കന്നേറ്റി ജലമേള ; നടുഭാഗവും നടുവിലേപ്പറമ്പനും തുല്യമായി തൂക്കി

കരുനാഗപ്പള്ളി
ഓളപ്പരപ്പിൽ ആവേശത്തിരമാല തീർത്ത 85-–ാം കന്നേറ്റി ശ്രീനാരായണ ട്രോഫി ജലോത്സവത്തിൽ നടുഭാഗം ചുണ്ടനും നടുവിലേപ്പറമ്പനും ഒന്നാംസ്ഥാനം പങ്കിട്ടു. ഇ എം ബഷീറും എച്ച് ഹക്കീമും ക്യാപ്റ്റന്മാരായ ഹൃദയം ബോട്ട് ക്ലബ്ബിന്റെ നടുഭാഗം ചുണ്ടനും പോച്ചയിൽ നാസർ ക്യാപ്റ്റനായ സംഘം കന്നേറ്റിയുടെ നടുവിലപ്പറമ്പനും ഇഞ്ചോടിഞ്ചു മത്സരത്തിലാണ് ഒന്നാംസ്ഥാനം പങ്കിട്ടത്. ഒന്നരലക്ഷം രൂപയും ശ്രീനാരായണ ട്രോഫിയും ഇവർക്ക് ലഭിക്കും. കേശവപുരം ബോട്ട് ക്ലബ്ബിന്റെ ജി മോഹനനും സനോജ് സത്യനും ക്യാപ്റ്റൻമാരായുള്ള സെന്റ് പയസ് ടെൻതിനാണ് രണ്ടാംസ്ഥാനം. സാബു സുമംഗലി ക്യാപ്റ്റനായ ഐക്യം ബോട്ട് ക്ലബ്ബിന്റെ -ഫ്രണ്ട്‌സ് ബോട്ട് ക്ലബ്ബ് സെന്റ് ജോർജ് ചുണ്ടനാണ് മൂന്നാം സ്ഥാനത്തെത്തിയത്. അവസാന നിമിഷം വരെ ആവേശം വിതറിയാണ് ചുണ്ടൻവള്ളങ്ങളുടെ ഫൈനൽ മത്സരം അവസാനിച്ചത്. മത്സരത്തിനുശേഷം വിജയികളെ സംബന്ധിച്ച് തർക്കത്തിനും കാരണമായി. ഒടുവിലാണ് രണ്ടു ടീമുകൾക്കും ഒന്നാം സ്ഥാനം പങ്കിട്ടു നൽകാൻ തീരുമാനമായത്.
തെക്കനോടി കെട്ടുവള്ളങ്ങളുടെ മത്സരത്തിൽ യുവസാരഥി ബോട്ട് ക്ലബ്ബിന്റെ പടിഞ്ഞാറെ പറമ്പൻ ഒന്നാമതെത്തി. സരിത്ത് ബാബുവാണ് ക്യാപ്റ്റൻ. ഷിഹാബ് ഒപ്റ്റിക്കൽ പാലസ് ക്യാപ്റ്റനായുള്ള തെങ്ങിൽ റോയൽസിന്റെ ചെല്ലിക്കാടനും മനുകരിമ്പാലിൽ ക്യാപ്റ്റനായ ഐക്യം ബോട്ട് ക്ലബ്ബിന്റെ കമ്പനി വള്ളവും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
തെക്കനോടിതറ വള്ളങ്ങളുടെ മത്സരത്തിൽ സംഘം കന്നേറ്റിയുടെ കാട്ടിൽതെക്കതിൽ ഒന്നാം സ്ഥാനവും അംബേദ്കർ ബോട്ട് ക്ലബ്ബിന്റെ സാരഥി രണ്ടാം സ്ഥാനവും നേടി. വെപ്പ് വള്ളങ്ങളിൽ ഗ്ലോബൽ നീലികുളത്തിന്റെ ചന്ദ്രബാബു ക്യാപ്റ്റനായ ഷോട്ട് പുളിക്കത്തറ ഒന്നാം സ്ഥാനത്തെത്തി. ബിനിൽ കെഎസ്ആർടിസി ക്യാപ്റ്റനായ ന്യൂ ടൗൺ ബോട്ട് ക്ലബ്ബിന്റെ ജയ് ഷോട്ട് ആണ് രണ്ടാം സ്ഥാനത്ത്. വിജയികൾക്ക് മത്സ്യഫെഡ് ചെയർമാൻ ടി മനോഹരൻ സമ്മാനങ്ങൾ വിതരണം ചെയ്തു.









0 comments