കൊടുവള്ളിയിൽ പുഴയിൽ കാണാതായ പത്തുവയസുകാരിയുടെ മൃതദേഹം കണ്ടെത്തി

drowning
വെബ് ഡെസ്ക്

Published on Sep 07, 2025, 03:29 PM | 1 min read

കൊടുവള്ളി : കോഴിക്കോട് പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ പത്തുവയസുകാരിയുടെ മൃതദേഹം കണ്ടെത്തി. പൊന്നാനി എംഐഎച്ച്എസ്എസ് ഗേൾസ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനി തൻഹ ഷെറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മാനിപുരം ചെറുപുഴയിൽ വെള്ളി വൈകിട്ടായിരുന്നു അപകടം. വിവാഹം കഴിഞ്ഞ വീട്ടിൽനിന്ന്‌ അലക്കാനും കുളിക്കാനുമായി പുഴയിലെത്തിയതായിരുന്നു തൻഹയും കുടുംബവും.


ഡ്രൈവറായ ബാപ്പ മുർഷിദ് സൗത്ത് കൊടുവള്ളി തലപ്പൊയിൽ സ്വദേശിയും ഉമ്മ പൊന്നാനി സ്വദേശിനിയുമാണ്. സൗത്ത് കൊടുവള്ളിയിലുള്ള പിതൃസഹോദരന്റെ വിവാഹത്തിൽ പങ്കെടുക്കാനായി നാട്ടിലെത്തിയതായിരുന്നു. വിവാഹവീട്ടിലെ തുണികൾ അലക്കാനായാണ് വെള്ളി പകൽ മൂന്നോടെ ബന്ധുക്കളായ ഏഴുപേർ ചെറുപുഴയിലെ കൊടക്കാട്ടുകണ്ടി കുളിക്കടവിൽ എത്തിയത്. കൊടുവള്ളി പൂനൂർ പുഴയിൽ ആദ്യം പോയിരുന്ന ഇവർ വെള്ളം കലങ്ങിയതിനാൽ മാനിപുരത്ത്‌ എത്തുകയായിരുന്നു. പാറയിൽ നിൽക്കുകയായിരുന്ന തൻഹ കാൽവഴുതി പുഴയിലേക്ക് വീഴുകയായിരുന്നു. സഹോദരിയെ രക്ഷിക്കാൻ എടുത്തുചാടിയ 12കാരനായ സഹോദരനും ചുഴിയിൽപ്പെട്ടു. പിതൃസഹോദരൻ രക്ഷപ്പെടുത്തിയെങ്കിലും അപ്പോഴേക്കും തൻഹയെ ഒഴുക്കിൽപ്പെട്ട് കാണാതായി.


കടവിലെ തടയണയുടെ താഴെ ഭാഗത്തായി ശക്തമായ ഒഴുക്കും കയങ്ങളും ഉള്ളതിനാൽ രക്ഷാപ്രവർത്തനം പ്രയാസകരമായി. നാട്ടുകാരും മുക്കം അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി പുഴയിൽ തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. കനത്ത മഴയെ തുടർന്ന് ചെറുപുഴയിൽ കുത്തൊഴുക്കായിരുന്നു. കലങ്ങിയ വെള്ളവും തിരച്ചിലിന് തടസമായതോടെ രാത്രി ഒമ്പതരയോടെ തിരച്ചിൽ നിർത്തിവച്ചു. നാട്ടുകാരും സന്നദ്ധ സംഘടനാ പ്രവർത്തകരും പുലർച്ചെ മൂന്നുവരെ തിരച്ചിൽ നടത്തിയിരുന്നു.


ശനിയാഴ്ചയും നാട്ടുകാരും സന്നദ്ധപ്രവർത്തകരും മുക്കം, വെള്ളിമാട്കുന്ന്, നരിക്കുനി അഗ്നിരക്ഷാസേനാംഗങ്ങളും മുങ്ങൽ വിദഗ്ധരായ സ്‌കൂബ സംഘവും സമീപത്തുള്ള വിവിധ കടവുകൾ കേന്ദ്രീകരിച്ച്‌ തിരച്ചിൽ നടത്തിയിരുന്നു. ഞായറാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്.



deshabhimani section

Related News

View More
0 comments
Sort by

Home