‘പണിതിട്ടും പണിതിട്ടും...’ ഒടുവിൽ പണി തീർന്നു ; ബിജെപി ആസ്ഥാന മന്ദിരം ഉദ്‌ഘാടനം ഇന്ന്

തിരുവനന്തപുരം
മൂന്ന് തറക്കല്ലിടലിനും ഒരു പാലുകാച്ചലിനുമൊടുവിൽ ഉദ്‌ഘാടനത്തിന് ‘സജ്ജമായി’ ബിജെപി സംസ്ഥാന ആസ്ഥാനമായ കെ ജി മാരാർ ഭവൻ. പതിനഞ്ചു വർഷംമുമ്പ് തറക്കല്ലിട്ട കെട്ടിടത്തിന്റെ നിർമാണത്തിന്റെപേരിൽ ബിജെപിയിലുണ്ടായ പൊട്ടിത്തെറികൾക്കും ആക്ഷേപങ്ങൾക്കും കണക്കില്ല. കേന്ദ്രത്തിൽനിന്ന് എത്തിച്ച പണം അടിച്ചുമാറ്റിയെന്നും കെട്ടിട നിർമാണത്തിന്റെ പേരിൽ ചിലർ തടിച്ചുകൊഴുത്തുവെന്നും ആരോപണങ്ങൾ നിരവധിയാണ്. ചില തലകൾ ഉരുളുകയും ചെയ്‌തു. ബിജെപി ഭരിക്കുമ്പോൾ മുഖ്യമന്ത്രിയാകുന്നയാൾക്കുള്ള ഓഫീസ് അടക്കം ഉണ്ടെന്ന് വാർത്തകളുംവന്നു.
തമ്പാനൂർ അരിസ്‌റ്റോ ജങ്‌ഷനുസമീപത്തെ ആസ്ഥാനം പുതുക്കി പണിയാൻ 2010ലാണ് തീരുമാനിച്ചത്. ആ വർഷം ലോക്‌സഭാ പ്രതിപക്ഷ നേതാവ് എൽ കെ അദ്വാനി തറക്കല്ലും ഇട്ടു. എന്നാൽ, നിലവിലെ കെട്ടിടം പൊളിച്ചില്ല. പഴയ കെട്ടിടത്തിൽ ഓഫീസ് പ്രവർത്തനംതുടർന്നു. രണ്ടാംതറക്കല്ലിടൽ 2017 ലായിരുന്നു. ആറു മാസത്തിനകം നിർമാണം പൂർത്തിയാക്കുമെന്ന പ്രഖ്യാപനത്തോടെ തറക്കല്ലിട്ടത് അമിത് ഷാ. പക്ഷേ, നിർമാണം മുന്നോട്ടുപോയില്ല.
2019 ജൂലൈയിൽ ബിജെപി എംഎൽഎ ഒ രാജഗോപാൽ മൂന്നാംതവണ തറക്കല്ലിട്ടു. അഞ്ചുവർഷം പിന്നിട്ട് കഴിഞ്ഞവർഷം ഫെബ്രുവരി 12ന് പാലുകാച്ചൽ. ഒന്നരവർഷത്തോളം കഴിഞ്ഞ് ശനിയാഴ്‌ച ഉദ്‌ഘാടനവും.
കെട്ടിട നിർമാണത്തിന് ആദ്യഗഡുവായി 15 കോടിരൂപ സംസ്ഥാന നേതൃത്വത്തിന് ലഭിച്ചതായി വാർത്തയുണ്ടായിരുന്നു. കെട്ടിട നിർമാണ വേളയിൽ രണ്ടായിരത്തിലേറെ ലോഡ് മണ്ണ് മാറ്റിയതിലും കരാറുകാരൻ മാറിയതിലും കമീഷൻ ആരോപണം ഉയർന്നു. നിർമാണ ചുമതലയ്‌ക്കുള്ള കരാർ രണ്ടുതവണ മാറി. ആദ്യ കമ്പനിയിൽനിന്ന് സംസ്ഥാന നേതാവ് കമീഷൻ പറ്റിയതാണത്രേ രണ്ടാംകമ്പനിയുടെ വരവിനുപിന്നിൽ.









0 comments