ഗൂഗിൾ പേ വഴി കൈക്കൂലി; തൊടുപുഴ ഗ്രേഡ് എസ്‌ഐയും സഹായിയും പിടിയിൽ

പ്രദീപ് ജോസ്, റഷീദ്
ഇടുക്കി: ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങിയ തൊടുപുഴ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് സബ് ഇൻസ്പെക്ടറായ പ്രദീപ് ജോസിനെയും ഏജന്റ് റഷീദിനെയും വിജിലൻസ് പിടികൂടി. ചെക്ക് കേസിൽ വാറണ്ടായ പ്രതിയുടെ അറസ്റ്റ് ഒഴിവാക്കുന്നതിനായി ഗൂഗിൾ പേ വഴി 10,000രൂപ കൈക്കൂലി വാങ്ങുകയായിരുന്നു പ്രദീപ് ജോസ്. ഓപ്പറേഷൻ സ്പോട്ട് ട്രാപ്പ്ന്റെ ഭാഗമായി ഇടുക്കി വിജിലൻസ് യൂണിറ്റ് ഒരുക്കിയ കെണിയിലാണ് ഇരുവരും കുടുങ്ങിയത്. തിങ്കൾ രാത്രി 10.30ന് വണ്ടിപ്പെരിയാർ 63-ാം മൈലിലെ പ്രദീപ് ജോസിന്റെ വാടക വീട്ടിൽ വച്ച് പരാതിക്കാരനിൽ നിന്നും കൈക്കൂലി വാങ്ങവേ വിജിലൻസ് സംഘം കൈയ്യോടെ പിടികൂടുകയായിരുന്നു.
ഇടുക്കി തൊടുപുഴ ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി-യിൽ തൊടുപുഴ സ്വദേശിയായ പരാതിക്കാരന്റെ വിദേശത്തുള്ള സുഹൃത്തിന്റെ ഭാര്യയുടെ പേരിൽ ഉണ്ടായിരുന്ന ചെക്ക് കേസിൽ വാറന്റ് പുറപ്പെടുവിച്ചിരുന്നു. ചെക്ക് കേസിലെ വാറണ്ടിന്മേൽ അറസ്റ്റ് ഒഴിവാക്കുന്നതിനായി 10,000 രൂപ ഗൂഗിൾ-പേ വഴി നൽകണമെന്ന് പ്രദീപ് ജോസ് 12-ാം തിയതി ആവശ്യപ്പെട്ടിരുന്നു. വിദേശത്തുള്ള സുഹൃത്ത് നിർദ്ദേശിച്ച പ്രകാരം പരാതിക്കാരൻ തൊട്ടടുത്ത ദിവസം പ്രദീപ് ജോസിനെ ഫോണിൽ വിളിച്ചപ്പോൾ ഏജന്റായ റഷീദിന്റെ ഗൂഗിൾ-പേ നമ്പർ അയച്ചു കൊടുത്ത ശേഷം അതിലേക്ക് 10,000 -രൂപ അയച്ചു കൊടുക്കണമെന്നും പറഞ്ഞു. തുടർന്ന് 17-ാം തിയതി പരാതിക്കാർ പ്രദീപ് ജോസിനെ വിളിച്ചപ്പോൾ കാശ് വൈകിട്ട് അയക്കണമെന്നും അയച്ച ശേഷം അറിയിക്കണമെന്നും പറഞ്ഞു. തുടർന്ന് പരാതിക്കാരൻ ഈ വിവരം ഇടുക്കി വിജിലൻസ് യൂണിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ അറിയിക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതികളെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും.
പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കുക.
0 comments