ബിജെപിക്ക് ഉത്തരമുണ്ടോ? കൗൺസിലറുടെ മരണത്തില്‍ ചോദ്യങ്ങളുമായി വി ജോയ്

കെ അനിൽകുമാർ, വി ജോയ്
തിരുവനന്തപുരം: തിരുവനന്തപുരത്ത് കൗൺസിലർ കെ അനിൽകുമാർ ജീവനൊടുക്കിയ സംഭവത്തിൽ ബിജെപി നേതൃത്വം ഉത്തരംപറയാതെ ഒളിച്ചോടുകയാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയ്. അനിലിന്റെ മരണത്തിന് ഉത്തരവാദി ബിജെപിയാണ്. ആത്മഹത്യാക്കുറിപ്പിലുൾപ്പെടെയുള്ള കാര്യങ്ങൾ പുറത്തുവരണമെന്നും വി ജോയ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ബിജെപി നേതൃത്വം നൽകുന്ന തിരുവനന്തപുരം ജില്ലാ ഫാം ടൂർ സഹകരണ സംഘത്തിന്റെ പ്രസിഡന്റും തിരുമല കൗൺസിലറും ബിജെപി ജില്ലാ ജനറൽ സെക്രട്ടറിയുമായിരുന്ന അനിലിനെ കഴിഞ്ഞ ദിവസമാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. സംഘത്തിന് ആറുകോടിയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്നും ബിജെപി നേതൃത്വം സഹായിച്ചില്ലെന്നും അനിൽകുമാറിന്റെ ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇത് മറച്ചുവച്ചാണ് പൊലീസിനും സിപിഐ എമ്മിനുമെതിരേ ഇല്ലാക്കഥകൾ മെനഞ്ഞ് തടിയൂരാൻ നേതൃത്വം ശ്രമിക്കുന്നത്.
അനിൽ ആത്മഹത്യ ചെയ്ത ദിവസം ഇൻക്വസ്റ്റ് തയ്യാറാക്കിക്കൊണ്ടിരിക്കുമ്പോൾ എത്തിയ മാധ്യമപ്രവർത്തകരെ ആക്രമിക്കാനുണ്ടായ പ്രകോപനം എന്താണ്? മൃതദേഹം സംസ്കരിക്കുന്നതിന് മുൻപ് എന്തിനാണ് ബിജെപി ജില്ലാ പ്രസിഡന്റ് വാർത്താസമ്മേളനം വിളിച്ച്, അനിലിന്റെ സിപിഐ എമ്മിന് പങ്കുണ്ടെന്നും, പൊലീസ് ഉപദ്രവിച്ചതാണ് ആത്മഹത്യ ചെയ്യാനുണ്ടായ കാരണമെന്നും പറഞ്ഞത്? സിപിഐ എം എപ്പോഴെങ്കിലും അനിലിനെതിരായി സമരം ചെയ്തിട്ടുണ്ടോ? അനിലിനെതിരെ പൊലീസ് ഏതെങ്കിലും സ്റ്റേഷനിൽ പരാതി സ്വീകരിക്കുകയോ കേസെടുക്കുകയോ ചെയ്തിട്ടുണ്ടോ? സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖരൻ എന്തിനാണ് അനിലിന്റെ മരണത്തെക്കുറിച്ച് ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകയോട് ധിക്കാരത്തോടെ സംസാരിച്ചത്? രണ്ട് പേജുള്ള അനിൽ എഴുതിയ ആത്മഹത്യക്കുറിപ്പിൽ സിപിഐ എമ്മിനെയോ പൊലീസിനെയോ പരാമർശിച്ചിട്ടുണ്ടോ? രണ്ട് ദിവസം മുൻപ് അനിൽ തന്നെ വന്ന് കണ്ടിരുന്നു എന്ന് സംസ്ഥാന പ്രസിഡന്റ് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു, എന്താണ് അന്ന് അനിൽ സംസാരിച്ചത്? ഇതിൽ ബിജെപിക്ക് ഒളിച്ചുവെക്കാനുള്ളതെന്താണ്?- ഈ ചോദ്യങ്ങൾക്കെല്ലാം ബിജെപി ജില്ലാ, സംസ്ഥാന നേതൃത്വം മറുപടി പറയണമെന്നും ജോയ് ആവശ്യപ്പെട്ടു.
തിരുവനന്തപുത്ത് ബിജെപി സ്ഥാപിച്ച സഹകരണസംഘങ്ങളെല്ലാം തട്ടിപ്പ് സംഘങ്ങളായി മാറിയിരിക്കുകയാണ്. വലിയ തരത്തിലുള്ള അഴിമതികളാണ് ബിജെപി കൗൺസിലർമാർ നടത്തുന്നത്. വീട് വെച്ച് നൽകാമെന്ന് പറഞ്ഞും, ഹരിത കർമസേനയുടെ പണം തട്ടിയെടുത്തും സഹകരണസംഘങ്ങളിൽ തട്ടിപ്പ് നടത്തിയും പല തരത്തിൽ അഴിമതി നടത്തുകയാണ്. അനിലിനും കുടുംബത്തിനും നീതി ലഭിക്കണം എന്നതാണ് സിപിഐ എമ്മിന്റെ ആവശ്യം. ഫാം ടൂർ സഹകരണ സംഘത്തെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്താനും മരണത്തിന് ഉത്തരവാദികളായവരെ പുറത്തു കൊണ്ടുവരാനും കഴിയണമെന്നും വി ജോയ് പറഞ്ഞു.









0 comments