ബാലരാമപുരം കൊലപാതകം; പ്രതി ഹരികുമാറിന്റെ മാനസികനില പരിശോധിക്കണമെന്ന് കോടതി

തിരുവനന്തപുരം: ബാലരാമപുരം കോട്ടുകാൽകോണത്ത് രണ്ടുവയസ്സുകാരി ദേവനന്ദയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ പ്രതി ഹരികുമാറിന്റെ മാനസികനില പരിശോധിക്കണമെന്ന് കോടതി. ഹരികുമാറിനെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടുകൊണ്ടായിരുന്നു നെയ്യാറ്റിൻകര ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ നിർദ്ദേശം. കൊലപാതകത്തിന്റെ ദുരൂഹതകൾ നീക്കുന്നതിനുള്ള തീവ്ര ശ്രമത്തിലാണ് പൊലീസ്.
രാവിലെയോടെ പ്രതി ഹരികുമാറിനെ കോടതിയിൽ പൊലീസ് ഹാജരാക്കി. തുടർന്ന് ചോദ്യം ചെയ്യലിനായി 3 ദിവസത്തെ കസ്റ്റഡി അനുവദിച്ചു. പ്രതിക്ക് മാനസിക അസ്വാസ്ഥ്യം ഉണ്ടോ എന്നറിയാൻ മജിസ്ട്രേറ്റ് ഇയാളുമായി സംസാരിച്ചു. പ്രതിക്ക് മാനസിക അസ്വാസ്ഥ്യം ഇല്ലെന്നാണ് കോടതിയുടെ പ്രാഥമിക വിലയിരുത്തൽ. എന്നാൽ ഇക്കാര്യത്തിൽ വിശദമായ പരിശോധന നടത്താൻ കോടതി പൊലീസിന് നിർദ്ദേശം നൽകി.
പ്രതിക്ക് വൈദ്യസഹായം ആവശ്യമാണെന്ന് പ്രതിഭാഗം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ എത്തിച്ച് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. ഹരികുമാറിനെ ഉടൻ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കും.
കൊലചെയ്യുന്നതിന് മുമ്പ് ഹരികുമാർ നടത്തിയ ഫോൺ ചാറ്റുകൾ, ദേവേന്ദുവിനെ കിണറ്റിൽ കൊണ്ടിടാനുള്ള കാരണം, മുറിക്കുള്ളിൽ തീയിട്ടതിന്റെയും വിറക് പുരക്ക് സമീപം കയർകെട്ടിതൂക്കിയതിന്റെയും കാരണം എന്നിവയും അന്വേഷിക്കും. ദേവേന്ദുവിന്റെ കൊലപാകത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് കുട്ടിയെ വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉറങ്ങിക്കിടന്ന കുട്ടിയെ രാവിലെ മുതൽ കാണാനില്ലെന്ന് രക്ഷിതാക്കൾ പൊലീസിന് പരാതി നൽകിയിരുന്നു. തുടർന്ന് ബാലരാമപുരം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിന്റെ മൃതദേഹം കിണറ്റിൽ നിന്ന് കണ്ടെത്തിയത്.









0 comments