ബിന്ദു വധക്കേസ്; അസ്ഥികൾ ഉപേക്ഷിച്ചത് തണ്ണീർമുക്കം ബണ്ടിൽ, നിർണ്ണായക വിവരങ്ങൾ ക്രൈംബ്രാഞ്ചിന്

ആലപ്പുഴ: ചേർത്തല ബിന്ദു പത്മനാഭൻ കൊലപാതക്കേസിൽ നിർണ്ണായക വിവരങ്ങൾ ക്രൈംബ്രാഞ്ചിന് ലഭിച്ചു. തണ്ണീർമുക്കം ബണ്ടിലാണ് ബിന്ദുവിന്റെ അസ്ഥികൾ ഉപേക്ഷിച്ചതെന്ന് പ്രതി സെബാസ്റ്റ്യൻ മൊഴി നൽകി. സെബാസ്റ്റ്യനെ തണ്ണീർമുക്കം ബണ്ട് പരിസരത്തെത്തി തെളിവെടുപ്പ് നടത്താനാണ് ക്രൈംബ്രാഞ്ച് തീരുമാനം.
കൊലപാതകശേഷം സെബാസ്റ്റ്യൻ മൃതദേഹം കഷ്ണങ്ങളാക്കി പള്ളിപ്പുറത്തെ വീട്ടുപറമ്പിൽ കുഴിച്ചിടുകയായിരുന്നു. ശേഷം അസ്ഥിക്കഷണങ്ങൾ പുറത്തെടുത്ത് കത്തിക്കുകയും തണ്ണീർമുക്കം ബണ്ടിൽ ഉപേക്ഷിക്കുകയുമായിരുന്നു എന്നാണ് വിവരം. ജെയിനമ്മ കൊലക്കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനിടെയായിരുന്നു ബിന്ദു പത്മനാഭനെ കൊലപ്പെടുത്തിയത് സംബന്ധിച്ച് സെബാസ്റ്റ്യനിൽ നിന്നും വിവരങ്ങൾ ലഭിക്കുന്നത്. തുടർന്ന് ആലപ്പുഴ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയായിരുന്നു.
2006ലാണ് ബിന്ദു പത്മനാഭനെ കാണാതായത്. അച്ഛനമ്മമാരുടെ വിയോഗശേഷം ബിന്ദു വസ്‌തു വിൽപ്പനയ്‌ക്കായാണ് പള്ളിപ്പുറം സ്വദേശി സെബാസ്‌റ്റ്യനുമായി ബന്ധപ്പെട്ടത്. കടക്കരപ്പള്ളിയിലെ മറ്റൊരു ഭൂമിയിടപാടുകാരനാണ് ഇവരെ പരസ്‌പരം ബന്ധിപ്പിച്ചത്. സർക്കാർ ഉദ്യോഗസ്ഥനായിരുന്ന അച്ഛന്റെ പെൻഷൻ 2006 പകുതിവരെ ബിന്ദു കൈപ്പറ്റിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ശേഷമാണ് ബിന്ദുവിന്റെ ഭൂമി വ്യാജരേഖ ചമച്ച് സെബാസ്‌റ്റ്യന്റെ നേതൃത്വത്തിൽ വിറ്റത്. ബിന്ദുവിനെ കൊന്നശേഷമാണിതെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച് എത്തിയത്.









0 comments