ബിജെപി–കോണ്‍ഗ്രസ്–ലീഗ് കൂട്ടുകെട്ട് ; തൊടുപുഴ നഗരസഭയില്‍ എൽഡിഎഫിനെതിരെ അവിശ്വാസം പാസായി

തൊടുപുഴ : ബിജെപി–കോൺഗ്രസ്–ലീഗ് പരസ്യ കൂട്ടുകെട്ടിൽ തൊടുപുഴ നഗരസഭ ഭരണം എൽഡിഎഫിന് നഷ്ടമായി. ബുധനാഴ്‍ച ചേർന്ന കൗൺസിലിൽ 12നെതിരെ 18 വോട്ടിനാണ് അവിശ്വാസ പ്രമേയം പാസായത്. ഇതോടെ രഹസ്യമായിരുന്ന യുഡിഎഫ്–ആർഎസ്എസ് ബന്ധം മറനീക്കി. പകൽ 11.30ന് തദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ ട്രീസ ജോസ് അധ്യക്ഷയായി ചേർന്ന യോഗത്തിലാണ് അവിശ്വാസ പ്രമേയം ചർച്ചയ്‌ക്കെടുത്തത്. 35 അംഗ കൗൺസിലിൽ അയോഗ്യനായ ഒരാളൊഴിച്ച് 34 അംഗങ്ങളും ഹാജരായി. വോട്ടെടുപ്പിലേക്ക് നീങ്ങിയപ്പോൾ ബിജെപിയുടെ എട്ട് കൗൺസിലർമാരിൽ മൂന്നുപേർ പാർടി നിർദേശമുണ്ടെന്ന് അറിയിച്ച് വിട്ടുനിന്നു. പി ജി രാജശേഖരൻ, ശ്രീലക്ഷ്മി സുദീപ്, ജയലക്ഷ്‍മി ഗോപൻ എന്നിവരാണിത്. ബാക്കിയുള്ള അഞ്ചിൽ നാലുപേർ അവിശ്വാസത്തെ പിന്തുണച്ച് വോട്ട്ചെയ്‍തു.
ബിജെപി പാർലമെന്റ് പാർടി ലീഡർ ടി എസ് രാജൻ, ജിഷാ ബിനു, ജിതേഷ് ഇഞ്ചക്കാട്ട്, കവിതാ വേണു എന്നിവരാണ് അവിശ്വാസത്തെ പിന്തുണച്ചത്. മറ്റൊരു കൗൺസിലർ ബിന്ദു പത്മകുമാർ ഹാളിൽ തുടർന്നെങ്കിലും വോട്ടെടുപ്പിൽ പങ്കെടുത്തില്ല. യുഡിഎഫിലെ 14 അംഗങ്ങളും പിന്തുണച്ചു. ഇതോടെയൊണ് അവിശ്വാസം പാസായത്.
ഏഴര മാസം മുമ്പാണ് എൽഡിഎഫിന്റെ സബീന ബിഞ്ചു ചെയർപേഴ്‍സണായി തെരഞ്ഞെടുക്കപ്പെട്ടത്. ഈ സമയത്ത് യുഡിഎഫിലെ പടലപ്പിണക്കം കാരണം മുസ്ലിംലീഗ് എൽഡിഎഫിനെ പിന്തുണച്ചിരുന്നു. മുൻ ചെയർമാൻ സനീഷ് ജോർജ് കൈക്കൂലി കേസിൽ പ്രതിയായതോടെയായിരുന്നു തെരഞ്ഞെടുപ്പ് വേണ്ടിവന്നത്.









0 comments