നിയമസഭാ പുസ്‌തകോത്സവം: 350 ഓളം പുസ്തകങ്ങൾ പ്രകാശിപ്പിക്കും

തിരുവനന്തപുരം> നിയമസഭാ പുസ്‌തകോത്സവത്തിൽ മുന്നൂറ്റിയമ്പതോളം പുസ്‌തങ്ങൾ പ്രകാശിപ്പിക്കും. നജീബ് കാന്തപുരം എംഎൽഎ രചിച്ച ‘പച്ച ഇലകൾ’ ആണ് ആദ്യദിനത്തിൽ പ്രകാശിപ്പിക്കുന്നത്. ബൃന്ദാ കാരാട്ടിന്റെ ‘ഇന്ത്യൻ വർഗീയ ഫാസിസവും സ്ത്രീകളും’ പ്രഭാവർമയുടെ ‘അംഗാര നൂപുരം’ സനക് മോഹന്റെ ‘ഒരു ചെടി ഒരു മരം ഒരു വരം’ വി കെ പ്രകാശ് ബാബുവിന്റെ ‘വേഡ്സ് ലൈക് സാൻഡ് ക്രിസ്റ്റൽസ്’ ടി കെ സന്തോഷ് കുമാറിന്റെ ‘രാഗപൂർണിമ’ എസ് സുധീശന്റെ ‘ഒറ്റ-’, ജി കാർത്തികേയന്റെ രാഷ്ട്രീയജീവിതം ഉൾപ്പെടെയുള്ളവയും പ്രകാശിപ്പിക്കും.
ഡോ. ടി എം തോമസ് ഐസക്കിന്റെ ‘കോരന് കഞ്ഞി കുമ്പിളിൽ തന്നെ: നിയോ ലിബറൽ കാലത്തെ സാമ്പത്തിക നീതി’, കെ എ ബീനയുടെ ‘ആ കസേര ആരുടേതാണ്’, ഇ ടി മുഹമ്മദ് ബഷീറിന്റെ ‘പറയാതെ വയ്യ’, ഡോ. ജോർജ് ഓണക്കൂറിന്റെ രചനയായ ഇല്ലത്തിന്, മിഥുൻ മുരളിയുടെ പരിഭാഷ തുടങ്ങിയ കൃതികളും പ്രകാശിപ്പിക്കും.
പുത്തലത്ത് ദിനേശൻ രചിച്ച് ഇൻസൈറ്റ് പബ്ലിക്ക പുറത്തിറക്കുന്ന പുസ്തകങ്ങളായ വെള്ളത്തിലെ മീനുകൾ എന്ന പോൽ, പഴമയുടെ പുതുവായനകൾ, ബഹുസ്വരതയും മതരാഷ്ട്രവാദങ്ങളും, സ്മരണകൾ സമരായുധങ്ങളും പ്രഭാത് ബുക്‌സ് പുറത്തിറക്കുന്ന ‘നിയമസഭയിലെ കെ ഇ’ എന്ന കെ ഇ ഇസ്മായിൽ രചിച്ച പുസ്തകവും സമതയുടെ ഡോ. സാവിത്രി നാരായണൻ രചിച്ച ജീവിതസാഗരവും രണ്ടാം ദിനത്തിൽ മുഖ്യമന്ത്രി പ്രകാശിപ്പിക്കും. സ്‌പീക്കറുടെ പ്രസ് സെക്രട്ടറി മുഷ്താഖ് രചിച്ച ഇ കെ ഇമ്പിച്ചി ബാവയുടെ ജീവചരിത്രമായ ‘കടൽപോലൊരാൾ’ പ്രൊഫ. എസ് ശിവദാസ് രചിച്ച കുട്ടികൾക്കായുളള 14 സാഹിത്യരചനകളും ഉൾപ്പെടെ നിരവധി സർഗരചനകളാണ് പുസ്തകോത്സവത്തിലൂടെ വായനക്കാരിലേക്കെത്തുക.
7 മുതൽ 13 വരെ നിയമസഭാ സമുച്ചയത്തിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്നാം പതിപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, പി രാജീവ്, സ്‌പീക്കർ എ എൻ ഷംസീർ ഉൾപ്പെടെയുള്ളവർ വിവിധ ദിവസങ്ങളിൽ പുസ്‌തകങ്ങൾ പ്രകാശിപ്പിക്കും.









0 comments