ബിന്ദു വധക്കേസ്
കൊലപാതകം എവിടെ, എങ്ങനെ, എപ്പോള്‍? സെബാസ്‌റ്റ്യൻ ക്രൈംബ്രാഞ്ച് ചോദ്യമുനയിൽ

ബിന്ദു പത്മനാഭൻ, സെബാസ്‌റ്റ്യൻ

സ്വന്തം ലേഖകൻ
Published on Sep 26, 2025, 10:30 AM | 1 min read
ചേര്‍ത്തല: ആലപ്പുഴ കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭൻ വധക്കേസിൽ സെബാസ്‌റ്റ്യനെ കസ്‌റ്റഡിയിൽവാങ്ങി ചോദ്യംചെയ്യൽ തുടങ്ങി. ലഭിക്കുന്ന വിവരങ്ങൾ പരിഗണിച്ചാകും തെളിവെടുപ്പ് പദ്ധതി സംസ്ഥാന ക്രൈംബ്രാഞ്ച് ആവിഷ്‌കരിക്കുക. ബുധനാഴ്‌ചയാണ് ചേർത്തല കോടതി ഉത്തരവനുസരിച്ച് സെബാസ്‌റ്റ്യനെ കസ്‌റ്റഡിയില്‍ വാങ്ങിയത്. വൈദ്യപരിശോധനയ്‌ക്ക് വിധേയനാക്കി വ്യാഴാഴ്‌ച ചോദ്യംചെയ്യൽ തുടങ്ങി. അന്വേഷകസംഘം മുഴുവൻ ശേഷിയും ഉപയോഗിച്ചാകും ക്രൈംബ്രാഞ്ച് മേധാവിയുടെ ഉൾപ്പെടെ മാർഗനിർദേശം പ്രയോജനപ്പെടുത്തി ഇയാളെ ചോദ്യംചെയ്യുക.
2006ലാണ് ബിന്ദു പത്മനാഭനെ കാണാതായത്. അച്ഛനമ്മമാരുടെ വിയോഗശേഷം ഒറ്റപ്പെട്ട അവസ്ഥയിലായ ബിന്ദു വസ്‌തു വിൽപ്പനയ്‌ക്കാണ് പള്ളിപ്പുറം സ്വദേശി സെബാസ്‌റ്റ്യനുമായി ബന്ധപ്പെട്ടത്. കടക്കരപ്പള്ളിയിലെ മറ്റൊരു ഭൂമിയിടപാടുകാരനാണ് ഇവരെ പരസ്‌പരം ബന്ധിപ്പിച്ചത്. സർക്കാർ ഉദ്യോഗസ്ഥനായിരുന്ന അച്ഛന്റെ പെൻഷൻ 2006 പകുതിവരെ ബിന്ദു കൈപ്പറ്റിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ശേഷമാണ് ബിന്ദുവിന്റെ ഭൂമി വ്യാജരേഖ ചമച്ച് സെബാസ്‌റ്റ്യന്റെ നേതൃത്വത്തിൽ വിറ്റത്. ബിന്ദുവിനെ കൊന്നശേഷമാണിതെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച് എത്തിയത്.
എന്നാൽ ശാസ്‌ത്രീയ ചോദ്യംചെയ്യലിലും സെബാസ്‌റ്റ്യൻ അക്കാര്യം വെളിപ്പെടുത്തിയില്ല. നുണപരിശോധന ആവശ്യപ്പെട്ടെങ്കിലും ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി അതിൽനിന്ന് ഒഴിവായി. പിന്നീട് അന്വേഷണം വഴിമുട്ടുകയായിരുന്നു.
അടുത്തിടെ ഏറ്റുമാനൂർ സ്വദേശിനി ജെയ്‌നമ്മയുടെ തിരോധാനം അന്വേഷിച്ച കോട്ടയം ക്രൈംബ്രാഞ്ച് സെബാസ്‌റ്റ്യനിലേക്ക് എത്തിയതാണ് വഴിത്തിരിവായത്. ജെയ്‌നമ്മയുടെ മൊബൈൽഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണിത്. സെബാസ്‌റ്റ്യനെതിരെ കൊലക്കുറ്റം ചുമത്തുകയുംചെയ്‌തു.
കോട്ടയം ക്രൈംബ്രാഞ്ചിന്റെ ചോദ്യംചെയ്യലിലാണ് ബിന്ദുവിനെ കൊന്നത് സെബാസ്‌റ്റ്യൻ വെളിപ്പെടുത്തിയത്. അതോടെ ആലപ്പുഴ ക്രൈംബ്രാഞ്ച് കൊലക്കുറ്റം ചുമത്തി.
ചോദ്യങ്ങളോട് കൃത്യമായി പ്രതികരിക്കാത്ത പതിവുരീതിയാണ് ആദ്യദിവസത്തെ ചോദ്യംചെയ്യലില്‍ ഇയാൾ സ്വീകരിച്ചതെന്നാണ് വിവരം. വെള്ളിയാഴ്‌ചയോടെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷകസംഘം.
ബിന്ദുവിന്റെ വിദേശത്തുള്ള സഹോദരൻ പ്രവീൺ 2017-ല്‍ നൽകിയ പരാതിയിൽ പട്ടണക്കാട് പൊലീസ് രജിസ്‌റ്റർചെയ്‌ത കേസാണ് നിലവിൽ സംസ്ഥാന ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്.









0 comments