ബോബി ചെമ്മണൂരിന് വഴിവിട്ട സഹായം; ഡിഐജിക്കും സൂപ്രണ്ടിനും സസ്‌പെൻഷൻ

ബോബി ചെമ്മണ്ണൂരിനെ എറണാകുളം സെൻട്രൽ സ്റ്റേഷനിൽ എത്തിച്ചപ്പോൾ
തിരുവനന്തപുരം: എറണാകുളം ജില്ലാ ജയിലിൽ ബോബി ചെമ്മണൂരിന് വഴിവിട്ട സഹായം നൽകിയ സംഭവത്തിൽ മധ്യമേഖലാ ജയിൽ ഡിഐജി പി അജയകുമാറിനെയും ജയിൽ സൂപ്രണ്ട് രാജു എബ്രഹാമിനെയും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായയുടെ റിപ്പോർട്ടിലെ ശുപാർശ പരിഗണിച്ചാണ് നടപടി.
ജില്ലാ ജയിലിൽ ബോബി ചെമ്മണൂരിനെ മറ്റു നാലു പേർക്കൊപ്പം മധ്യമേഖലാ ജയിൽ ഡിഐജി പി അജയകുമാർ സന്ദർശിച്ചത് ഗുരുതരമായ കുറ്റമെന്ന് അന്വേഷണ റിപ്പോർട്ടിലുണ്ട്. ജയിൽ ആസ്ഥാനത്തെ ഡിഐജി എം കെ വിനോദ്കുമാറാണ് അന്വേഷണം നടത്തിയത്.
ജില്ലാ ജയിലിൽ ബോബി ചെമ്മണ്ണൂർ റിമാൻഡിൽ കഴിയുമ്പോൾ യൂണിഫോം ധരിക്കാതെ ബോബിയുടെ സുഹൃത്തുക്കൾക്കൊപ്പം പി അജയകുമാർ സ്വകാര്യ വാഹനത്തിലായിരുന്നു ജയിലിലെത്തിയത്.
വാഹനത്തിൽ മൂന്ന് വ്യക്തികൾക്ക് പുറമെ തൊട്ടുപിന്നിലെ മറ്റൊരു കാറിൽ രണ്ട് സ്ത്രീകളുമുണ്ടായിരുന്നു. ഈ സ്ത്രീകൾ ജയിൽ സൂപ്രണ്ടിന്റെ മുറിയിൽ ബോബി ചെമ്മണ്ണൂനൊപ്പം രണ്ട് മണിക്കൂറോളമുണ്ടായിരുന്നു. ഇതിനിടെ 200 രൂപയുടെ കറൻസി ബോബി ചെമ്മണ്ണൂരിന് നൽകുകയും ചെയ്തു. അറസ്റ്റ് ചെയ്‌ത് ജയിലിൽ കൊണ്ടുവരുമ്പോൾ ഒരു തുക പോലും കൈവശമില്ലാതിരുന്ന ബോബിക്ക് ഈ തുക ജയിലിലെ ഫോണിൽ നിന്ന് പുറത്തേക്ക് ബന്ധപ്പെടുന്നതിനായി നൽകിയതാണ്. ഇത് ക്രിമിനൽ കുറ്റമാണെന്നും റിപ്പോർട്ടിലുണ്ട്.
ഡിഐജിക്കൊപ്പം ഉണ്ടായിരുന്നവരുടെ വിവരങ്ങൾ രജിസ്റ്ററിൽ ഉൾപ്പെടുത്തിയില്ല. ഇത് ജയിൽ സൂപ്രണ്ട് പറഞ്ഞതനുസരിച്ചാണെന്നും ബോബി ചെമ്മണ്ണൂന്റെ പേരിൽ 200 രൂപ രജിസ്റ്ററിൽ പിന്നീട് എഴുതി ചേർത്തതാണെന്നും ജയിൽ ജീവനക്കാർ അന്വേഷണ ഉദ്യോഗസ്ഥന് മൊഴി നൽകിയിരുന്നു. ജയിൽ രേഖയിൽ തിരുത്തൽ വരുത്തുന്നതു തന്നെ ഒരു വർഷം വരെ ശിക്ഷ ലഭിക്കാവുന്ന ഗുരുതര കുറ്റമാണ്.
പി അജയകുമാറിനെതിരെ ജയിൽ വകുപ്പിലെ ഡ്രൈവറും പരാതി നൽകിയിട്ടുണ്ട്. തന്റെ ഭാര്യയെക്കുറിച്ച് അശ്ലീലപരമായ പരാമർശം നടത്തിയെന്നാണ് പരാതി. ഇതിലും അന്വേഷണം നടക്കുന്നുണ്ട്.
Related News

0 comments