തിരുവനന്തപുരം വഞ്ചിയൂർ കോടതിയിൽ ബോംബ് ഭീഷണി

തിരുവനന്തപുരം: വഞ്ചിയൂർ കോടതിയിൽ വീണ്ടും ബോംബ് ഭീഷണി. ഉച്ചയ്ക്ക് 2ന് സ്ഫോടനം നടക്കുമെന്നാണ് സന്ദേശം. കോടതിയുടെ ഔദ്യോഗിക മെയിലാണ് ഭീഷണി സന്ദേശമെത്തിയത്. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. വഞ്ചിയൂർ കോടതിയിൽ നേരത്തെയും സമാനമായ രീതിയിൽ ബോംബ് ഭീഷണിയെത്തിയിരുന്നു. മൂന്ന് ആഴ്ച മുമ്പാണ് അവസാനം ഭീഷണി സന്ദേശമെത്തിയത്.
തിരുവനന്തപുരത്ത് സമാനമായ രീതിയിൽ സമീപകാലത്ത് നിരവധി സ്ഥലങ്ങളിലാണ് ഭീഷണി സന്ദേശങ്ങൾ ലഭിച്ചത്. ഏപ്രിൽ 28ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽ ഇ -മെയിൽ വഴി ഭീഷണി സന്ദേശം ലഭിച്ചിരുന്നു. 2 മണിക്ക് സ്ഫോടനം നടക്കുമെന്നറിയിച്ചായിരുന്നു സന്ദേശം. സെക്രട്ടറിയറ്റിൽ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തിയെങ്കിലും അസ്വാഭാവികമായതൊന്നും കണ്ടെത്തിയില്ല.
തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലും സമാന സന്ദേശം ലഭിച്ചിരുന്നു. സിറ്റി ട്രാഫിക് കൺട്രോളിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്ത് വിശദമായ പരിശോധന നടത്തിയിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിലും സമാനമായ ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. മാനേജറുടെ ഇ-മെയിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്.
Related News
ഏപ്രിൽ 26ന് തിരുവനന്തപുരത്ത് 2 ആഡംബര ഹോട്ടലുകളിൽ വ്യാജ ബോംബ് ഭീഷണിയുണ്ടായിരുന്നു. ശനി രാവിലെ 11 ഓടെയാണ് സെക്രട്ടറിയറ്റിന് സമീപത്തുള്ള ഹിൽട്ടൽ ഹോട്ടലിലും ആക്കുളം പാലത്തിനുസമീപത്തുള്ള ഗോകുലം ഗ്രാൻഡ് ഹോട്ടലിലും വ്യാജ ബോംബ് ഭീഷണികളെത്തിയത്. ബോംബ് സ്ക്വാഡ് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല.
ഹിൽട്ടൺ ഹോട്ടലിന്റെ മെയിലിലേക്കാണ് ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശമെത്തിയത്. ഹോട്ടൽ അധികൃതർ അറിയിച്ചതിനെ തുടർന്ന് കന്റോൺമെന്റ് പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചു. ബോംബ് വച്ചിട്ടുണ്ടെന്നും ഉച്ചയോടെ പൊട്ടുമെന്നുമായിരുന്നു ആക്കുളത്തെ ഹോട്ടലിൽ വന്ന ഇ-മെയിൽ സന്ദേശം ഏപ്രിൽ 25ന് വഞ്ചിയൂരിലെ ജില്ലാ കോടതിയിൽ ബോംബ് വച്ചിട്ടുണ്ടെന്ന് ഇ–മെയിൽ വഴി സന്ദേശം എത്തിയിരുന്നു.
വൈകിട്ട് സ്‌ഫോടനം നടക്കുമെന്ന് കോടതിയുടെ ഔദ്യോഗിക മെയിലിൽ വെള്ളിയാഴ്ച രാവിലെയാണ് ഭീഷണി സന്ദേശം എത്തിയത്. പൊലീസ് ബോംബ് സ്ക്വാഡിന്റെ സഹായത്തോടെ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. കഴിഞ്ഞ 2 മാസത്തിനിടെ വിവിധ സർക്കാർ ഓഫീസുകളിൽ വ്യാജ ബോംബ് ഭീഷണികളുമായി ബന്ധപ്പെട്ട് 5 കേസുകളാണ് സൈബർ ക്രൈം പൊലീസ് രജിസ്റ്റർ ചെയ്‌തത്.









0 comments