യുജിസി പുറത്തിറക്കിയ മാതൃകാ പാഠ്യപദ്ധതി പ്രതിലോമകരം: മന്ത്രി ആർ ബിന്ദു

തിരുവനന്തപുരം: ലേർണിംഗ് ഔട്ട്കം എന്ന് അവകാശപ്പെട്ടു കൊണ്ട് യുജിസി പുറത്തിറക്കിയ മാതൃകാ സിലബസ്, ശാസ്ത്രീയവിരുദ്ധവും പ്രതിലോമകരവുമാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു. നിലവിൽ ഒമ്പത് വിഷയങ്ങളിൽ പ്രോഗ്രാം രൂപകൽപ്പനക്കും സിലബസ് രൂപീകരണത്തിനുമായി യുജിസി പുറത്തിറക്കിയ മാതൃകാ പാഠ്യപദ്ധതിയെ കുറിച്ചായിരുന്നു മന്ത്രിയുടെ പ്രതികരണം. നീക്കം ശാസ്ത്ര വിരുദ്ധവും സംഘപരിവാർ മുമ്പോട്ടു വെക്കുന്ന ഹിന്ദുത്വ ആശയ പരിസരത്തെ വിദ്യാർത്ഥികളിൽ അടിച്ചേൽപിക്കാനുള്ള ബോധപൂർവ്വകമായ ശ്രമവുമാണെന്ന് പ്രാഥമിക പരിശോധനയിൽ തന്നെ വ്യക്തമാണെന്നും അവർ പറഞ്ഞു.
നിലവിൽ ആന്ത്രോപോളജി, കെമിസ്ട്രി, കോമേഴ്‌സ്, ഇക്കണോമിക്സ്, ജിയോളജി, ഹോം സയൻസ്, മാത്തമാറ്റിക്സ്, ഫിസിക്കൽ എഡ്യൂക്കേഷൻ, പോളിറ്റിക്കൽ സയൻസ് എന്നീ വിഷയങ്ങൾക്കായുള്ള കരട് പാഠ്യപദ്ധതിയാണ് പൊതുജനങ്ങളുടെ നിർദ്ദേശങ്ങൾക്കായി പ്രസിദ്ധീകരിച്ചിരിക്കുന്നത്. സംസ്ഥാനസർക്കാർ ഈ നിർദ്ദേശങ്ങളോടുള്ള വിയോജിപ്പ് വിശദമായി പഠിച്ച ശേഷം യുജിസിയെയും കേന്ദ്ര സർക്കാരിനെയും അറിയിക്കും. ഇതുമായി ബന്ധപ്പെട്ട വിശദമായ റിപ്പോർട്ട് തയ്യാറാക്കാൻ ഉന്നതവിദ്യാഭ്യാസ കൗൺസിലിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
മൾട്ടി ഡിസിപ്ലിനറി ഹോളിസ്റ്റിക് വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുമെന്ന് യുജിസിയും കേന്ദ്രസർക്കാരും ആവർത്തിച്ചു പറയുന്നുണ്ടെങ്കിലും മൾട്ടി ഡിസിപ്ലിനറി പഠനം, ഫ്ലെക്സിബിലിറ്റി മുതലായ ആശയങ്ങളെ പൂർണ്ണമായും തിരസ്കരിച്ചും, ഭാഷാപഠനത്തിന്റെ സാധ്യതകളെ ഒഴിവാക്കിയുമാണ് യുജിസി മാതൃക സിലബസ് പുറത്തിറക്കിയിരിക്കുന്നത്. 'രാമരാജ്യം' പോലുള്ള ആശയങ്ങൾ കോർപ്പറേറ്റ് സാമൂഹിക ഉത്തരവാദിത്തത്തിന്റെയും (CSR) സമകാലിക പരിസ്ഥിതി-സാമൂഹിക-ഭരണ ചട്ടക്കൂടുകളുടെയും (ESG) പശ്ചാത്തലത്തിൽ പര്യവേഷണം ചെയ്യണമെന്നുള്ള നിർദ്ദേശം, സുസ്ഥിരവികസന പഠനത്തിന് വേദങ്ങൾ, ഉപനിഷത്തുകൾ, അർത്ഥശാസ്ത്രം, മഹാഭാരതം തുടങ്ങിയ പുരാതന ഗ്രന്ഥങ്ങളിൽ നിന്നുള്ള ആശയങ്ങൾ ഉൾപ്പെടുത്തണമെന്ന നിർദ്ദേശം, ദീൻദയാൽ ഉപാധ്യായ, സവർക്കർ എന്നിവരുടെ ജീവചരിത്രം എലെക്റ്റിവ് പേപ്പറുകളായി ഉൾപ്പെടുത്തണമെന്ന നിർദ്ദേശം എന്നിവയെല്ലാം നമ്മുടെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ അസഹിഷ്‌ണതയും അശാന്തിയും നിറയ്ക്കുന്നതിനും ഉന്നതവിദ്യാഭ്യാസ മേഖലയുടെ നിലവാരത്തകർച്ചക്കുമാണ് വഴി വെക്കുക. കേരളത്തിൽ ഇക്കാര്യങ്ങൾ നടത്തിയെടുക്കൽ അത്ര എളുപ്പമല്ലെന്നു കണ്ടുകൊണ്ടാണ് കോടതിവിധികളെപ്പോലും മാനിക്കാതെ നിയമവിരുദ്ധമായ രീതിയിൽ ചാൻസലറെ ഉപയോഗിച്ച് ആർഎസ്എസ് പാർശ്വവർത്തികളെ സർവ്വകലാശാലകളുടെ സമുന്നത പദവികളിൽ പ്രതിഷ്ഠിക്കാൻ ശ്രമിക്കുന്നത്.
ഈ പ്രതിലോമകരമായ പാഠഭാഗങ്ങൾ നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് പോലുള്ള രാജ്യത്തെ സുപ്രധാനമായ മത്സര പരീക്ഷകളുടെ സിലബസിന്റെ ഭാഗമാക്കാനുള്ള തീരുമാനം ഏറ്റവും അപഹാസ്യവും എതിർക്കപ്പെടേണ്ടതുമാണ്. മന്ത്രി പറഞ്ഞു.









0 comments