ബിന്ദുവിനെ കൊലപ്പെടുത്തിയെന്ന് സെബാസ്റ്റ്യൻ; വെളിപ്പെടുത്തൽ ജെയ്നമ്മ കേസിലെ ചോദ്യംചെയ്യലിൽ

ബിന്ദു പത്മനാഭൻ, സി എം സെബാസ്റ്റ്യൻ
ആലപ്പുഴ: ചേർത്തലയിലെ ബിന്ദു പത്മനാഭൻ കൊലപാതകക്കേസിൽ കുറ്റസമ്മതം നടത്തി പിടിയിലായ ചേർത്തല പള്ളിപ്പുറം സ്വദേശി സി എം സെബാസ്റ്റ്യൻ. ജെയ്നമ്മ കേസിലെ ചോദ്യംചെയ്യലിലാണ് സെബാസ്റ്റ്യൻ കൊലപാതകവിവരം വെളിപ്പെടുത്തിയത്. ബിന്ദുവിനെ കൊലപ്പെടുത്തിയത് കേരളത്തിന് പുറത്തുവെച്ചാണെന്നാണ് സൂചന. വേളാങ്കണ്ണി, കോയമ്പത്തൂർ, കുടക്, ബംഗളൂരു എന്നിവിടങ്ങളിൽ സെബാസ്റ്റ്യനെ എത്തിച്ച് തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്ന് കോടതിയിൽ നൽകിയ കസ്റ്റഡി അപേക്ഷയിൽ അന്വേഷകസംഘം അറിയിച്ചു.
ഏറ്റുമാനൂർ സ്വദേശിനി ജെയ്‌നമ്മയെ കൊലപ്പെടുത്തിയ കേസിൽ ജൂലൈ 28 മുതൽ റിമാൻഡിലായിരുന്നു സെബാസ്‌റ്റ്യൻ. കസ്‌റ്റഡിയിൽവാങ്ങി കോട്ടയം ജില്ലാ ക്രൈംബ്രാഞ്ച് ചോദ്യംചെയ്യുന്നതിനിടെയാണ് ബിന്ദു വധക്കേസിലെ പങ്ക് തെളിഞ്ഞത്. കുറ്റസമ്മതം ലഭിച്ചതോടെയാണ് ഇയാൾക്കെതിരെ കൊലക്കുറ്റം ചുമത്തിയത്. കഴിഞ്ഞ 18-ന് വിയ്യൂര്‍ ജയിലിലെത്തി ആലപ്പുഴ ക്രൈംബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥൻ അറസ്‌റ്റ് രേഖപ്പെടുത്തിയിരുന്നു.
ബിന്ദുവിനെ കാണാനില്ലെന്നുകാട്ടി സഹോദരന്‍ പ്രവീണ്‍കുമാര്‍ 2017-ല്‍ നല്‍കിയ പരാതിയില്‍ പട്ടണക്കാട് പൊലീസ് രജിസ്‌റ്റർചെയ്‌ത കേസിലാണ് ക്രൈംബ്രാഞ്ചിന്റെ തുടരന്വേഷണം. 2002 മുതല്‍ സഹോദരിയെ കാണാനില്ലെന്നായിരുന്നു പരാതി.പ്രാഥമികാന്വേഷണത്തില്‍ 2006വരെ ബിന്ദു ജീവിച്ചിരുന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. 2006-ല്‍ ഇവര്‍ കൊല്ലപ്പെട്ടെന്നാണ് നിഗമനം. അത് സംബന്ധിച്ച വിശദ ചോദ്യംചെയ്യലിനും തെളിവ് സമാഹരണത്തിനുമാണ് സെബാസ്‌റ്റ്യനെ കസ്‌റ്റഡിയിൽ വാങ്ങിയത്.
കൊലപാതകം എന്നാണെന്നും എവിടെവച്ച് എങ്ങിനെയെന്നും മൃതദേഹം എന്തുചെയ്‌തെന്നും ഉൾപ്പെടെയുള്ള ചോദ്യങ്ങൾക്ക് ഉത്തരമാണ് ക്രൈംബ്രാഞ്ച് തേടുക. കോട്ടയം, എറണാകുളം, കണ്ണൂര്‍ എന്നിവിടങ്ങളിലും സംസ്ഥാനത്തിന് പുറത്ത് കുടക്, ബംഗളൂരു, വേളാങ്കണ്ണി, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലും സെബാസ്‌റ്റ്യനെ എത്തിച്ച് തെളിവ് സമാഹരിക്കാനാണ് അന്വേഷകസംഘത്തിന്റെ പദ്ധതി.
ബിന്ദു കൊല്ലപ്പെട്ടതായി കരുതുന്ന 2006നുശേഷം ബിന്ദുവിന്റെ പേരിലുള്ള ഭൂമി വ്യാജരേഖ ചമച്ച് തട്ടിയെടുത്തത് ഉൾപ്പെടെ മൂന്ന് കുറ്റകൃത്യത്തിൽ സെബാസ്‌റ്റ്യനെതിരെ നേരത്തെ കേസെടുത്തിരുന്നു. സംസ്ഥാന ക്രൈംബ്രാഞ്ച് ഡിറ്റക്‌ടീവ് ഇന്‍സ്‌പെക്‌ടര്‍ കെ ഹേമന്ത്കുമാറാണ് നിലവിലെ അന്വേഷണ ഉദ്യോഗസ്ഥൻ. ബുധനാഴ്‌ച കേസ് പരിഗണിച്ചപ്പോൾ ക്രൈംബ്രാഞ്ചിനായി അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ എം വിനോദ് ഹാജരായി.









0 comments