മദ്യകുപ്പികളിൽ ടാഗ്; മോഷണം തടയാൻ ബെവ്‌കോയുടെ പുതിയ സംവിധാനം

തിരുവനന്തപുരം: തിരക്കിനിടയിൽ ജീവനക്കാരെ പറ്റിച്ച് മദ്യകുപ്പികൾ മോഷ്‌ടിക്കുന്നവർക്ക് ബിവ്‌റെജസ് കോർപ്പറേഷന്റെ ലോക്ക്. ഔട്ട്‌ലെറ്റുകളിൽ നിന്ന് തുടർച്ചയായി മദ്യകുപ്പികൾ മോഷണം പോകുന്നത് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി. ഇതുമായി പുറത്തുകടന്നാൽ സെൻസറിൽ നിന്ന് ശബ്ദം ഉണ്ടാകും. മോളുകളിലും വസ്‌ത്രവ്യാപാരസ്ഥാപനങ്ങളിലുമൊക്കെയുള്ള എഎംഇഎഎസ് ടാഗ് സംവിധാനമാണ് ബെവ്‌കോയും നടപ്പാക്കുന്നത്.
പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം പവർഹൗസിലെ ഷോപ്പിലാണ് സംവിധാനം ആദ്യമായി സ്ഥാപിച്ചത്. ഇത് സാങ്കേതികമായി വിജയിക്കുന്ന പക്ഷം കേരളത്തിലെ എല്ലാ ചില്ലറവിൽപ്പന ശാലകളിലും ടാഗിങ് സംവിധാനം ഏർപ്പെടുത്തും.
ഓണം, ക്രിസ്മസ്, ന്യൂയർ പോലെയുള്ള തിരക്കേറിയ സീസണുകളിൽ ജീവനക്കാർക്ക് തിരക്ക് നിയന്ത്രിക്കുക ബുദ്ധിമുട്ടാണ്. സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടും ചിലപ്പോൾ മോഷണങ്ങൾ ശ്രദ്ധയിൽപ്പെടാതെ പോകും. ഈ സാഹചര്യത്തിലാണ് ടാഗ് സംവിധാനം ഏർപ്പെടുത്തി മോഷണം തടയാൻ കോർപ്പറേഷൻ തീരുമാനിച്ചത്. കുപ്പികളിൽ ഘടിപ്പിച്ചിട്ടുള്ള ഈ ടാഗുകൾ ഉപഭോക്താവിന് സ്വയം നീക്കം ചെയ്യാൻ കഴിയില്ല.
ബില്ലിങ് വിഭാഗത്തിൽ പ്രത്യേകം ഏർപ്പെടുത്തിയിട്ടുള്ള മാഗ്നെറ്റിക് ഡിസ്മാന്റ്‌ലർ വഴി മാത്രമേ ഇത് നീക്കം ചെയ്യാൻ കഴിയൂ. അതിനാൽ കുപ്പി ഒളിപ്പിച്ച് കടത്തുക അസാധ്യമാകും.









0 comments