ബാലരാമപുരത്തെ കുഞ്ഞിന്റെ കൊലപാതകം; അമ്മയെയും പ്രതി ചേർക്കും

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടു വയസുകാരിയെ കിണറ്റിലെറിഞ്ഞു കൊന്ന കേസിൽ അമ്മ ശ്രീതുവിനെയും പ്രതി ചേർക്കും. ചോദ്യം ചെയ്യലിൽ ലഭിച്ച മൊഴികളിലെ വൈരുദ്ധ്യത്തിന്റെ അടിസ്ഥാനത്തിലാണ് അമ്മയെ പ്രതി ചേർക്കാൻ പൊലീസ് തീരുമാനിച്ചത്. ശ്രീതുവിന്റെ ഫോൺ പരിശോധിച്ചതിൽ നിന്ന് സഹോദരൻ ഹരികുമാറുമായുള്ള ചാറ്റുകളിൽ നിന്ന് നിർണായക വിവരം ലഭിച്ചെന്നും റിപ്പോർട്ടുണ്ട്.
അതേസമയം മൃതദേഹം പോസ്റ്റുമോർട്ടം പൂർത്തിയാക്കി കുടുംബവീട്ടിലെത്തിച്ചു. കുടുംബവീടിനടുത്തുള്ള മറ്റൊരു വീട്ടിൽ പൊതുദർശനത്തിന് വെച്ചു. കുടുംബവീട്ടുവളപ്പിൽ അൽപസമയത്തിനകം സംസ്കരിക്കും.
ഹരികുമാറിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കുട്ടിയെ കൊലപ്പെടുത്തിയത് താനാണെന്ന് ഹരികുമാർ സമ്മതിച്ചിരുന്നുവെങ്കിലും എന്തിനാണ് കൊന്നതെന്ന കാര്യത്തിൽ വ്യക്തമായ മറുപടി നൽകിയിരുന്നില്ല. കുടുംബാങ്ങളെ ചോദ്യം ചെയ്തതിൽ വൈരുദ്ധ്യമുണ്ടെന്ന് പൊലീസ് നേരത്തെ പറഞ്ഞിരുന്നു. അച്ഛനൊപ്പമായിരുന്നു കുട്ടിയെ ഉറക്കാൻ കിടത്തിയതെന്നായിരുന്നു ശ്രീതുവിന്റെ മൊഴി, എന്നാൽ ശ്രീജിത്തിനെ ചോദ്യം ചെയ്തപ്പോൾ അമ്മയ്ക്കൊപ്പമായിരുന്നു കുട്ടിയെന്നായിരുന്നു വെളിപ്പെടുത്തൽ.
കുട്ടിയുടെ അച്ഛനെയും മുത്തശ്ശിയെയും വിട്ടയച്ചു. അയൽവാസികളുടെ മൊഴികളിൽ നിന്ന് ശ്രീതു പറയുന്നതിൽ കഴമ്പില്ലെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ് എത്തിയത്. മൊഴികളിലെ വൈരുദ്ധ്യങ്ങൾ പരിശോധിച്ചുവരുകയാണ്.









0 comments