ജൈവവൈ​വിധ്യങ്ങളുടെ കരിമ്പുഴ

karimpuzha
avatar
സ്വന്തം ലേഖകൻ

Published on Mar 26, 2025, 11:12 AM | 1 min read

നിലമ്പൂർ : കരിമ്പുഴ വന്യജീവിസങ്കേതം ജൈവവൈ​വിധ്യങ്ങളുടെ കലവറയാകുന്നു. പശ്ചിമഘട്ട താഴ്‌വരയിൽ മനുഷ്യസ്പർശമേൽക്കാത്ത പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന 227. 970 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള കരിമ്പുഴയിൽ നടത്തിയ സർവേയിൽ 41 ഇനം തുമ്പികൾ, ആറിനം ചിത്രശലഭങ്ങൾ, 16 ഇനം പക്ഷികൾ എന്നിവയെ പുതുതായി കണ്ടെത്തി. ട്രാവൻകൂർ നേച്വർ ഹിസ്റ്ററി സൊസൈറ്റി (ടിഎൻഎച്ച്എസ്), സൊസൈറ്റി ഫോർ ട്രോപ്പിക്കൽ എക്കോളജി ആൻഡ്‌ റിസർച്ച് (സ്റ്റിയർ) വനംവകുപ്പ് എന്നിവരടങ്ങുന്ന 65 അം​ഗ​ ഗവേഷകസംഘമാണ് 21മുതൽ 23വരെ നിരീക്ഷണം നടത്തിയത്.


സർവേയിൽ ആകെ 141 ഇനം നിശാശലഭങ്ങൾ, നാലിനം ചീവിടുകൾ, 38 ഇനം ഉറുമ്പുകൾ, അഞ്ചിനം ഈച്ചകൾ, നാലിനം മീനുകൾ, പുതിയ ഇനം ഉൾപ്പെടെ 187 പക്ഷികളെ കണ്ടെത്തി. 189 ഇനം ചിത്രശലഭങ്ങൾ, 51 തുമ്പികൾ എന്നിവയെയും നിരീക്ഷിച്ചു. മമ്പാട് എംഇഎസ് കോളേജിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. അനൂപ്ദാസ്, ടിഎൻഎച്ച്എസ് റിസർച്ച് അസോസിയേറ്റും സംസ്ഥാന വൈൽഡ് ലൈഫ് ബോർഡ് അം​ഗവുമായ ഡോ. കലേഷ് സദാശിവൻ, കരിമ്പുഴ വൈൽഡ് ലൈഫ് വാർഡൻ ധനിക് ലാൽ എന്നിവരുടെ നേതൃത്വത്തിലാണ് സർവേ നടപടികൾ പൂർത്തിയാക്കിയത്. സ്റ്റിയർ ഭാരവാഹികളായ സുഭാഷ് പുളിക്കൽ, ബർണാഡ് എം തമ്പാൻ, ശബരി ജാനകി, ബ്രിജേഷ് പൂക്കോട്ടൂർ എന്നിവർ നേതൃത്വം നൽകി.



വംശനാശഭീഷണി നേരിടുന്ന ജീവികളുടെ ആവാസകേന്ദ്രം


ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (ഐയുസിഎൻ) റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയ വംശനാശഭീഷണിയുള്ള ജീവികളുടെ ആവാസകേന്ദ്രംകൂടിയാണ് കരിമ്പുഴ വന്യജീവിസങ്കേതം. യുറേഷ്യൻ പ്രാപ്പിടിയൻ, മരപ്രാവ്, ചുട്ടികഴുകൻ, പൊടിപൊന്മാൻ, മലമുഴക്കി വേഴാമ്പൽ, കാക്കരാജൻ, പോതക്കിളി, പാറനിരങ്ങൻ, മാക്കാച്ചികാട, റോസ് കുരുവി (പക്ഷികൾ), ഇരുവരയൻ ആട്ടക്കാരി, ചിത്രാം​ഗദൻ, നീല​ഗിരി നാൽക്കണ്ണി, സിലോൺ പഞ്ചനേത്രി, വെള്ളി അക്വേഷ്യ നീലി, വനദേവത (ശലഭങ്ങൾ), പുഴക്കടുവ, വടക്കൻ അരുവിയൻ (തുമ്പികൾ) എന്നിവയുടെ സാന്നിധ്യവും ശ്രദ്ധയിൽപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Home