കൂട്ടക്കുഴപ്പത്തിൽ ബിജെപി: പ്രസിഡന്റിനെ ചോദ്യംചെയ്‌ത് ഗ്രൂപ്പ് നേതാക്കൾ

പത്തനംതിട്ട
: കേരളത്തിന് പുറത്തുനിന്നുള്ളയാളെ സംസ്ഥാന പ്രസിഡന്റാക്കി ബിജെപിയിലെ തമ്മിലടി അവസാനിപ്പിക്കാമെന്ന കേന്ദ്ര നേതൃത്വത്തിന്റെ നീക്കവും പൊളിഞ്ഞു. പ്രസിഡന്റിനെ ഒരു വിഭാഗം ഹൈജാക്ക് ചെയ്യുന്നുവെന്ന പരാതിയുമായി പ്രമുഖനേതാക്കളടങ്ങുന്ന വിഭാഗം രംഗത്ത്. പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പി കെ കൃഷ്‌ണദാസ് പക്ഷത്തിനൊപ്പമാണെന്ന ആരോപണമാണ് മറ്റുനേതാക്കൾ ഉന്നയിക്കുന്നത്.
കോർ കമ്മിറ്റിയിലെ നേതാക്കൾ പങ്കെടുക്കേണ്ട യോഗം പോലും എല്ലാവരെയും അറിയിക്കാറില്ലെന്നാണ് ആക്ഷേപം.
കഴിഞ്ഞദിവസം തൃശൂരിൽ ചേർന്ന ജില്ലാ പ്രസിഡന്റുമാരുടെ യോഗത്തിലേക്ക് മുൻ പ്രസിഡന്റുമാരായ വി മുരളീധരൻ, കെ സുരേന്ദ്രൻ എന്നിവരെ വിളിക്കാത്തത് തർക്കത്തിനിടയാക്കിയിരുന്നു. മുരളീധരന്റെ വിശ്വസ്‌തനായ നിലവിലെ സംസ്ഥാന ജനറൽ സെക്രട്ടറി പി സുധീറും സുരേന്ദ്രന്റെ വിശ്വസ്‌തനായ ജനറൽ സെക്രട്ടറി സി കൃഷ്‌ണകുമാറും ഇതിനെ ചോദ്യംചെയ്‌തു. ജില്ലാ പ്രസിഡന്റുമാരുടെ യോഗത്തിന് മുൻ സംസ്ഥാന പ്രസിഡന്റുമാരെ വിളിക്കുന്ന കീഴ്‌വഴക്കം ബിജെപിയിലുണ്ട്. എന്നാൽ ‘വിളിക്കണമെന്ന് നിർബന്ധമില്ല’ എന്ന നിലപാടാണ് രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെയുള്ളവർ എടുത്തത്.
രാജീവ് ചന്ദ്രശേഖർ, പി കൃഷ്‌ണദാസ് പക്ഷത്തോട് ആഭിമുഖ്യം പുലർത്തിയാൽ വി മുരളീധരൻ–-കെ സുരേന്ദ്രൻ സഖ്യത്തിന് തിരിച്ചടിയാകും.
10 വർഷമായി ബിജെപി സംസ്ഥാന ഘടകത്തെ നിയന്ത്രിച്ചിരുന്നത് മുരളീധരനും സുരേന്ദ്രനും ചേർന്ന കൂട്ടുകെട്ടാണ്. അവരെ അപ്രസക്തരാക്കാനുള്ള നീക്കമാണ് രാജീവ് ചന്ദ്രശേഖർ നടത്തുന്നതെന്നും ഒരുവിഭാഗം ആരോപിക്കുന്നു. പുതിയ ജനറൽ സെക്രട്ടറിമാർ, വൈസ് പ്രസിഡന്റുമാർ എന്നിവരെ തെരഞ്ഞെടുക്കുന്നത് പ്രസിഡന്റ് മനഃപൂർവം വൈകിപ്പിക്കുകയാണെന്നും ആരോപണമുണ്ട്.









0 comments