ലോറി തടഞ്ഞ് 3.24 കോടി തട്ടിയ കേസ് ; കൂടുതൽ ബിജെപി നേതാക്കൾക്ക് പങ്കുണ്ടെന്ന് സൂചന

കായംകുളം
പാഴ്സൽ ലോറി തടഞ്ഞ് 3.24 കോടി രൂപ തട്ടിയ കേസിൽ കേരളത്തിലും തമിഴ്നാട്ടിലും കൂടുതൽ ബിജെപി നേതാക്കൾക്ക് പങ്കുണ്ടെന്ന് സൂചന. സംഭവത്തിൽ ഇതിനകം അറസ്‌റ്റിലായവരിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സൂചന ലഭിച്ചത്. കോയമ്പത്തൂരിൽനിന്ന് വന്ന പാഴ്സൽ ലോറി കരിയിലക്കുളങ്ങര രാമപുരം ജങ്‌ഷനിൽവച്ച് 13ന് പുലർച്ചെ തടഞ്ഞുനിർത്തിയാണ് പണംതട്ടിയത്.
കേസിൽ അഞ്ച് പ്രതികളെ നേരത്തെ തമിഴ്നാട്ടിൽനിന്ന് അറസ്റ്റ് ചെയ്തിരുന്നു.
പ്രധാന പ്രതികളിലൊരാളായ ദുരൈ അരസ് ബിജെപി നേതാവാണ്. കൊള്ളസംഘം സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഉടമയായ ശ്രീറാമിനെ ചോദ്യം ചെയ്ത് വിട്ടയച്ചു. ഇയാൾ ബിജെപിയുടെയും ഒബിസി മോർച്ചയുടെയും നേതാവാണ്. ദുരൈ അരസിന്റെ സുഹൃത്താണ് ഇയാൾ. വാർത്തകൾ മാധ്യമങ്ങളിൽ വന്നതോടെ ഇരുവരെയും പുറത്താക്കിയതായി തമിഴ്‌നാട് ബിജെപി വൃത്തങ്ങൾ അറിയിച്ചു.
തട്ടിപ്പിൽ കേരളത്തിൽനിന്ന് സഹായം ലഭിച്ചിട്ടുണ്ടോ എന്ന അന്വേഷണവും നടക്കുന്നുണ്ട്. കവർച്ചാസംഘം ഉപയോഗിച്ച രണ്ട് വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തിരുന്നു. ഒമ്പതംഗ സംഘമാണ് രണ്ട് വാഹനങ്ങളിലായി എത്തി പണം കവർന്നത്. കൊല്ലം സ്വദേശിയായ സ്വർണവ്യാപാരിക്ക് നൽകാൻ ബന്ധു കൊടുത്തുവിട്ട പണമായിരുന്നു ഇത്. കരീലക്കുങ്ങര സി ഐ ജെ നിസാമുദ്ദീന്റെ നേതൃത്വത്തിലാണ് അന്വേഷണം.









0 comments