ബിന്ദുവിനെ വ്യാജമോഷണക്കേസിൽ കുടുക്കിയതാണെന്ന് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം:
തിരുവനന്തപുരം പനവൂര്‍ സ്വദേശിനി ബിന്ദു (36)വിനെതിരെയുള്ള മാല മോഷണക്കേസ് കെട്ടിച്ചമച്ചതാണെന്ന് ക്രൈംബ്രാഞ്ച്. മോഷണക്കുറ്റം ആരോപിച്ച് പേരൂര്‍ക്കട പോലീസ് സ്‌റ്റേഷനില്‍വച്ച് മാനസികമായി പീഡിപ്പിച്ചെന്ന ബിന്ദുവിന്റെ പരാതിയിലാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. തന്റെ വീട്ടിൽ ജോലിക്കെത്തിയ ബിന്ദു മാല മോഷ്‌ടിച്ചെന്ന അന്പലമുക്ക് സ്വദേശി ഓമന ഡാനിയലിന്റെ പരാതിയിലാണ് പേരൂർക്കട പൊലീസിന്റെ നടപടി. മറവി രോഗമുളള ഓമന സ്വന്തം വീട്ടിലെ സോഫയ്ക്ക് താഴെ മാല വച്ചുമറന്നുവെന്നും പിന്നീട് ഇത് കണ്ടെത്തിയതായും ഇക്കാര്യം പൊലീസിനെ അറിയിച്ചിരുന്നെന്നും അന്വേഷകസംഘം പറയുന്നു.
മാല വീടിനുപിന്നിലെ ചവറുകൂനയിൽനിന്നും കണ്ടെത്തിയെന്ന പേരൂർക്കട പൊലീസിന്റെ വാദം തെറ്റാണ്. ബിന്ദുവിനെ കസ്റ്റഡിയിൽ എടുത്തത് ന്യായീകരിക്കാനാണ് ഈ വാദം ഉയർത്തിയത്. പേരൂർക്കട എസ്എച്ച്ഒ ശിവകുമാറിനെതിരെ വകുപ്പുതല നടപടിക്കും വീട്ടുടമ ഓമന ഡാനിയലിനെതിരെ കേസടുക്കാനും ശുപാർശ ചെയ്തതായാണ് വിവരം.
സ്ത്രീകളെ രാത്രി കസ്റ്റഡിയിൽ വയ്ക്കരുതെന്ന ചട്ടംലംഘിച്ചെന്നും ഭക്ഷണംപോലും നിഷേധിച്ചെന്നും കണ്ടെത്തി.
ഏപ്രിൽ 23-നാണ് ഓമന പരാതി നൽകിയത്. ബിന്ദുവിനെ കസ്റ്റഡിയിലെടുത്ത പൊലീസ് രാത്രിമുഴുവൻ അവരെ സ്റ്റേഷനിലിരുത്തി ചോദ്യം ചെയ്തു. പിറ്റേദിവസം പകൽ 12 വരെ വീട്ടുകാരെപ്പോലും അറിയിക്കാതെ അനധികൃതമായി കസ്റ്റഡിയിൽ വച്ചു. മാല കിട്ടിയതായി ഓമന പൊലീസിനെ അറിയിച്ചതിനെതുടർന്ന്, ബിന്ദുവിനെ വിട്ടയച്ചു. ബിന്ദു മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും പരാതി നൽകിയതിനെതുടർന്ന് അന്വേഷണം ക്രൈബ്രാഞ്ചിന് കൈമാറി. ഡിവൈഎസ്‌പി കെ എ വിദ്യാധരന്റെ നേതൃത്വത്തിലാണ് അന്വേഷണം. അന്തിമ റിപ്പോർട്ട് ഉടൻ കോടതിയിൽ സമർപ്പിക്കും.
ബിന്ദുവിനെ കൈവിടാതെ
സംസ്ഥാന സർക്കാർ
തിരുവനന്തപുരം
ബിന്ദുവിനെ നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്ത് മാനസികമായി പീഡിപ്പിച്ച സംഭവത്തിൽ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ആദ്യഘട്ടത്തിൽതന്നെ സംസ്ഥാന സർക്കാർ നടപടിയെടുത്തിരുന്നു. പേരൂർക്കട പൊലീസ് സ്‌റ്റേഷനിലെ ഇൻസ്പെക്ടർ എസ് ജി പ്രസാദ്, എഎസ്‌ഐ പ്രസന്നൻ എന്നിവരെ സസ്പെൻഡ് ചെയ്യുകയും എസ്എച്ച്ഒയെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.
മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും ബിന്ദു നൽകിയ പരാതിയിൽ അന്വേഷണത്തിന് കന്റോൺമെന്റ് അസി. കമീഷണറെയും വകുപ്പുതല അന്വേഷണത്തിന് ശംഖുമുഖം അസി. കമീഷണറെയും നിയോഗിച്ചിരുന്നു. പിന്നീട് മനുഷ്യാവകാശ കമീഷന്റെ നിർദേശത്തെതുടർന്ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ബിന്ദുവിനെ മന്ത്രി വി ശിവൻകുട്ടി വീട്ടിലെത്തി കാണുകയും എല്ലാ സഹായവും ഉറപ്പാക്കുകയും ചെയ്തിരുന്നു.









0 comments