ഗവർണർ ബിജെപി നേതാവിന്റെ കണ്ണടമാറ്റിവെക്കണം; ആരിഫ് ഖാന്റെ വഴിയേ നടക്കുന്നത് ഖേദകരം: ബിനോയ് വിശ്വം

തിരുവനന്തപുരം: ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടന്ന വഴിയേ നടക്കാൻ ശ്രമിക്കുന്നത് ഖേദകരമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.
ഭരണഘടനയുടെ പാർട്ട് ആറിലെ 153 മുതൽ 167 വരെയുള്ള അനുഛേദങ്ങൾ വായിച്ചാൽ ഗവർണർമാരുടെ അധികാരവും പരിധിയും അർലേക്കർജിയെപ്പോലുള്ള പരിണിതപ്രജ്ഞരായ നേതാക്കൾക്ക് മനസ്സിലാക്കാൻ കഴിയും. അദ്ദേഹം വിമർശിക്കുന്ന സുപ്രീം കോടതി വിധി ഭരണഘടനാ വകുപ്പുകളുടെ അടിസ്ഥാനത്തിൽ തന്നെയാണ് ഉണ്ടായിട്ടുള്ളത്.
ബിജെപി നേതാവിന്റെ കണ്ണടമാറ്റിവച്ച് ഗവർണ്ണറുടെ കണ്ണടയിലൂടെ അദ്ദേഹം കാര്യങ്ങളെ കാണുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. ആരോഗ്യകരമായ കേന്ദ്ര- സംസ്ഥാന ബന്ധങ്ങൾക്ക് കരുത്ത് പകരാനാണ് ഗവർണർ ശ്രമിക്കേണ്ടത്. അല്ലാതെ സംസ്ഥാന നിയമസഭയുടെയും സുപ്രീം കോടതിയുടെയും മേൽ അധികാരമുള്ള ഒരു പദവിയാണ് ഗവർണ്ണറുടേത് എന്ന് ചിന്തിക്കുന്നതാണ് പ്രശ്‌നം. അർലേക്കർജിക്ക് അത് മനസ്സിലാക്കാനുള്ള ഭരണഘടനാ ബോധം ഉണ്ടെന്നാണ് വിശ്വസിക്കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു.









0 comments