ബോഡി ഷെയ്മിങ്: യൂട്യൂബർ പറഞ്ഞത് മാപ്പാണെന്ന് കരുതുന്നില്ലെന്ന് ശ്വേത മേനോൻ

കൊച്ചി: നടി ഗൗരി കിഷന് എതിരായ യൂട്യൂബറുടെ ബോഡി ഷെയ്മിങ് വിഷയത്തിൽ യൂട്യൂബർ പറഞ്ഞത് ക്ഷമാപണമായി കണക്കാക്കുന്നില്ലെന്ന് താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് ശ്വേതാ മേനോൻ പറഞ്ഞു. സ്ത്രീകൾക്ക് ഒപ്പമാണ് അമ്മ, അതിൽ ഇൻഡസ്ട്രീ വ്യത്യാസമില്ലെന്നും ശ്വേത മേനോൻ പറഞ്ഞു. കൊച്ചിയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അവർ.
പത്രസമ്മേളനത്തിൽ അപകീർത്തികരമായ ചോദ്യം ചോദിച്ചതിന് നടി ഗൗരി കിഷനോട് മാപ്പ് പറഞ്ഞ യൂട്യൂബർ കാർത്തിക്, തന്റെ പ്രവൃത്തികളെ ന്യായീകരിക്കാനാണ് ശ്രമിച്ചത്. ആരുടേയും ശരീരഘടനയെ മോശമായി വ്യാഖ്യാനിക്കാൻ ശ്രമിച്ചില്ല. തന്റെ ചോദ്യം തെറ്റിദ്ധരിക്കപ്പെട്ടതാണെന്നുമാണ് കാർത്തിക് പറഞ്ഞത്.
കഴിഞ്ഞ ദിവസം തമിഴ് ചിത്രം ‘അദേഴ്‌സി’ന്റെ പ്രമോഷൻ പ്രസ് മീറ്റിനിടെയുണ്ടായ അപകീർത്തികരമായ ചോദ്യവും തുടർന്നുള്ള ഗൗരിയുടെ പ്രതികരണവും വലിയ വിവാദമായിരുന്നു. തന്റെ ഭാഗത്ത് തെറ്റില്ലെന്നും തന്നെ വേദനിപ്പിച്ചതിന് ഗൗരിയാണ് മാപ്പ് പറയേണ്ടതെന്നുമായിരുന്നു കാർത്തിക് പറഞ്ഞിരുന്നത്. എന്നാൽ വിമർശനം രൂക്ഷമായതിനെത്തുടർന്ന് ക്ഷമാപണം നടത്തുകയായിരുന്നു. ഗൗരിയെ പിന്തുണച്ച് സെലിബ്രിറ്റികൾ ഉൾപ്പെടെ നിരവധി പേർ രംഗത്തെത്തിയിരുന്നു.
ചിത്രത്തിലെ ഗാനരംഗത്തിൽ നായകൻ ഗൗരിയെ എടുത്തുയർത്തുന്ന രംഗമുണ്ട്. ഈ സീൻ ചെയ്തപ്പോൾ ഗൗരിക്ക് നല്ല ഭാരമുണ്ടെന്ന് തോന്നിയിരുന്നോ എന്നായിരുന്നു ചോദ്യം. ഇത് സിനിമയുമായി യാതൊരു ബന്ധവുമില്ലെന്നും ബോഡിഷെയ്മിങ് ചോദ്യമാണെന്നും ഗൗരി കിഷൻ തിരിച്ച് മറുപടി നൽകി. മാത്രവുമല്ല താങ്കൾ ഇപ്പോൾ ചെയ്യുന്നതിനെ ജേർണലിസമല്ലെന്നും നടി പറഞ്ഞു.









0 comments