"കാശിനോടുള്ള ആര്‍ത്തികൊണ്ട് എഴുതാറില്ല’; ടി പത്മനാഭൻ

തിരുവനന്തപുരം : കാശിനോടുള്ള ആർത്തികൊണ്ട് എഴുതാറില്ലെന്ന് ടി പത്മനാഭൻ. മലയാളത്തിൽ 75 കൊല്ലമായി ഞാനുണ്ട്. ഇന്ത്യയിൽ കൂടുതൽ പ്രതിഫലം രചനകൾക്ക് കിട്ടാറുണ്ട്. കഷ്ടിച്ച് ഇരുന്നൂറുറോളം കഥകളേ എഴുതിയിട്ടുള്ളൂ. അതിമഹത്തായ കലാരൂപമാണ് നോവൽ.
അക്ഷമനായതുകൊണ്ടാണ് നോവലെഴുത്തിന് തുനിയാത്തത്. സത്യം പറഞ്ഞാൽ ശത്രുക്കളുണ്ടാകും. കളവുപറയാനുമാകില്ല, അതിനാലാണ് ആത്മകഥ എഴുതുന്നില്ലെന്ന് വച്ചത്. എന്റെ എഴുത്തിന്റെയും വായനയുടെയും ജീവിതം എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.‘ധനികഗൃഹത്തിൽ വിരുന്നുവന്ന ദരിദ്രനായ ബന്ധുവിന്റെ സ്ഥാനമേ മലയാളത്തിൽ ചെറുകഥയ്ക്ക് നൽകിയിട്ടുള്ളൂ’–- ഇങ്ങനെ കുറിച്ചിട്ട് 40 വർഷമായെങ്കിലും സ്ഥിതി മാറിയിട്ടില്ല.
വയലാർ അവാർഡ് നൽകാൻ തുടങ്ങിയശേഷം 15 വർഷം കഴിഞ്ഞാണ് ചെറുകഥയെ പരിഗണിച്ചത്. ഇതിനായി ഒത്തിരി ശബ്ദിച്ചു. 50 വർഷമായി അവാർഡ് നൽകാൻ തുടങ്ങിയിട്ട്. ഇക്കാലത്തിനുള്ളിൽ ചെറുകഥയ്ക്ക് അവാർഡ് ലഭിച്ച ഏക വ്യക്തി ഞാനാണ്. എന്നെ ഞാനാക്കിയ സമൂഹത്തിന് എന്തെങ്കിലും ഗുണം കിട്ടിയാൽ അതിൽപ്പരം സന്തോഷം മറ്റൊന്നില്ല.
ജനമനസ്സ് വറ്റിപ്പോയിട്ടില്ല. അതിന്റെ പ്രതിഫലനമാണ് കഥകളിലുടനീളം നിഴലിക്കുന്ന ദയയെന്ന കാരുണ്യഭാവം. ഏറ്റവും അവസാനത്തെ കഥയുടെ പേരും ദയയാണ്. ഈ കഥ പ്രമുഖ പ്രസാധകർ ഡീലക്‌സ് എഡിഷനായി ഈമാസം പുറത്തിറക്കും.
നിയമസഭാ പുസ്തകോത്സവം വിചിത്രമായ അനുഭവമാണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം സ്പീക്കർ എ എൻ ഷംസീറിനെ അഭിനന്ദിച്ചു. എ എം ബഷീറാണ് സംഭാഷണം നയിച്ചത്.
Tags
Related News

0 comments