തിരികെയെത്തിയ പ്രവാസികളെ ബാങ്കുകൾ പിന്തുണയ്ക്കണം: പി ശ്രീരാമകൃഷ്ണൻ

തിരുവനന്തപുരം: തിരികെയെത്തിയ പ്രവാസികൾക്ക് സംരംഭങ്ങൾ തുടങ്ങുന്നതിന് ആവശ്യമായ വായ്പ ലഭ്യമാക്കി ബാങ്കുകൾ പിന്തുണയ്ക്കണമെന്ന് നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ. പ്രവാസി സംരംഭക വായ്പാ പദ്ധതിയുമായി (എൻഡിപിആർഇഎം) ബന്ധപ്പെട്ട് വായ്പ ലഭ്യമാക്കുന്ന ബാങ്ക് പ്രതിനിധികളുടെ യോഗം തിരുവനന്തപുരം റസിഡൻസി ടവറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ക്രെഡിറ്റ് ഡിപ്പോസിറ്റ് റേഷ്യോയിൽ (സിഡി റേഷ്യോ) മുന്നിൽ നിൽക്കുന്ന ബാങ്കുകൾ പോലും സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള വായ്പ ലഭ്യമാക്കി സഹകരിക്കുന്നില്ലെന്ന് പ്രവാസികൾക്ക് പരാതിയുണ്ട്. വായ്പ ലഭ്യമാക്കുന്നതിനുള്ള നടപടിക്രമം ഒരു വർഷം വരെ വൈകുന്നതായും ആക്ഷേപമുണ്ട്. തിരികെയെത്തിയ പ്രവാസികൾക്ക് സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് ആവശ്യമായ സഹായം നൽകുന്ന നോർക്ക റൂട്ട്‌സിന്റെ പുനരധിവാസ പദ്ധതിയാണ് എൻഡിപിആർഇഎം. കേരളത്തിൽ മാത്രമാണ് ഇത്തരത്തിലുള്ള ഒരു പദ്ധതിയുള്ളത്. എംഎസ്എംഇ പദ്ധതി പ്രകാരം സംസ്ഥാനത്ത് ആയിരക്കണക്കിന് പുതിയ സംരംഭങ്ങൾ വരുന്നുണ്ടെന്നും പി ശ്രീരാമകൃഷ്ണൻ പറഞ്ഞു.
പ്രവാസി സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനും വായ്പകൾ ലഭ്യമാക്കുന്നതിനുമായി ബാങ്കുകളുമായി സഹകരിച്ച് ലോൺ മേളകൾ സംഘടിപ്പിക്കാൻ തയാറാണെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച നോർക്ക വകുപ്പ് സെക്രട്ടറി എസ് ഹരികിഷോർ പറഞ്ഞു. തിരിച്ചുവന്ന പ്രവാസികളുടെ എണ്ണം വർധിച്ചിട്ടുണ്ടെന്നും അവരെ ശാക്തീകരിക്കേണ്ടത് അനിവാര്യമാണെന്നും അതിനുള്ള പദ്ധതിയാണ് എൻഡിപിആർഇഎം എന്നും മുഖ്യപ്രഭാഷണം നടത്തിയ കാനറ ബാങ്ക് ഡെപ്യുട്ടി ജനറൽ മാനേജർ അജയ് കുമാർ സിംഗ് പറഞ്ഞു.
എൻഡിപിആർഇഎം പദ്ധതി മുഖേന 9000 സംരംഭങ്ങൾ തുടങ്ങുന്നതിനും നേരിട്ടും അല്ലാതെയും 25,000 പേർക്ക് തൊഴിലവസരം ഒരുക്കുന്നതിനും സാധിച്ചതായി പദ്ധതി അവതരണം നിർവഹിച്ച നോർക്ക റൂട്ട്‌സ് സിഇഒ അജിത്ത് കോളശേരി പറഞ്ഞു. സംരംഭങ്ങൾ വളർത്തിയെടുക്കുന്നതിനായി 681 കോടി രൂപ വിനിയോഗിച്ചു. 2025-26 സാമ്പത്തികവർഷം 2000 പുതിയ സംരംഭങ്ങൾ യാഥാർഥ്യമാക്കുന്നതിനാണ് നോർക്ക റൂട്ട്‌സ് ലക്ഷ്യമിട്ടിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
വായ്പാ അപേക്ഷകൾ നിരസിക്കുന്നുണ്ടെങ്കിൽ അക്കാര്യം എത്രയും വേഗം അപേക്ഷകനെ അറിയിക്കണമെന്ന് പദ്ധതി അവതരണം നിർവഹിച്ച സിഎംഡി അസോസിയേറ്റ് പ്രൊഫസർ പി ജി അനിൽ പറഞ്ഞു. എൻഡിപിആർഇഎം പദ്ധതിയുടെ നടപടികൾ ഓൺലൈൻ പ്ലാറ്റ്‌ഫോം മുഖേനയാക്കണമെന്നും തിരികെയെത്തിയ പ്രവാസി അപേക്ഷകർക്ക് സാമ്പത്തിക സാക്ഷരത ഉറപ്പാക്കണമെന്നും ബാങ്ക് പ്രതിനിധികൾ നിർദേശിച്ചു. വായ്പകൾ തിരിച്ചടവ് മുടങ്ങി പ്രവർത്തനരഹിത ആസ്തിയായി (എൻപിഎ) മാറുന്നത് തങ്ങൾ നേരിടുന്ന വെല്ലുവിളിയാണെന്ന് ബാങ്ക് പ്രതിനിധികൾ പറഞ്ഞു. വായ്പകൾ എൻപിഎ ആയി മാറാതിരിക്കാൻ പ്രവാസി സംരംഭകർ ശ്രദ്ധിക്കണമെന്നും ബാങ്ക് പ്രതിനിധികൾ പറഞ്ഞു. പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ കെ സി സജീവ് തൈക്കാട്, നോർക്കയുമായി സഹകരിക്കുന്ന 19 ബാങ്കുകളുടെ പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.









0 comments