'വളരെ ആത്മാർഥമായി മാപ്പ് ചോദിക്കുന്നു'; ഹൈക്കോടതിയിൽ ബോബി ചെമ്മണൂരിന്റെ അഭിഭാഷകൻ

കൊച്ചി: ഇന്നലെ ജാമ്യം കിട്ടിയിട്ടും ബോബി ചെമ്മണൂർ എന്തുകൊണ്ട് പുറത്തിറങ്ങിയില്ലെന്ന കാര്യത്തിൽ കൃത്യമായ മറുപടി പറയണമെന്ന് ഹൈക്കോടതി. ഇപ്പോൾ പറഞ്ഞതൊന്നും വിശ്വാസ യോഗ്യമല്ല. മുതിർന്ന അഭിഭാഷകനെ പോലും അപമാനിച്ച നടപടിയാണുണ്ടായതെന്നും കോടതി നിരീക്ഷിച്ചു. ബോബി ജയിലിൽനിന്ന് ഇറങ്ങാതിരുന്നതു ഗൗരവമായെടുത്ത ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു.
ഇന്നലെ 3.30 ജാമ്യം അനുവദിച്ചിട്ടും എന്തുകൊണ്ട് പുറത്തിറങ്ങിയില്ല എന്നതിന് പ്രതിഭാഗം വിശദീകരണം നൽകണം. ഇത് ശരിയായ നടപടിയല്ലെന്നും കോടതിയെ പോലും വെല്ലുവിളിക്കുന്നതിന് തുല്യമാണന്നും ചീഫ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ പറഞ്ഞു. പ്രതിഭാഗത്തിനായി അഭിഭാഷകൻ സുജേഷ് മേനോനാണ് ഹാജരായത്. ബോബി ചെമ്മണൂരിന് വേണ്ടി കോടതിയിൽ അഭിഭാഷകൻ നിരുപാധികം മാപ്പ് അപേക്ഷിച്ചു.
കോടതിക്കെതിരെയുള്ള യുദ്ധപ്രഖ്യാപനമാണ് നടത്തിയിരിക്കുന്നതെന്നും സംഭവത്തിൽ വിശദീകരണം നൽകണമെന്നും കോടതി അറിയിച്ചു. കേസ് 1.45ന് പരിഗണിക്കാൻ മാറ്റി. ഇന്നലെ പുറത്തിറങ്ങാത്തതിന്റെ കാരണം ജയിലിൽ നിന്ന് പുറത്തിറങ്ങിയതിന് ശേഷം ബോബി ചെമ്മണൂർ മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ടോ എന്ന് സർക്കാർ അഭിഭാഷകനും വ്യക്തമാക്കണം.
Tags
Related News

0 comments