കൈക്കൂലി കേസ്: എറണാകുളം ആർടിഒ റിമാൻഡിൽ

കൊച്ചി: സ്വകാര്യ ബസിന് റൂട്ട് പെർമിറ്റ് നൽകാൻ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയിൽ അറസ്റ്റിലായ എറണാകുളം ആർടിഒ ജെർസൺ റിമാൻഡിൽ. മൂവാറ്റുപുഴ വിജിലൻസ് കോടതി ജഡ്ജി എൻ വി രാജു ആണ് റിമാൻഡ് ചെയ്തത്. മാർച്ച് അഞ്ചുവരെയാണ് റിമാൻഡ് കാലാവധി. അനധികൃത സ്വത്ത് സമ്പാദിച്ചിട്ടുണ്ടോയെന്നത് സംബന്ധിച്ച വിവരങ്ങൾ കസ്റ്റഡിയിലെടുത്ത് അന്വേഷിക്കും. ജെർസണെ കസ്റ്റഡിയിൽ വിടണമെന്ന് ആവശ്യപ്പെട്ട് വെള്ളിയാഴ്ച വിജിലൻസ് കോടതിയിൽ അപേക്ഷ നൽകും.
ചെല്ലാനം സ്വദേശിയുടെ പരാതിയിലാണ് ജെർസണെ അറസ്റ്റ് ചെയ്ത്. പരാതിക്കാരന്റെ സുഹൃത്തിന്റെ പേരിലുള്ള ചെല്ലാനം-ഫോർട്ട് കൊച്ചി റൂട്ടിൽ സർവ്വീസ് നടത്തുന്ന പ്രൈവറ്റ് ബസിന്റെ റൂട്ട് പെർമ്മിറ്റ് ഈ മാസം മൂന്നാം തീയതി അവസാനിച്ചിരുന്നു. ഇത് പുതുക്കി നൽകുന്നതുമായി ബന്ധപ്പെട്ട് ആർടിഒ കൈക്കൂലി ആവശ്യപ്പെട്ടു. ഈ വിവരം പരാതിക്കാരൻ വിജിലൻസിനെ അറിയിക്കുകയും സംഘം കെണിയൊരുക്കി ആർടിഒയെയും ഏജന്റുമാരെയും പിടികൂടുകയായിരുന്നു.
വിജിലൻസ് നടത്തിയ റെയ്ഡിൽ ജെർസണിന്റെ വീട്ടിൽ നിന്ന് വിദേശ നിർമിത വിദേശ മദ്യം കണ്ടെത്തിയിരുന്നു. ഇയാൾക്കെതിരേ അളവിൽകൂടുതൽ മദ്യം സൂക്ഷിച്ചതിന് അബ്കാരി ആക്ട് പ്രകാരം എളമക്കര പോലീസ് കേസ് എടുത്തിട്ടുണ്ട്. പിടികൂടിയ മദ്യം എളമക്കര പോലീസിന് കൈമാറിയതായി വിജിലൻസ് എസ് പി എസ് ശശിധരൻ അറിയിച്ചു. സംഭവത്തെക്കുറിച്ച് വിജിലൻസ് ഡയറക്ടർക്കും ട്രാൻസ്‌പോർട്ട് കമ്മിഷണർക്കും വിജിലൻസ് സംഘം റിപ്പോർട്ട് നൽകിയിട്ടുണ്ട്.
ഇടപ്പള്ളിയിലെ വീട്ടിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ ചെറു തുകകളായി ചുരുട്ടിക്കെട്ടിയ 64,000 രൂപ കണ്ടെടുത്തിരുന്നു. 84 ലക്ഷം രൂപയുടെ നിക്ഷേപമാണ് ജെർസണിന്റെയും കുടുംബത്തിന്റേതുമായി കണ്ടെത്തിയിരിക്കുന്നത്. ബാങ്ക് നിക്ഷേപങ്ങൾക്ക് പുറമേ ഓഹരി, കടപ്പത്രം എന്നിവയുമുണ്ട്. 74 കുപ്പി വിദേശ നിർമിത മദ്യമാണ് പരിശോധനയിൽ ലഭിച്ചത്. 50,000 രൂപ വരെ വിലവരുന്നമദ്യവും ഇതിൽ ഉൾപ്പെടും.









0 comments