബിലാസ്പുരിലെ ചകർ ഭാഥാ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പരസദ ഗ്രാമത്തിൽ വീട്ടിലെ പ്രാർഥനായോഗത്തിൽ പങ്കെടുക്കുകയായിരുന്ന ഗോത്രവിഭാഗത്തിലുള്ള ക്രൈസ്തവ വിശ്വാസികൾക്ക് നേരെ ബജ്‌രംഗ്‌ദൾ ആക്രമണം നടത്തി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരെ ക്രൂരമായി മർദിച്ചു. പലരും ബോധരഹിതരായി. സ്ഥലത്തെത്തിയ പൊലീസ് പ്രാർഥന നിർത്താൻ ഉത്തരവിട്ടതല്ലാതെ അക്രമികൾക്കെതിരെ നടപടി സ്വീകരിച്ചില്ല. പ്രാർഥന നടത്തിയ വീട് ‘പള്ളി’യാണെന്ന് പറഞ്ഞ് അടപ്പിച്ചു. പ്രാർഥനയ്ക്കെത്തിയവരെ ഭയപ്പെടുത്തി ഗ്രാമങ്ങളിലേക്കു തിരിച്ചയച്ചു.
കാൺകേർ ഗ്രാമത്തിലെ പള്ളിക്കുനേരെയും ബജ്‌രംഗ്‌ദൾ ആക്രമണം നടത്തിയിരുന്നു. ഇവിടെ ഒരു മാസത്തിനു മുമ്പ്, ക്രൈസ്തവ വിശ്വാസിയായതിന്റെ പേരിൽ ഒരാളുടെ മൃതദേഹം സംസ്കാരം കഴിഞ്ഞ് പിറ്റേദിവസം അധികൃതർ പുറത്തെടുത്തു കൊണ്ടുപോയി. മൃതദേഹം പിന്നീട് എവിടെ മറവുചെയ്തെന്ന് അറിയിച്ചില്ല. ഇതിനെതിരെ, കാൺകേറിൽ വ്യാപക പ്രതിഷേധം നടന്നു.









0 comments