കണ്ണീരോർമയായി അതുല്യ; വിട നൽകി നാട്

കൊല്ലം: ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശി അതുല്യയുടെ മൃതദേഹം സംസ്കരിച്ചു. ബുധനാഴ്ച പുലർച്ചെ 4.30നാണ് മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചത്. രാവിലെ ഒമ്പതിന് കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നടത്തിയ രണ്ടാമത്തെ പോസ്റ്റ്മോർട്ടം നടപടികൾക്കുശേഷം പകൽ മൂന്നിന് തേവലക്കര കോയിവിള അതുല്യ നിവാസിൽ എത്തിച്ച് സംസ്കരിച്ചു.
കഴിഞ്ഞ 19നാണ് അതുല്യയെ ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അതുല്യയുടെ മരണശേഷം ഭർത്താവ് സതീഷ് ഉപദ്രവിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സതീഷ് ശങ്കറിന്റെ ശാരീരികവും മാനസികവുമായ ക്രൂരപീഡനം മൂലമാണ് അതുല്യ മരിച്ചതെന്ന് അച്ഛന്‍ എസ് രാജശേഖരൻപിള്ളയും അമ്മ തുളസീഭായിയും പറഞ്ഞു.
അതുല്യയുടെ അച്ഛന്‍ ചവറ തെക്കുംഭാഗം പൊലീസിന് നൽകിയ പരാതിയിൽ സതീഷ് ശങ്കറിനെതിരെ കേസെടുത്ത് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. സ്ത്രീധന പീഡനം, ശാരീരിക പീഡനം എന്നിവയ്‌ക്കെതിരായ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. ദുബായിൽ നിർമാണ കമ്പനിയിൽ എന്‍ജിനിയറാണ് സതീഷ് ശങ്കർ. സംഭവത്തിൽ ഷാർജയിലെ അൽ ഖർബ് പൊലീസും കേസെടുത്തിട്ടുണ്ട്.









0 comments