കൈക്കൂലി: സ്പെഷ്യൽ വില്ലേജ് ഓഫീസർ പിടിയിൽ

കണ്ണൂർ : ഓപ്പറേഷൻ സ്പോട്ട് ട്രാപ്പ്-ന്റെ ഭാഗമായി കണ്ണൂർ പായം വില്ലേജ് ഓഫീസിലെ സ്പെഷ്യൽ വില്ലേജ് ഓഫീസർ പിടിയിൽ. സ്പെഷ്യൽ വില്ലേജ് ഓഫീസറായ ബിജു അഗസ്റ്റിനാണ് വിജിലൻസിന്റെ പിടിയിലായത്. 15,000രൂപ കൈക്കുലി വാങ്ങവേ ചൊവ്വാഴ്ചയാണ് ബിജു അഗസ്റ്റിൽ പിടിക്കപ്പെട്ടത്.
കണ്ണൂർ തലശ്ശേരി തിരുവങ്ങാട് സ്വദേശിയായ പരാതിക്കാരൻ സുഹൃത്തുമായി ചേർന്ന് ഒരു ഫാം തുടങ്ങുന്നതിന് ഇരുട്ടി പായം വില്ലേജ് പരിധിയിൽ രണ്ട് ഏക്കർ സ്ഥലം വാങ്ങുകയും, വസ്തുവിലുണ്ടായിരുന്ന ചെങ്കൽ കല്ല് മുറിച്ച കുഴി നികത്തുന്നതിന് പണി ആരംഭിക്കുകയും ചെയ്തിരുന്നു. സ്ഥലത്തെത്തിയ പായം വില്ലേജ് ഓഫീസിലെ സ്പെഷ്യൽ വില്ലേജ് ഓഫീസറായ ബിജു അഗസ്റ്റിൽ പണി നിർത്തി വയ്പ്പിക്കുകയും, വസ്തുവിന്റെ രേഖകളുമായി ഉടമസ്ഥൻ വില്ലേജ് ഓഫീസിലെത്തണമെന്നും പറഞ്ഞിട്ട് തിരികെ പോകുകയും ചെയ്തു. തുടർന്ന് ഏപ്രിൽ മാസം 9 തീയതി പായം വില്ലേജ് ഓഫീസിലെത്തിയ പരാതിക്കാരന് വില്ലേജ് ഓഫീസർ പണി നിർത്തി വയ്കുന്നതിനുള്ള ഒരു സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. അതിന് ശേഷം സ്പെഷ്യൽ വില്ലേജ് ഓഫീസറായ ബിജു അഗസ്റ്റിൻ പരാതിക്കാരനെ സമീപിച്ച് പണി തുടരണമെങ്കിൽ കൈക്കൂലി നൽകണമെന്ന് ആവശ്യപ്പെട്ടു.
തുടർന്ന് രണ്ട് പ്രാവശ്യമായി പരാതിക്കാരനിൽ നിന്നും 22,000 രൂപ കൈക്കൂലി വാങ്ങിയെടുക്കുകയും ചെയ്തു. അതിന് ശേഷം വസ്തു അളന്ന് മഹസ്സർ തയ്യാറക്കിയതിന് ഒരു 15,000രൂപ കൂടി കൈക്കൂലി വീണ്ടും വേണമെന്ന് പരാതിക്കാരനോട് ആവശ്യപ്പെട്ടതിനെ തുടർന്ന് പരാതിക്കാരൻ ഈ വിവരം കണ്ണൂർ വിജിലൻസ് യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിക്കുകയും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കി നിരിക്ഷിച്ച് വരവെയാണ് പിടിയിലായത്.
പായഞ്ചേരിമുക്കിലുള്ള ഒരു സൂപ്പർ മാർക്കറ്റിന് മുന്നിൽ വച്ച് പരാതിക്കാരനിൽ നിന്നും 15,000 രൂപ കൈക്കൂലി വാങ്ങവേ സ്പെഷ്യൽ വില്ലേജ് ഓഫീസറായ ബിജു അഗസ്റ്റിനെ വിജിലൻസ് സംഘം കൈയ്യോടെ പിടികൂടി. അറസ്റ്റ് ചെയ്ത പ്രതിയെ തലശ്ശേരി വിജിലൻസ് കോടതിയിൽ ഹാജരാക്കും.
സർക്കാർ ഓഫീസുകളിൽ കാര്യം സാധിച്ചു കൊടുക്കാമെന്ന് പറഞ്ഞോ സർക്കാർ ഉദ്യോഗസ്ഥർക്ക് കൊടുക്കാനെന്ന് പറഞ്ഞോ പൈസ വാങ്ങുന്നതും, ആവശ്യപ്പെടുന്നതും കൈക്കൂലിയുടെ പരിധിയിൽ വരുന്നതും, ഇത്തരം കാര്യങ്ങൾ പറഞ്ഞ് പൈസ വാങ്ങിയാലോ ആവശ്യപ്പെട്ടാലോ ഭീക്ഷണിപ്പെടുത്തിയാലോ ഉടൻ തന്നെ വിജിലൻസിനെ അറിയിക്കേണ്ടതുമാണ്.
പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കാവുന്നതാണ്.








0 comments