കള്ളപ്പണക്കടത്തിൽ ബിജെപി വീണ്ടും പ്രതിക്കൂട്ടിൽ


സ്വന്തം ലേഖകൻ
Published on Mar 25, 2025, 12:01 AM | 1 min read
തൃശൂർ: കൊടകര കുഴൽപ്പണം ഇടപാടിനും കൊടുങ്ങല്ലൂരിലെ കളളനോട്ടടിക്കുംപിന്നാലെ വാളയാറിലും കള്ളപ്പണം കടത്തി ബിജെപി. വാളയാറിൽ 1.92 കോടിരൂപയുടെ കള്ളപ്പണവുമായി കഴിഞ്ഞ ദിവസം പൊലീസിന്റെ പിടിയിലായത് ബിജെപി ചാലക്കുടി മണ്ഡലം പ്രസിഡന്റ് പ്രിജിത്തിന്റെ സഹോദരൻ പ്രസീൽ ആണ്. പ്രസീൽ ബിജെപി പരിപാടികളിൽ സ്ഥിരസാന്നിധ്യമാണ്. കൊടകര കുഴൽപ്പണ കവർച്ചക്കേസിൽ വെള്ളിക്കുളങ്ങരയിലെ ബിജെപി പ്രവർത്തകൻ വെട്ടിയാട്ടിൽ ദീപക് പ്രതിയായിരുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റായിരുന്ന കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ളവരുടെ അറിവോടെ കർണാടകത്തിനിന്നുൾപ്പെടെയാണ് കുഴൽപ്പണം ഇറക്കിയത്.
41. 4 കോടി കടത്തിയതായി കോടതിയിൽ നൽകിയ കുറ്റപത്രത്തിൽ പറഞ്ഞിരുന്നു.
ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ ആറു ചാക്കിലായി ഒമ്പത് കോടി എത്തിച്ചതായി ഓഫീസ് സെക്രട്ടറിയായിരുന്ന തിരൂർ സതീഷും വെളിപ്പെടുത്തിയിരുന്നു. കെ സുരേന്ദ്രൻ, തൃശൂർ ജില്ലാ പ്രസിഡന്റായിരുന്ന കെ കെ അനീഷ് കുമാർ, ജനറൽ സെക്രട്ടറി കെ ആർ ഹരി തുടങ്ങിയവരുടെ പങ്കിനെക്കുറിച്ചും വെളിപ്പെടുത്തി.
നേരത്തേ കൊടുങ്ങല്ലൂരിൽ കള്ളനോട്ട് കേസിൽ ശ്രീനാരായണപുരത്തെ ബിജെപിക്കാരായ എരാശേരി രാകേഷും രാജീവും അറസ്റ്റിലായിരുന്നു. 2017ൽ ഇവരുടെ വീട്ടിൽനിന്നും കള്ളനോട്ടുകളും നോട്ടടിക്കുന്ന ഉപകരണങ്ങളും കണ്ടെടുത്തിരുന്നു.








0 comments