അച്ചൻകോവിലാറ്റിൽ ഒഴുക്കിൽപ്പെട്ട വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി; സഹപാഠിക്കായി തിരച്ചിൽ

പത്തനംതിട്ട : പത്തനംതിട്ട കല്ലറക്കടവിൽ (അച്ചൻകോവിലാര്‍) ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ട് വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കിട്ടി. പത്തനംതിട്ട മാർത്തോമ്മ ഹയർ സെക്കൻഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി ചിറ്റൂർ തടത്തിൽ വീട്ടിൽ അജീബ്– സലീന ദമ്പതികളുടെ മകൻ അജ്‌സൽ അജീബ് (14) ആണ് മരിച്ചത്. സഹപാഠി വഞ്ചികപ്പൊയ്‌ക ഓലിയ്‌ക്കൽ നിസാമിന്റെ മകൻ നെബീൽ നിസാമിനെ (14) കാണാതായി. നെബീലിനായി തിരച്ചിൽ തുടരുകയാണ്.
ചൊവ്വാഴ്‌ച ഉച്ചയോടെ ഓണപരീക്ഷ കഴിഞ്ഞ് സഹപാഠികളായ എട്ട് വിദ്യാർഥികളാണ് കല്ലറക്കടവിൽ എത്തിയത്. കുട്ടികൾ ആറ്റിലിറങ്ങി മൊബൈൽ ഫോണിൽ ഫോട്ടോ എടുക്കുകയും മറ്റും ചെയ്‌തു. ആറിന് കുറുകെയുള്ള തടയണിലൂടെ നടന്ന് നീങ്ങുന്നതിനിടെയാണ് ഇരുവരും കാൽവഴുതി വീണത്. ആറ്റിൽ നിറയെ വെള്ളവും കുത്തൊഴുക്കുമുണ്ടായിരുന്നു.
പത്തനംതിട്ടയിൽനിന്നും ചെങ്ങന്നൂരിൽനിന്നും അഗ്നിരക്ഷ സേനയുടെ സ്‌കൂബ ടീം അംഗങ്ങളാണ് തെരച്ചിൽ നടത്തിയത്. സംഭവ സ്ഥലത്ത്‌നിന്നും 300 മീറ്റർ മാറി വൈകിട്ട് 3.45 ഓടെ അജ്സലിന്റെ മൃതദേഹം കണ്ടെത്തി. അജ്‌സൽ ഏക മകനാണ്. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിൽ. സംസ്‌കാരം പോസ്‌റ്റ്മോർട്ടത്തിന് ശേഷം ബുധനാഴ്‌ച.









0 comments