വിവാദത്തിന് പിന്നിൽ എയിംസ് ഇല്ലാതാക്കൽ ; കേന്ദ്രത്തിന്റെ അനാസ്ഥ മറച്ചുപിടിക്കാൻ കേന്ദ്രസഹമന്ത്രിയും ബിജെപി നേതൃത്വവും

തിരുവനന്തപുരം
കേരളത്തിന് സുനിശ്‌ചിതമായും കിട്ടേണ്ട എയിംസ് മുട്ടാപ്പോക്ക് ന്യായങ്ങൾ നിരത്തി ഇല്ലാതാക്കാൻ ബിജെപി സംസ്ഥാന നേതൃത്വം. എയിംസ് കേരളത്തിലേക്ക് വരാതിരിക്കുന്നതിന് കാരണം കേന്ദ്രസർക്കാരിന്റെ നിഷേധാത്മക നിലപാട് മാത്രമാണ്. ഇത് മറച്ചുപിടിക്കാൻ സ്ഥലം സംബന്ധിച്ച് തർക്കമുണ്ടെന്ന് സ്ഥാപിക്കാനാണ് കേന്ദ്ര സഹമന്ത്രിമാരും ബിജെപി നേതാക്കളും ഏറ്റുമുട്ടിക്കൊണ്ടിരിക്കുന്നത്. തീരുമാനമെടുക്കേണ്ട കേന്ദ്രത്തോട് സംസ്ഥാന സർക്കാർ ഒട്ടും സംശയമില്ലാതെ തീരുമാനങ്ങൾ പറഞ്ഞിട്ടുള്ളതാണ്. ഇതൊന്നും കണ്ടില്ലെന്ന് നടിച്ചാണ് വിവാദ പ്രസ്‌താവനകളുമായി ഇവർ രംഗത്തുവരുന്നത്.
കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതിനായി സംസ്ഥാന സർക്കാർ നാല് സ്ഥലങ്ങൾ നിർദ്ദേശിച്ചിരുന്നു. ഒരെണ്ണം നിശ്ചയിക്കണമെന്ന കേന്ദ്ര ആവശ്യപ്രകാരം കോഴിക്കോട് കിനാലൂർ അന്തിമമായി നിർദ്ദേശിച്ചു. ആവശ്യമായ ഭൂമി വ്യവസായ വകുപ്പിൽ നിന്ന് ആരോഗ്യ വകുപ്പിന് കൈമാറി, 50 ഏക്കർ അധികമായി ഏറ്റെടുത്തു. ഇനി എന്താണ് തടസമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുമില്ല. വിവേചനപരമായ സമീപനം മാത്രമാണ് കാരണമെന്ന് ജനങ്ങളും മനസിലാക്കിയതോടെയാണ് ബിജെപി ക്കാർ തന്നെ വിവാദം സൃഷ്ടിക്കുന്നത്. കാസർകോട്, ആലപ്പുഴ, തൃശൂർ, നെയ്യാറ്റിൻകര തുടങ്ങി സ്ഥലങ്ങൾക്കായുള്ള വടംവലിയെന്ന പ്രതീതി പരത്തി ഉള്ള സാധ്യതകൂടി ഇല്ലാതാക്കുകയാണ്.
ഇപ്പോൾ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയെ തള്ളി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശും മുൻ കേന്ദ്ര സഹമന്ത്രി വി മുരളീധരനും രംഗത്തെത്തി. തൃശ്ശൂരിലോ ആലപ്പുഴയിലോ ഇല്ലെങ്കിൽ തമിഴ്‌നാട്ടിലേക്ക് പോയിക്കോട്ടെ എന്ന സുരേഷ് ഗോപിയുടെ നിലപാട് അംഗീകരിക്കാനാകില്ലെന്ന് ഇവർ പറയുന്നു. സ്വന്തം മന്ത്രിയെ പോലും നിയന്ത്രിക്കാനാകാത്ത പാർടി നേതാക്കളുടെ വാചകമടിക്കും ജനം അത്രയേ വിലകൽപ്പിക്കുന്നുള്ളൂവെന്ന നിലപാടാണ് മറ്റ് പാർടി നേതാക്കൾക്കുള്ളത്.
ആദ്യം കാസർകോടിന് വേണ്ടി നിന്നയാളാണ് സുരേഷ് ഗോപി. പിന്നീട് ആലപ്പുഴയ്ക്കും തൃശൂരിനും വേണ്ടിയായി. തമിഴ്‌നാടിന് കൊടുത്തോട്ടെയെന്ന നിലപാട് സംസ്ഥാനം നിർദേശിച്ച കോഴിക്കോട് എയിംസ് സ്ഥാപിക്കരുത് എന്ന ലക്ഷ്യത്തോടെയാണ്. ഇത് പൂർണമായും കേരളത്തിന്റെ താൽപര്യങ്ങൾക്ക് എതിരുമാണ്.









0 comments