ആശമാരുടെ സമരത്തിൽ ബിജെപിക്ക് ഇരട്ടമുഖം: ബൃന്ദ കാരാട്ട്

സുശീലാ ഗോപാലൻ സ്‌മാരക മന്ദിരം ഉദ്‌ഘാടനംചെയ്‌തശേഷം സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പ്രവർത്തകരെ അഭിവാദ്യംചെയ്യുന്നു. / ഫോട്ടോ: സുമേഷ് കോടിയത്ത്
കണ്ണൂർ : ആശാപ്രവർത്തകരുടെ സമരത്തിൽ ബിജെപിക്ക് ഇരട്ടമുഖമെന്ന് സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. ആശയുൾപ്പെടെയുള്ള സ്‌കീം വർക്കർമാരുടെ അവകാശങ്ങൾ നിഷേധിക്കുകയും കേരളത്തിന് സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുകയും ചെയ്യുന്ന ബിജെപി, ആശാസമരത്തെ പിന്തുണയ്‌ക്കുന്നത് പൊള്ളത്തരമാണ്. മഹിളാ അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റി നിർമിച്ച സുശീലാ ഗോപാലൻ സ്‌മാരക മന്ദിരം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു ബൃന്ദ.
സ്‌കീം വർക്കർമാരുടേതടക്കമുള്ള പദ്ധതികളിൽ ഫണ്ട് വെട്ടിക്കുറയ്‌ക്കുകയല്ലാതെ ഒരുരൂപപോലും വർധിപ്പിക്കാൻ കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല. എന്നിട്ടാണ് ഒരു കേന്ദ്രമന്ത്രി ആശമാരുടെ സമരത്തിന് ഐക്യദാർഢ്യവുമായി എത്തിയത്. യുഡിഎഫ് നേതാക്കൾ സമരത്തിനെത്തുന്നതും രാഷ്‌ട്രീയ ദുരുദ്ദേശ്യത്തിലാണ്. സ്‌ത്രീകളുടെ അവകാശപ്പോരാട്ടത്തെ എക്കാലവും മുന്നിൽനിന്ന് നയിച്ചത് ഇടതുപക്ഷമാണ്. രാഷ്‌ട്രീയലക്ഷ്യംവച്ച് മറ്റുള്ളവർ പൊഴിക്കുന്ന മുതലക്കണ്ണീർ സ്‌ത്രീസമൂഹം തിരിച്ചറിയും.
സ്വാതന്ത്ര്യപ്പോരാട്ടത്തിലൂടെ നാം നേടിയെടുത്ത മൂല്യങ്ങളെല്ലാം നശിപ്പിക്കുന്നവരാണ് രാജ്യം ഭരിക്കുന്നത്. ഉത്സവങ്ങൾപോലും വർഗീയ കലാപത്തിനുള്ള അവസരമാക്കി മാറ്റുകയാണ്. ഉത്തർപ്രദേശിൽ ഹോളി ആഘോഷത്തിന്റെപേരിൽ മസ്‌ജിദ് മറച്ചുകെട്ടി. കേരളത്തിൽ അങ്ങനെയൊരു സംഭവം കേൾക്കാനാകുമോയെന്നും -ബൃന്ദ ചോദിച്ചു.









0 comments