തിരിച്ചടികൾ ചർച്ചയാക്കാൻ വിമതവിഭാഗം ; ബിജെപി സംസ്ഥാന സമിതി യോഗം ഇന്ന് കൊല്ലത്ത്

ജയൻ ഇടയ്ക്കാട്
Published on Sep 27, 2025, 02:25 AM | 1 min read
കൊല്ലം
കൊല്ലത്ത് ശനിയാഴ്‌ച ചേരുന്ന ബിജെപി സംസ്ഥാന സമിതിയുടെ ആദ്യയോഗത്തിൽ പ്രധാനചർച്ചയാവുക സംഘടനയിലെ പടലപ്പിണക്കങ്ങളും തിരിച്ചടികളും. സമീപകാലത്തെങ്ങും ഉണ്ടാകാത്തത്ര തിരിച്ചടികളിലും നാണക്കേടിലുമാണ് സംഘടനയിപ്പോൾ.
സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ പക്വതിയില്ലാത്ത നിലപാടുകൾ, തിരുവനന്തപുരം കോർപറേഷൻ കൗൺസിലർ അനിലിന്റെ ആത്മഹത്യ, എയിംസ് സംബന്ധിച്ച അഭിപ്രായവ്യത്യാസങ്ങൾ, ശ്രീനാരായണഗുരു ജയന്തി ആഘോഷം ഒബിസി മോർച്ചയെ ഏൽപ്പിച്ചത്, ആഗോള അയ്യപ്പസംഗമത്തിന് ബദലായി പന്തളത്ത് സംഘടിപ്പിച്ച യോഗത്തിന്റെ പരാജയം, അവിടെയുയർന്ന വർഗീയ പരാമർശങ്ങൾ, ബിജെപിയെ തള്ളിപ്പറഞ്ഞ എസ്‌എൻഡിപിയുടെയും എൻഎസ്‌എസിന്റെയും നിലപാടുകൾ... ഇവയെല്ലാം ബിജെപിയെ വലിയ പ്രതിസന്ധിയിലാഴ്‌ത്തിയിരിക്കുകയാണ്. ബിജെപിയിലെ ന്യൂനപക്ഷംവരുന്ന ഒരു വിഭാഗത്തോടുമാത്രം കൂടിയാലോചിച്ച് തനി കോർപറേറ്റ് രീതിയിൽ പ്രവർത്തിക്കുന്ന സംസ്ഥാന പ്രസിഡന്റിന് മറ്റുള്ളവരെ കൂട്ടിയോജിപ്പിക്കാനാകുന്നില്ലെന്നത് മുൻ പ്രസിഡന്റ് കെ സുരേന്ദ്രനും മുൻ കേന്ദ്രമന്ത്രി വി മുരളീധരനും നയിക്കുന്ന വിമതപക്ഷം ചർച്ചയാക്കും.
കൊല്ലം ബീച്ച് ഹോട്ടലിൽ 27 പകൽ രണ്ടുമുതൽ രാത്രി എട്ടുവരെയാണ് യോഗം. അമൃതാനന്ദമയിയുടെ ജന്മദിനാഘോഷത്തിന് എത്തുന്ന ദേശീയ പ്രസിഡന്റ് ജെ പി നദ്ദയുടെ സൗകര്യാർഥമാണ് കൊല്ലത്ത് യോഗം ചേരുന്നത്. സംസ്ഥാന ഓഫീസ് പ്രഭാരിയും ജനറൽ സെക്രട്ടറിയുമായ എസ് സുരേഷും ജനറൽ സെക്രട്ടറി അനൂപ് ആന്റണിയും നേതൃത്വംനൽകുന്ന മൂന്നാം ഗ്രൂപ്പിന്റെ കരുത്ത് പ്രകടമാക്കാനുള്ള വേദിയാക്കി യോഗത്തെ മാറ്റാനും ശ്രമം തുടങ്ങി. തദ്ദേശതെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾക്കായാണ് യോഗമെങ്കിലും ബിജെപിയുടെ ദയനീയാവസ്ഥയാകും പ്രധാനചർച്ച.









0 comments