കാഴ്‌ചവെല്ലുവിളി നേരിടുന്ന പ്ലസ്‌വൺ വിദ്യാർഥിനി ആയിഷ സമീഹയുടെ ഇടപെടലാണ് തീരുമാനമെടുക്കാൻ പ്രേരണയായത്
ഇനി തൊട്ടറിഞ്ഞ് പാഠം പഠിക്കാം ; ഹയർസെക്കൻഡറിയിലും ബ്രെയിൽ ലിപിയിൽ പുസ്‌തകങ്ങൾ

ആയിഷ സമീഹ
സനു കുമ്മിൾ
Published on Jul 29, 2025, 02:57 AM | 1 min read
കടയ്‌ക്കൽ
ഉൾക്കാഴ്ചയുടെ കരുത്തിൽ ആയിഷ തെളിച്ചെടുത്ത വഴി കാഴ്ചപരിമിതരായ സഹവിദ്യാർഥികൾക്ക് പഠനത്തിൽ മുന്നേറാൻ ആത്മവിശ്വാസമേകും. ബ്രെയിൽ ലിപിയിലുള്ള പുസ്‌തകങ്ങൾ ഹയർസെക്കൻഡറിയിലും അച്ചടിക്കാൻ മന്ത്രി വി ശിവൻകുട്ടി എസ്‌സിഇആർടിക്ക് നിർദേശം നൽകി. കാഴ്‌ചവെല്ലുവിളി നേരിടുന്ന പ്ലസ്‌വൺ വിദ്യാർഥിനി ആയിഷ സമീഹയുടെ ഉൾക്കാഴ്‌ചയാർന്ന ഇടപെടലിലാണ് ഈ തീരുമാനമെടുക്കാൻ മന്ത്രിക്കും വകുപ്പിനും പ്രേരണയായത്.
ബ്രെയിൽ ലിപിയിലുള്ള പാഠഭാഗങ്ങൾ കുട്ടികൾക്ക് വിരൽതൊട്ട് വായിക്കാം, പഠിക്കാം. മുമ്പ് ഹയർ സെക്കൻഡറിയിൽ ബ്രെയിൽ ലിപിയിലുള്ള പുസ്തകങ്ങൾ അച്ചടിച്ചിരുന്നു. ആവശ്യക്കാരില്ലാതായതോടെ ഇത് നിർത്തി. ആയിഷ മന്ത്രിമാർക്കയച്ച കത്തിൽ ഇത് പുനരാരംഭിക്കാൻ അഭ്യർഥിച്ചു.
കോഴിക്കോട് വൈദ്യരങ്ങാടി സ്വദേശി വി പി സിദ്ദിഖിന്റെയും റൈഹാനത്തിന്റെയും മകളാണ് ആയിഷ സമീഹ. ജന്മനാ കാഴ്ചവെല്ലുവിളി നേരിടുന്ന ആയിഷ ബാല്യംമുതൽ പഠനത്തിലും സംഗീതത്തിലും മിടുക്കിയായിരുന്നു.
പത്താംക്ലാസ് വരെ സ്പെഷ്യൽ സ്കൂളിലായിരുന്നു പഠനം. കോഴിക്കോട് സിഎച്ച്എസ്എസ്എച്ചിൽ പ്ലസ് വണ്ണിന് ചേർന്നതോടെ ബ്രെയിൽ ലിപിയിലുള്ള പാഠപുസ്തകങ്ങൾ ഇല്ലാത്തത് ബുദ്ധിമുട്ടിലാക്കി. കത്തിലൂടെ ഇക്കാര്യം മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, വി ശിവൻകുട്ടി എന്നിവരുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. പുസ്തകം അച്ചടിക്കാനുള്ള നടപടി ഉടൻ ആരംഭിക്കുമെന്ന് എസ്‌സിഇആർടി ഡയറക്ടർ ആർ കെ ജയപ്രകാശ് ‘ദേശാഭിമാനി’യോട് പറഞ്ഞു.









0 comments