മാധ്യമപ്രവർത്തകർക്ക് നേരെ ബിജെപി ആക്രമണം: കുറ്റക്കാരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് കെയുഡബ്ല്യുജെ

തിരുവനന്തപുരം: തിരുവനന്തപുരത്ത് തിരുമലയിലെ ബിജെപി കൗൺസിലർ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്ക് നേരെ ബിജെപി ആക്രമണം അപലപലീയമാണെന്ന് കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യുജെ) തിരുവനന്തപുരം ജില്ലാ കമ്മിറ്റി. കുറ്റക്കാരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
കെയുഡബ്ല്യുജെ ജില്ലാ ട്രഷറർ കൂടിയായ ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫർ ജി പ്രമോദിന്റെ കാമറ തകർത്തു. 24 കാമറമാൻ രാജ്കിരണിന് മർദനമേറ്റു. ന്യൂസ് 18, മാതൃഭൂമി, റിപ്പോർട്ടർ ടിവി കാമറാമാൻമാരെയും മർദിച്ചു. വനിതാ മാധ്യമപ്രവർത്തകരെ അടക്കം പിടിച്ചുതള്ളി ന്യൂസ് മലയാളത്തിന്റെയും മാതൃഭൂമിയുടെയും വനിതാ റിപ്പോർട്ടർമാരെ കയ്യേറ്റം ചെയ്തു. ബിജെപി സംസ്ഥാന, ജില്ലാ നേതാക്കളെ സാക്ഷിയാക്കി ബിജെപി പ്രവർത്തകർ നടത്തിയ മർദനത്തെ വിശേഷിപ്പിക്കാൻ ഗുണ്ടായിസമെന്നല്ലാതെ മറ്റൊരു പേരില്ല. സംഭവത്തിൽ ഡിജിപിക്ക് പരാതി നൽകുമെന്നും ജില്ലാ പ്രസിഡൻ്റ് ഷില്ലർ സ്റ്റീഫനും ജില്ലാ സെക്രട്ടറി അനുപമ ജി നായരും പ്രസ്താവനയിൽ പറഞ്ഞു.
മരിച്ച നിലയിൽ കണ്ടെത്തിയ കെ അനിൽ കുമാറിന്റെ ആത്മഹത്യാക്കുറിപ്പ് ഉൾപ്പെടെ മാധ്യമങ്ങളിൽ പുറത്തുവന്നതാണ് ബിജെപി അക്രമികളെ പ്രകോപിപ്പിച്ചത്. ബിജെപി വാർഡ് കൗൺസിൽ ഓഫീസിലാണ് അനിൽ കുമാറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൗൺസിൽ ഓഫീസിലെത്തിയ മാധ്യമപ്രവർത്തകർക്കുനേരെ ബിജെപി നേതാവ് വി വി രാജേഷിന്റെ ഉൾപ്പെടെ സാന്നിധ്യത്തിലായിരുന്നു നൂറോളം പ്രവർത്തകർ അക്രമം അഴിച്ചുവിട്ടത്.
ബിജെപി നേതൃത്വത്തിനെതിരെ അനിൽകുമാറിന്റെ ആത്മഹത്യാകുറിപ്പിൽ പരാമര്‍ശമുണ്ട്. സഹകരണ സംഘത്തിലെ സാമ്പത്തിക പ്രതിസന്ധിയിൽ പാര്‍ടി സഹായിച്ചില്ല എന്നും കുറിപ്പിലുണ്ട്. ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ ജനറൽ സെക്രട്ടറിയായിരുന്നു അനിൽ.









0 comments