ട്രാവൻകൂർ പാലസ് വിൽക്കാനിട്ടിട്ടില്ല; റിപ്പോർട്ട് തള്ളി തുഷാർ
ബിജെപി കുഴൽപ്പണക്കടത്ത് ; പൊലീസ് കണ്ടെത്തൽ ഇഡി മുക്കി

സി എ പ്രേമചന്ദ്രൻ
Published on Mar 27, 2025, 12:41 AM | 4 min read
തൃശൂർ : കൊടകര കള്ളപ്പണക്കടത്തിൽ ബിജെപി നേതാക്കളുടെ പങ്ക് വ്യക്തമാക്കി കേരള പൊലീസ് നൽകിയ റിപ്പോർട്ട് ഇഡി മുക്കി. കള്ളപ്പണ ഇടപാടും ഉറവിടവും അന്വേഷിക്കാതെ കവർച്ചക്കേസ് മാത്രമാണ് ഇഡി അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. ഒപ്പം സ്ഥലക്കച്ചവട കഥയും മെനഞ്ഞു. കൊടകര സംഭവം അന്വേഷിച്ച പൊലീസ് സംഘമാണ് ബിജെപി കള്ളപ്പണ ഇടപാട് കണ്ടെത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി 41.4 കോടിയും പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ 12 കോടിയും ഉൾപ്പെടെ 53.4 കോടി കുഴൽപ്പണം ഇറക്കിയെന്നായിരുന്നു കണ്ടെത്തൽ. 23 പ്രതികളെ അറസ്‌റ്റും ചെയ്‌തു. കള്ളപ്പണക്കേസ് ആയതിനാൽ തുടരന്വേഷണത്തിനായി വിശദറിപ്പോർട്ട് ഇഡിക്ക് നൽകി. ബിജെപി ഓഫീസ് സെക്രട്ടറിയുടെ വെളിപ്പെടുത്തലിന്റെ റിപ്പോർട്ടും നൽകി. പണമിടപാടിന്റെ ചാർട്ടും ബിജെപി ഉന്നതനേതാക്കളുടെ പങ്കും ഇതിലുണ്ടായിരുന്നു. ഇഡി ഇതൊന്നും തൊട്ടില്ല.
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ, സംഘടനാ സെക്രട്ടറി എം ഗണേഷ്, സംസ്ഥാന ഓഫീസ് സെക്രട്ടറി ഗിരീശൻ നായർ എന്നിവരുടെ നിർദേശപ്രകാരം നിയമസഭാ തെരഞ്ഞെടുപ്പിൽ 41.4 കോടി ഹവാലപ്പണം ധർമരാജൻ ഇറക്കിയതായാണ് റിപ്പോർട്ട്. ഒമ്പതു ജില്ലകളിൽ പണം കൈമാറി. സുരേന്ദ്രൻ മത്സരിച്ച കോന്നിയിലും പണമെത്തി.
ഇതിൽ 3.5 കോടിയാണ് കൊടകരയിൽ കവർന്നത്. കവർച്ച നടന്നയുടൻ കെ സുരേന്ദ്രനുമായി ധർമരാജൻ ബന്ധപ്പെട്ടു. മധ്യമേഖലാ സെക്രട്ടറി കാശിനാഥൻ, ജില്ലാ ട്രഷറർ സുജയ് സേനൻ എന്നിവർ കൊടകരയിലെത്തി. പൊലീസിൽ അറിയിക്കാതെ ധർമരാജനെ ബിജെപി തശൂർ ജില്ലാകമ്മിറ്റി ഓഫീസിലെത്തിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ ആർ ഹരിയും ഓഫീസിലെത്തി. ജില്ലാ പ്രസിഡന്റ് കെ കെ അനീഷ്‌കുമാർ പ്രതിയുമായി കൂടിക്കാഴ്‌ച നടത്തി. ഈ വിവരങ്ങളെല്ലാം ഉൾപ്പെടുത്തിയ റിപ്പോർട്ട് ഇഡിക്കൊപ്പം തെരഞ്ഞെടുപ്പു കമീഷനും ആദായനികുതി വകുപ്പിനും പൊലീസ് സമർപ്പിച്ചിരുന്നു.
ഇഡി വക ധർമരാജന്റെ വ്യാജമൊഴി
കൊടകര കുഴൽപ്പണക്കേസിൽ ഇഡി നൽകിയ കുറ്റപത്രത്തിൽ, ഏജന്റ് ധർമരാജന്റേതായി കൊടുത്ത മൊഴി മുൻപ് നൽകിയ മൊഴിയിൽനിന്ന് വ്യത്യസ്തം. കൊടകരയിൽ കവർച്ച ചെയ്യപ്പെട്ടത് കുഴൽപ്പണമല്ലെന്നും ആലപ്പുഴയിലെ ട്രാവൻകൂർ പാലസിലെ സ്ഥലം വാങ്ങാൻ കൊണ്ടുവന്ന പണമാണെന്നും ധർമരാജൻ മൊഴി നൽകിയെന്നാണ് ഇഡി കുറ്റപത്രത്തിലുള്ളത്. പണത്തിന്റെ ഉറവിടം ധർമരാജൻ ഹാജരാക്കിയെന്നും ഇഡി കൊച്ചിയിലെ സാമ്പത്തിക കുറ്റവിചാരണ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.
അതേ സമയം കള്ളപ്പണം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ബിജെപിക്കായി ഇറക്കിയതാണെന്നാണ് കേരള പൊലീസിന് ധർമരാജൻ മൊഴി നൽകിയത്. കൊടകരയിൽ പണം കവർച്ചചെയ്യപ്പെട്ടതിന് പിന്നാലെ സുരേന്ദ്രനെ വിളിച്ചിരുന്നുവെന്നും മൊഴിയുണ്ട്. വാജ്‌പേയ് സർക്കാരിന്റെ കാലം മുതൽ കെ സുരേന്ദ്രനുമായി നല്ല ബന്ധമാണ് എന്നും ധർമരാജൻ മൊഴി നൽകിയിരുന്നു. ഇതിന്റെയെല്ലാം ഫോൺ രേഖകൾ സഹിതമാണ് പൊലീസ് ഇഡിക്ക് കേസ് കൈമാറിയത്.
എന്നാൽ, ഇഡിയുടെ കുറ്റപത്രത്തിൽ ഈ വിവരങ്ങളൊന്നുമില്ല. ബിജെപിയെ രക്ഷിക്കാനാണ് ആസൂത്രിത കുറ്റപത്രമെന്ന് ആരോപണമുണ്ട്. കേസിൽ ധർമരാജനെ പ്രതി ചേർത്തിട്ടുമില്ല. കോടതിയിലും പണത്തിന്റെ രേഖകൾ ഹാജരാക്കാനായില്ല.
ബിജെപി നേതാക്കളെ രക്ഷിക്കുന്നു: തിരൂർ സതീഷ്
കൊടകര കുഴൽപ്പണക്കടത്ത് കേസിൽ ഇഡി കോടതിയിൽ നൽകിയ കുറ്റപത്രം ബിജെപി നേതാക്കളെ സംരക്ഷിക്കാനെന്ന് ബിജെപി തൃശൂർ ജില്ലാ കമ്മിറ്റി ഓഫീസിലെ സെക്രട്ടറിയായിരുന്ന തിരൂർ സതീഷ്. ബിജെപി തൃശൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ ആറ് ചാക്കുകെട്ടിൽ ഒമ്പത് കോടി എത്തിച്ചതിന് താൻ സാക്ഷിയാണ്. കള്ളപ്പണ ഇടപാടിൽ ബിജെപിയിലെ ചില നേതാക്കൾക്ക് പങ്കുണ്ട്. ഇത് പുറത്തുപറഞ്ഞിട്ടും ഇതുവരെ ഇഡി മൊഴിയെടുത്തിട്ടില്ല. ഇത് ബിജെപി നേതാക്കളെ രക്ഷിക്കാനാണ്.
കുഴൽപ്പണം കടത്തുന്നത് രാജ്യദ്രോഹക്കുറ്റമാണ്. അത് അന്വേഷിക്കാൻപോലും ഇഡിക്ക് ഒഴിവില്ല. വെറുതെ പോയി കുറ്റപത്രം സമർപ്പിച്ചിട്ട് കാര്യമില്ല. കുഴൽപ്പണക്കവർച്ച നടന്നയുടൻ സംഘടനാ സെക്രട്ടറി ഉൾപ്പെടെ ബിജെപി നേതാക്കൾ കൊടകരയിലെത്തി. പണം കടത്തിയ ധർമരാജൻ അന്നത്തെ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ ഫോണിൽ വിളിച്ചു. ബിജെപിയുമായി ബന്ധമുണ്ടെന്നതിനുള്ള നൂറു ശതമാനം തെളിവാണിത്. ധർമരാജന്റെ പണം എന്തിനാണ് ബിജെപി ഓഫീസിൽ സൂക്ഷിച്ചത്. ഇതിനുള്ള ക്ലോക്ക് റൂമാണോ ബിജെപി ഓഫീസ്. പണത്തിന്റെ ഉറവിടം അന്വേഷിച്ചാൽ നേതാക്കളുടെ പങ്ക് വ്യക്തമാവും.
ഇത് ചെയ്യേണ്ടത് ഇഡിയാണ്. കവർച്ചക്കേസ് കേരള പൊലീസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചതാണ്. ഇഡി അന്വേഷിക്കേണ്ടതില്ല. കള്ളപ്പണത്തിനെതിരെ താൻ നിയമ പോരാട്ടം തുടരും. കോടതിയിൽ രഹസ്യ മൊഴി നൽകിയിട്ടുണ്ട്. സ്വകാര്യ അന്യായവും ഫയൽ ചെയ്‌തിട്ടുണ്ടെന്നും സതീഷ് പറഞ്ഞു.
ട്രാവൻകൂർ പാലസ് വിൽക്കാനിട്ടിട്ടില്ല; റിപ്പോർട്ട് തള്ളി തുഷാർ
ആലപ്പുഴയിലെ വെള്ളാപ്പള്ളി ഗ്രൂപ്പിന്റെ ട്രാവൻകൂർ പാലസ് വിൽക്കാനുണ്ടെന്ന് ആരോടും പറഞ്ഞിട്ടില്ലെന്ന് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. വാങ്ങാൻ ആരും തന്നെ സമീപിച്ചിട്ടുമില്ല. കൊടകര കുഴൽപ്പണക്കേസിൽ കവർച്ചചെയ്യപ്പെട്ട പണം തുഷാറിന്റെ ട്രാവൻകൂർ പാലസ് വാങ്ങാനായി കൊണ്ടുപോയതാണെന്ന മാധ്യമ റിപ്പോർട്ടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കൊടകര കുഴൽപ്പണക്കവർച്ചക്കേസിൽ ഇഡി കൊച്ചിയിലെ പ്രത്യേക കോടതിയിൽ നൽകിയ കുറ്റപത്രത്തിൽ കവർച്ച ചെയ്യപ്പെട്ട പണംകൊണ്ടുപോയത് ട്രാവൻകൂർ പാലസിന്റെ സ്ഥാലം വാങ്ങാനാണെന്ന് പറയുന്നുണ്ട്.
എന്നാൽ അത് തന്റെ സ്ഥാപനത്തെക്കുറിച്ചല്ല. കേസിൽ കവർച്ച ചെയ്യപ്പെട്ട പണമെത്തിച്ചത് തന്റെ ഉടമസ്ഥതയിലുള്ള സ്ഥലം വാങ്ങാനല്ല. കേസുമായി ബന്ധപ്പെട്ട് ഇഡി ബന്ധപ്പെടുകയോ മൊഴിയെടുക്കുകയോ ചെയ്‌തിട്ടില്ലെന്നും തുഷാർ പ റഞ്ഞു.
കുഴൽപ്പണം വന്ന വഴി
2021 മാർച്ച് 5
ഷംജീറും റഷീദും ചേർന്ന് 2 കോടി ബിജെപി തിരുവനന്തപുരം ഓഫീസ് ജീവനക്കാരൻ ബിനീതിന് കൈമാറി
മാർച്ച് 8
ഷംജീറും റഷീദും ചേർന്ന് 3.5 കോടി ബിനീതിന് കൈമാറി
മാർച്ച് 12
ഷംജീറും റഷീദും കൂടി 2 കോടി ബിജെപി തൃശൂർ ജില്ലാട്രഷറർ സുജയ്‌സേനന് കൈമാറി
മാർച്ച് 13
ഷംജീറും റഷീദുംകൂടി 1.5കോടി സുജയ്‌സേനന് കൈമാറി
മാർച്ച് 14
ഷംജീറും റഷീദും കൂടി 1.5കോടി സുജയ്‌സേനന് കൈമാറി
മാർച്ച് 16
ധർമരാജന്റെ സഹോദരൻ ധനരാജൻ 50 ലക്ഷം ആലുവയിൽ ബിജെപി നേതാവ് സോമശേഖരന് കൈമാറി.
മാർച്ച് 18
ഷിജിൻ 1.1 കോടി ബിജെപി ആലപ്പുഴ മേഖലാ സെക്രട്ടറി പത്മകുമാറിന് കൈമാറി
മാർച്ച് 21
ഷംജീറും ധർമരാജനും 1.40 കോടി കണ്ണൂരിൽ ബിജെപി ഓഫീസ് ജീവനക്കാരൻ ശരത്തിന് കൈമാറി.
മാർച്ച് 21
ഷംജീറും ധർമരാജനും 1.5 കോടി ബിജെപി കണ്ണൂർ മേഖലാ സെക്രട്ടറി സുരേഷിന് കൈമാറി
മാർച്ച് 22
ധർമരാജൻ 1 കോടി കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് ഉണ്ണിക്കൃഷ്ണന് കൈമാറി.
മാർച്ച് 23
ഷംജീറും റഷീദും 1.5 കോടി ആലപ്പുഴ മേഖലാ സെക്രട്ടറി പത്മകുമാറിന് കൈമാറി.
മാർച്ച് 25
റഷീദ് ഒരു കോടി പത്മകുമാറിന് കൈമാറി.
മാർച്ച് 25
ഷിജിൻ 1.1 കോടി ബിജെപി ഓഫീസ് ജീവനക്കാരൻ ബിനീതിന് കൈമാറി
മാർച്ച് 27
ധർമരാജൻ 1.5 കോടി കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് ഉണ്ണിക്കൃഷ്ണന് കൈമാറി.
മാർച്ച് 27
റഷീദ് ഒരു കോടി തൃശൂർ ജില്ലാട്രഷറർ സുജയ്‌സേനന് കൈമാറി
മാർച്ച് 29
ഷിജിൻ 1.1 കോടി ബിജെപി ഓഫീസ് ജീവനക്കാരൻ ബിനീതിന് കൈമാറി
മാർച്ച് 31
ഷിജിൻ 1.1 കോടി ബിനീതിന് കൈമാറി
ഏപ്രിൽ 3
ഷിജിൻ 6.3 കോടി തൃശൂർ ജില്ലാട്രഷറർ സുജയ്‌സേനന് കൈമാറി
എപ്രിൽ 4
ഷിജിൻ 1.4 കോടി പത്തനംതിട്ട ബിജെപി ഓർഗനൈസിങ് സെക്രട്ടറി അനിലിന് കൈമാറി.
ഏപ്രിൽ 5
പ്രശാന്ത് 1.5 കോടി തൃശൂർ ജില്ലാട്രഷറർ സുജയ്‌സേനന് കൈമാറി.
മാർച്ച് 1
4.4 കോടി സേലത്ത് കവർച്ച ചെയ്യപ്പെട്ടു.
ഏപ്രിൽ 3
3.5 കോടി കൊടകരയിൽ കവർച്ച ചെയ്യപ്പെട്ടു.









0 comments