തുഷാർ ഗാന്ധിക്കെതിരായ അതിക്രമം; ബിജെപി കൗൺസിലർ ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ

തിരുവനന്തപുരം: മഹാത്മാഗാന്ധിയുടെ പ്രപൗത്രൻ തുഷാർ ഗാന്ധിക്ക് നേരെയുണ്ടായ സംഘപരിവാർ അതിക്രമത്തിൽ ബിജെപി കൗൺസിലർ ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ. നെയ്യാറ്റിൻകര നഗരസഭ ബിജെപി കൗൺസിലർ കൂട്ടപ്പന മഹേഷ്, മുൻ ബിജെപി കൗൺസിലർ ഹരികുമാർ, ബിജെപി ആർഎസ്എസ് നേതാക്കളായ കൃഷ്ണകുമാർ, സൂരജ്, അനൂപ് എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിൽ വ്യാഴാഴ്ച നെയ്യാറ്റിൻകര പൊലീസ് സ്വമേധയാ കേസ് എടുക്കുകയായിരുന്നു.
പ്രതികൾ സംഘം ചേർന്ന് തുഷാർ ഗാന്ധിയുടെ വാഹനത്തിന് മുന്നിൽ നിന്ന് മാർഗ്ഗ തടസ്സം സൃഷ്ടിച്ചെന്നും മുദ്രാവാക്യം വിളിച്ചെന്നുമാണ് കേസ്. സ്ഥലത്ത് സംഘർഷസാധ്യതയുണ്ടാകുമെന്നതിനാലാണ് ബുധനാഴ്ച കേസ് രജിസ്റ്റർ ചെയ്യാത്തതെന്ന് എഫ്ഐആറിൽ പറയുന്നു.
നെയ്യാറ്റിൻകര ടിബി ജങ്ഷനിൽ ബുധൻ വൈകിട്ട് ആറിന് ഗാന്ധിയൻ ഗോപിനാഥൻ നായരുടെ പ്രതിമ അനാച്ഛാദന ചടങ്ങിനിടെയാണ് സംഭവം. ആർഎസ്എസിനെതിരായ പ്രസ്താവന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് അക്രമികൾ വഴി തടഞ്ഞ് മുദ്രാവാക്യം വിളിച്ചു. പൊലീസ് ഇടപെട്ട് പ്രവർത്തകരെ നീക്കി. അരമണിക്കൂറോളം തുഷാർഗാന്ധിയുടെ വാഹനം സംഘം തടഞ്ഞുനിർത്തി. രാജ്യത്തിന്റെ ആത്മാവിന് ക്യാൻസർ ബാധിച്ചിരിക്കുന്നുവെന്നും സംഘപരിവാറാണ് ക്യാൻസർ പടർത്തുന്നതെന്നും തുഷാർ ഗാന്ധി പ്രസംഗിച്ചിരുന്നു. ഇത് പിൻവലിച്ച് മാപ്പ് പറയണമെന്നാണ് ആർഎസ്എസ് അക്രമികൾ ആവശ്യപ്പെട്ടത്. എന്നാൽ നിലപാടിൽ മാറ്റമില്ലെന്നും പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നതായും തുഷാർഗാന്ധി വ്യക്തമാക്കി. ഗാന്ധിജിക്ക് ജയ് വിളിച്ചാണ് തുഷാർഗാന്ധി മടങ്ങിയത്.









0 comments