കൺവൻഷൻ കൈയടക്കി ‘ടീം രാജീവ് ’; എതിർ ഗ്രൂപ്പുകാരെ ഒതുക്കി

തൃശൂർ : ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ തുടക്കമിട്ട ജില്ലാ കൺവെൻഷനിൽ കെ സുരേന്ദ്രൻ വിഭാഗത്തെ പൂർണമായി ഒതുക്കി. വി മുരളീധരൻ, പി കെ കൃഷ്‌ണദാസ് വിഭാഗത്തെയും തഴഞ്ഞു. രാജീവ് നിയോഗിച്ച പ്രത്യേക ടീമാണ് എല്ലാം കൈയടക്കിയത്. വികസിത കേരളം കൺവെൻഷൻ എന്ന പേരിൽ തൃശൂർ സിറ്റി ജില്ലയിലായിരുന്നു സംസ്ഥാനത്തെ ആദ്യ കൺവെൻഷൻ. സംസ്ഥാന അധ്യക്ഷന് റെയിൽവേ സ്‌റ്റേഷനിൽ നൽകിയ സ്വീകരണം മുതൽ കൺവെൻഷൻ വേദിയിലും സദസ്സിലുമാകെ ഗ്രൂപ്പ്‌പോരും നിഷ്‌ക്രിയതയും പ്രകടമായി.
ലുലു കൺവെൻഷൻ സെന്ററിൽ ചേർന്ന കൺവെൻഷനിൽ മുൻ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനേയും പി കെ കൃഷ്‌ണദാസിനേയും പങ്കെടുപ്പിച്ചില്ല. സുരേന്ദ്രന്റെ വിശ്വസ്‌തരായ തൃശൂർ മുൻ ജില്ലാ പ്രസിഡന്റ് കെ കെ അനീഷ്‌കുമാർ, ജനറൽ സെക്രട്ടറി കെ ആർ ഹരി എന്നിവരെയെല്ലാം കൺവെൻഷൻ നടത്തിപ്പ് സമിതിയിൽ ഒതുക്കിയിരുന്നു. കൺവെൻഷന്റെ പോസ്‌റ്ററുകളിലും സുരേന്ദ്രന്റെ ചിത്രം ഒഴിവാക്കി. സുരേന്ദ്രൻ വിഭാഗം കൺവെൻഷനിൽ പങ്കെടുത്തിരുന്നുവെങ്കിലും നിഷ്‌ക്രിയരായിരുന്നു.
കൺവെൻഷനുമായി ബന്ധപ്പെട്ട് വാർത്താസമ്മേളനം നടത്താനുൾപ്പെടെ സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രനെയാണ് സംസ്ഥാന അധ്യക്ഷൻ ചുമതലപ്പെടുത്തിയത്. ഇതെല്ലാം എതിർഗ്രൂപ്പുകളിൽ വ്യാപക പ്രതിഷേധത്തിന് ഇടയാക്കി.
ബിജെപിയുടെ 30 സംഘടനാ ജില്ലകളിലാണ് ഹൈടെക് കൺവെൻഷൻ നടത്തുന്നത്. സംസ്ഥാനത്തെ 30 സംഘടനാ ജില്ലകളിൽ 600 ലേറെ ഭാരവാഹികളെയാണ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചത്. ഇതിൽ മറ്റുഗ്രൂപ്പുകാരെയെല്ലാം ഒതുക്കി തനിക്കനുകൂലമായ ടീമുണ്ടാക്കിയാണ് രാജീവ് ചന്ദ്രശേഖർ മുന്നോട്ടുപോവുന്നത്. സുരേന്ദ്രൻ, മുരളീധരൻ, കൃഷ്‌ണദാസ് ഗ്രൂപ്പുകാർക്ക് ഇതിൽ വലിയ പ്രതിഷേധമുണ്ട്.









0 comments