ഒരുതരത്തിലും കേരളം മുന്നോട്ട് പോകരുതെന്നാണ് കേന്ദ്രത്തിൻ്റെ ആഗ്രഹം: എം വി ഗോവിന്ദൻ

കണ്ണൂർ: ഒരുതരത്തിലും കേരളം മുന്നോട്ട് പോകരുതെന്നാണ് കേന്ദ്രത്തിൻ്റെ ആഗ്രഹമെന്നും കേരളം ദരിദ്രകേരളമായി മാറണമെന്നതാണ് ബിജെപി ലക്ഷ്യമിടുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കേരള വിരുദ്ധനിലപാടാണ് കേന്ദ്രവും കേരളത്തിലെ ബിജെപിയും സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘മാനവവികസമ സൂചികയിൽ ഒന്നാമത് നിൽക്കുന്ന സംസ്ഥാനമാണ് കേരളം. ആരോഗ്യം, വിദ്യാഭ്യാസം എന്നിങ്ങനെ വിവിധ മേഖലകളിൽ കേരളം മുൻപിലാണ്. എന്നാൽ ഒരുതരത്തിലും കേരളം മുന്നോട്ട് പോകരുതെന്നാണ് കേന്ദ്രത്തിൻ്റെ ആഗ്രഹം. കേന്ദ്രമന്ത്രി ജോർജ് കുര്യൻ്റെ പ്രസ്താവനയടക്കം ഇതാണ് ചൂണ്ടിക്കാണിക്കുന്നത്’- അദ്ദേഹം പറഞ്ഞു.
കേരളം പിന്നോക്ക സംസ്ഥാനമാണെന്ന് സമ്മതിച്ചാൽ കൂടുതൽ സഹായങ്ങൾ നൽകാമെന്നാണ് കേന്ദ്രമന്ത്രി ജോർജ് കുര്യൻ പറഞ്ഞത്. കേരളം പിന്നോക്ക സംസ്ഥാനം അല്ലാത്തത് കൊണ്ടാണ് ബജറ്റിൽ കാര്യമായി ഒന്നും പ്രഖ്യാപിക്കാതിരുന്നതെന്നും കേരളം പിന്നോക്ക സംസ്ഥാനമാണെന്ന് സമ്മതിച്ചാൽ കൂടുതൽ സഹായങ്ങൾ കിട്ടും. മറ്റുള്ള സംസ്ഥാനങ്ങളെ അപേക്ഷിച്ച് വിദ്യാഭ്യാസത്തിലും സാമൂഹ്യ, അടിസ്ഥാന കാര്യങ്ങളിലും കേരളം പിന്നിലാണെന്ന് സമ്മതിക്കണം. അപ്പോൾ കമീഷൻ അത് പരിശോധിച്ച് കേന്ദ്രസർക്കാരിന് റിപ്പോർട്ട് കൊടുക്കുമെന്നുമാണ് കേന്ദ്രമന്ത്രി പറഞ്ഞത്.
കേന്ദ്രത്തിന് മുൻപിൽ പിച്ചച്ചട്ടി നീട്ടി നിൽക്കാൻ സൗകര്യമില്ലെന്നും വിവാദ പരാമർശത്തിൽ ജോർജ്ജ് കുര്യൻ മാപ്പ് പറയണമെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ജോർജ് കുര്യൻ്റെ പ്രസ്താവന കേരളത്തെ അപമാനിക്കുന്നതാണ്. കേരളത്തിലെ ജനങ്ങളെ നരകിപ്പിക്കണം എന്നാണ് കേന്ദ്രം ഉദ്ദേശിക്കുന്നത്. കേരളത്തിലെ വികസന പദ്ധതികൾ കേന്ദ്രം മാതൃകയാക്കിയതാണെന്ന് ഓർക്കണമെന്നും മന്ത്രി പറഞ്ഞു.









0 comments