പോളണ്ടിൽ ജോലി വാഗ്‌ദാനം: 22 ലക്ഷം തട്ടിയ ബിജെപിക്കാരൻ പിടിയിൽ

കൊച്ചി: പോളണ്ടിൽ ജോലി വാഗ്ദാനംചെയ്ത് ഒമ്പതുപേരിൽനിന്ന് 22 ലക്ഷം രൂപ തട്ടിയ കേസിൽ ബ്രിട്ടീഷ് പൗരത്വമുള്ള ചങ്ങനാശേരി സ്വദേശി പിടിയിൽ. ഇയാൾ ബിജെപി പ്രവർത്തകനാണ്. ബ്രിട്ടനിലെ കൺസൾട്ടിങ് സ്ഥാപനംവഴി പണം തട്ടിയ ചങ്ങനാശേരി കുറിച്ചി കല്ലുമാടിക്കൽ വീട്ടിൽ ലക്സൺ എഫ് അഗസ്റ്റിനാണ് (45) സൗത്ത് പൊലീസിന്റെ പിടിയിലായത്. 2017ലെ ബ്രിട്ടീഷ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ സ്വതന്ത്രസ്ഥാനാർഥിയായി മത്സരിച്ച് പരാജയപ്പെട്ടയാളാണ് ലക്‌സണെന്ന് പൊലീസ് പറഞ്ഞു.
കോൺഗ്രസ് പ്രവർത്തകനായിരുന്ന ഇയാൾ അടുത്തിടെയാണ് ബിജെപിയിൽ അംഗത്വം നേടിയത്. രാജീവ് ചന്ദ്രശേഖറിൽനിന്നാണ് ബിജെപി അംഗത്വം നേടിയതെന്ന് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് വൈസ് ചെയർമാൻ കെ എഫ് വർഗീസിന്റെ സഹോദരന്റെ മകനാണ്. എറണാകുളം നോർത്ത് സ്റ്റേഷനിലെ സ്ത്രീപീഡനക്കേസിലും സെൻട്രൽ സ്റ്റേഷനിലെ സാമ്പത്തിക തട്ടിപ്പുകേസിലും പ്രതിയാണ്. പനമ്പിള്ളിനഗർ ചാക്കേയത്ത് വീട്ടിൽ അശ്വിൻ പത്രോസ് നൽകിയ പരാതിയിലാണ് അറസ്‌റ്റ്. വഞ്ചനാക്കുറ്റത്തിന് 2024ലാണ് കേസെടുത്തത്. ബ്രിട്ടനിൽ ഇയാളുടെ ഉടമസ്ഥതയിലുള്ള ‘സിയോൺ കൺസൾട്ടിങ് ലിമിറ്റഡ് യൂറോപ്പ് ആൻഡ് യുകെ’ സ്ഥാപനം പോളണ്ടിലേക്ക് തൊഴിൽ റിക്രൂട്ട്മെന്റ് നടത്തുന്നുണ്ടെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. ആദ്യം തട്ടിപ്പിൽ കുടുങ്ങിയ അശ്വിൻ, പോളണ്ടിൽ ജോലി നൽകാമെന്ന് സമൂഹമാധ്യമങ്ങളും സുഹൃത്തുക്കളുംവഴി പരസ്യം നൽകി മറ്റ് ഒമ്പതുപേരിൽനിന്ന് 22 ലക്ഷം രൂപ വാങ്ങി ലക്സണിന്റെ അക്കൗണ്ടിലേക്ക് നൽകി.
2023 ജനുവരി ഒന്നുമുതൽ 2023 ഡിസംബർ നാലുവരെയായിരുന്നു ഇടപാട്. ജോലിയും പണവും കിട്ടാതായപ്പോൾ അശ്വിൻ ഉൾപ്പെടെ പത്തുപേരും പരാതിപ്പെടുകയായിരുന്നു. ഏറ്റുമാനൂരിൽ കെഎസ്ഇബി അസിസ്റ്റന്റ് എൻജിനിയറായിരിക്കെയാണ് രാജിവച്ച് ലക്സൺ യൂറോപ്പിലേക്ക് കുടുംബസമേതം കുടിയേറിയത്. സാമ്പത്തിക ഇടപാടുകളിൽ പ്രശ്നങ്ങളുണ്ടായതോടെ ലണ്ടനിൽനിന്ന് കേരളത്തിലേക്ക് മടങ്ങി. എറണാകുളം സൗത്ത് ഇൻസ്‌പെക്ടർ പി ആർ സന്താേഷിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്. എസ്ഐ കിരൺ, എസ്‌സിപിഒ എ എം വിനോദ്, സിപിഒമാരായ വി എസ് ശരത്, ചാൾസ് എന്നിവർ ഉൾപ്പെടുന്ന സംഘമാണ് അറസ്‌റ്റ് ചെയ്‌തത്.
Highlights : സ്ത്രീപീഡനക്കേസിലും മറ്റ് സാമ്പത്തിക തട്ടിപ്പുകേസിലും പ്രതിയാണ്









0 comments