തിരുവനന്തപുരം ജില്ലാ കോടതിയിൽ വീണ്ടും ബോംബ് ഭീഷണി

ബോംബ് ഭീഷണിയെത്തുടർന്ന് ആറ്റിങ്ങലിലെ കോടതികളിൽ ഡോഗ് സ്ക്വാഡ് പരിശോധന നടത്തുന്നു (ഫയൽ ചിത്രം)
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ കോടതിയിൽ വീണ്ടും ഇമെയിൽ വഴി ബോംബ് ഭീഷണി. ഡോഗ് സ്‌ക്വാഡും പൊലീസും സ്ഥലത്ത് പരിശോധന നടത്തുകയാണ്. വഞ്ചിയൂരുളള തിരുവനന്തപുരം ജില്ലാ കോടതിക്ക് ഇത് രണ്ടാം തവണയാണ് ബോംബ് ഭീഷണി ലഭിച്ചിരിക്കുന്നത്.
ഏപ്രിൽ 16ന് വഞ്ചിയൂരിലെ ജില്ലാ കോടതിയിലും ആറ്റിങ്ങൽ കോർട്ട് കോംപ്ലക്സിലെ രണ്ട് കോടതികളിലും ബോംബ് വച്ചിട്ടുണ്ടെന്ന് ഇ മെയിൽ വഴി ഭീഷണി സന്ദേശം ലഭിച്ചിരുന്നു. തുടർന്ന് ഡോഗ് സ്‌ക്വാഡും ബോംബ് സ്‌ക്വാഡും ഉൾപ്പെടെ കോടതിയിലും പരിസരത്തും പരിശോധന നടത്തിയെങ്കിലും സംശയിക്കത്തക്കതായി ഒന്നും ലഭിച്ചില്ല. വ്യാജ ഇ മെയിൽ ഐഡി നിർമിച്ച് അതിൽ നിന്നാണ് സന്ദേശം അയച്ചതെന്ന് കരുതുന്നു.
വ്യാഴാഴ്ച സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ കലക്ടറേറ്റുകളിൽ ബോംബ് ഭീഷണിയുണ്ടായി. പാലക്കാട്, കോട്ടയം, കൊല്ലം കലക്ടറേറ്റുകൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. രണ്ട് മണിക്ക് ബോംബ് പൊട്ടുമെന്നാണ് പാലക്കാട് കളക്ട്രേറ്റിലേക്ക് ഭീഷണി സന്ദേശം എത്തിയത്.
എക്സ്പ്ലോസീവ് ഡിവൈസുകൾ കലക്ടറേറ്റിന്റെ വിവിധ ഭാഗങ്ങളിൽ വച്ചിട്ടുണ്ടെന്നും രണ്ട് മണിക്ക് പൊട്ടിത്തെറിക്കുമെന്നായിരുന്നു സന്ദേശം. മെത്താംഫെറ്റാമൈൻ കേസിൽ ഉൾപ്പെട്ട രണ്ട് പേർക്കെതിരെയുള്ള കുറ്റങ്ങൾ പിൻവലിക്കണമെന്നും ഭീഷണി സന്ദേശത്തിൽ പറയുന്നുണ്ട്. ബോംബ് സ്ക്വാഡും പൊലീസും കലക്ടറേറ്റിലെത്തി മുഴുവൻ ജീവനക്കാരെയും കലക്ടറേറിൽ നിന്ന് പുറത്തിറക്കി പരിശോധന നടത്തി. തമിഴ്‌നാട് റിട്രീവൽ ട്രൂപ്പിന്റെ പേരിലാണ് പാലക്കാട് കലക്ടർക്ക് സന്ദേശം ലഭിച്ചത്.
കൊല്ലം കളക്ടറേറ്റിലും കോട്ടയം കലക്ടറേറ്റിലും സമാനമായ ബോംബ് ഭീഷണി സന്ദേശം എത്തിയിട്ടുണ്ട്. കലക്ടറുടെ മെയിൽ ഐഡിയിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. ബോംബ് സ്ക്വാഡും പൊലീസും പരിശോധന നടത്തി. കഴിഞ്ഞയാഴ്ച പാലക്കാട്, തൃശൂർ ആർഡി ഓഫീസുകൾക്കും ബോംബ് ഭീഷണി ലഭിച്ചിരുന്നു.









0 comments